ഫോർട്ട് കൊച്ചിയുടെ മറന്നുപോയ ചരിത്രാവശിഷ്ടം
കാറ്റിന്റെ കഥ പറയുന്ന ഇരുമ്പ് ഏണി

ഫോർട്ട് കൊച്ചി ബീച്ചിലെ കൂറ്റൻ ആൽമരത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന ഇരുമ്പ് ഏണി
മട്ടാഞ്ചേരി
ഫോർട്ട് കൊച്ചി ബീച്ചിലെ കൂറ്റൻ ആൽമരത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന ഇരുമ്പ് ഏണിയും പ്ലാറ്റ്‌ഫോമും ചരിത്രകൗതുകമാകുന്നു. ആൽമരത്തിന്റെ വേരുകളും തടിയും ഭാഗികമായി വിഴുങ്ങിയ നിലയിലാണ് ഇരുമ്പ് ഘടന. സമീപത്ത് കൽക്കെട്ടിന്റെ അവശിഷ്ടങ്ങളുമുണ്ട്.
ഇവിടെ കാറ്റിന്റെ വേഗവും ദിശയും അളക്കുന്നതിനുള്ള സംവിധാനമുണ്ടായിരുന്നുവെന്നും മുകളിൽ അനീമോമീറ്ററിന് സമാനമായ ഉപകരണം കണ്ടിരുന്നതായും പഴയ തലമുറയിലെ ചിലർ ഓർമിക്കുന്നു.
കാലാവസ്ഥാ നിരീക്ഷണ പ്ലാറ്റ്‌ഫോമോ കപ്പലുകൾക്ക് സൂചന നൽകുന്നതിനുള്ള സിഗ്നൽസംവിധാനത്തിന്റെ ഭാഗമോ ആയിരിക്കാമെന്ന് കൊച്ചിയിലെ ചരിത്രന്വേഷകരും അഭിപ്രായപ്പെടുന്നു.
സമീപത്തെ പാർക്കിൽ മഴയുടെ അളവ് രേഖപ്പെടുത്തുന്നതിനുള്ള റെയിൻഗേജ് ഉണ്ടായിരുന്നതായും അവർ പറയുന്നു. 1839-ൽ വില്യം വെവെൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 1836, 1837 വർഷങ്ങളിലെ കൊച്ചിയിലെ വേലിയേറ്റ നിരീക്ഷണങ്ങൾ പരാമർശിക്കുന്നുണ്ട്.
കൊച്ചിയിൽ കടലിന്റെ ചലനങ്ങളെക്കുറിച്ച് ശാസ്ത്രീയ നിരീക്ഷണങ്ങൾ നടന്നിരുന്നുവെന്നതിന് ഇത് തെളിവാണ്. എന്നാൽ, ബീച്ചിലെ ഇരുന്പുഘടനയ്ക്ക് ഈ നിരീക്ഷണങ്ങളുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ലഭ്യമായിട്ടില്ല. പഴയ ഭൂപടങ്ങളോ നിർമാണരേഖകളോ കണ്ടെത്താത്തതിനാൽ ഘടനയുടെ യഥാർഥ ഉപയോഗം ഇപ്പോഴും വ്യക്തമല്ല.









0 comments