print edition ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ യുണൈറ്റഡിന് തോൽവി; ഹള്ളിന് ഫുൾ മാർക്ക്

മാഞ്ചസ്റ്റർ യുണെെറ്റഡിനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ഹൾ സിറ്റി താരങ്ങൾ
ലണ്ടൻ: ഇതിലും വലിയൊരു തിരിച്ചുവരവ് സ്വപ്നത്തിൽ മാത്രം. ഒമ്പത് വർഷത്തിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ പന്തുതട്ടാനെത്തിയ ഹൾ സിറ്റി പതിമൂന്ന് വട്ടം ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചു. രണ്ട് ഗോളിനാണ് ജയം. 2017ലാണ് ഹൾ സിറ്റി അവസാനമായി പ്രീമിയർ ലീഗ് കളിച്ചത്. പിന്നീട് രണ്ടാം ഡിവിഷൻ ചാമ്പ്യൻഷിപ്പിലെത്തി.
അവിടുന്ന് മൂന്നാം ഡിവിഷനിലേക്കും തള്ളപ്പെട്ടിരുന്നു. സ്വന്തം തട്ടകത്തിൽ പ്രതിരോധക്കാരായ സെമി അജായ്, നോബെൽ മെൻഡി എന്നിവർ ഗോളടിച്ചു. ആദ്യപകുതിയിലായിരുന്നു രണ്ടും. 72 ശതമാനം പന്ത് കാലിൽവച്ചിട്ടും ലോകോത്തര താരങ്ങൾ ഉൾപ്പെട്ട യുണൈറ്റഡിന് എതിർവല കുലുക്കാനായില്ല. ആറ് രക്ഷപ്പെടുത്തലുകൾ നടത്തിയ ഗോൾകീപ്പർ കൊൺസ്റ്റാന്റിനോസ് സോളാകിസും ഹള്ളിന്റെ വിജയശിൽപ്പിയായി.
അവസാന സീസണിൽ പരിശീലകൻ മൈക്കേൽ കാരിക്കിന് കീഴിൽ മൂന്നാം സ്ഥാനം നേടിയ യുണൈറ്റഡ് വൻ ആത്മവിശ്വാസവുമായാണ് എത്തിയത്. പുതിയ താരങ്ങളെ ഉൾപ്പെടെ ഇറക്കിയിട്ടും കാര്യമുണ്ടായില്ല. മറുവശം ബൊസ്‌നിയ ആൻഡ് ഹെർസെഗോവിനയിൽനിന്നുള്ള പരിശീലകൻ സെർജി യാകിറോവിച്ചിന് കീഴിൽ ഹൾ സിറ്റി അച്ചടക്കമുള്ള കളി പുറത്തെടുത്തു.
നിലവിലെ ചാമ്പ്യൻമാരായ അഴ്‌സണൽ ആദ്യ മത്സരത്തിൽ നവാഗതരായ കോവെൻട്രി സിറ്റിയെ 3–0ന് തുരത്തി. കയ് ഹവേർട്‌സ്, ബുകായോ സാക, മാർട്ടിൻ ഒദേഗാർദ് എന്നിവർ ലക്ഷ്യം കണ്ടു. എവർട്ടൺ രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസിനെയും ഇപ്--സ്വിച്ച് ടൗൺ 2–1ന് സണ്ടർലൻഡിനെയും മറികടന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒറ്റ ഗോളിന് ലീഡ്സ് യുണെെറ്റഡും തോൽപ്പിച്ചു. ഇന്ന് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ തുടങ്ങിയ ടീമുകൾ കളത്തിലെത്തും.










0 comments