print edition എഫ് എ കപ്പിൽ ചെൽസിയെ തോൽപ്പിച്ചു; സിറ്റിക്ക് ഡബിൾ

ചെൽസിക്കെതിരെ ഗോൾ നേടിയ സെമെനേ-്യാ (വലത്ത്) ഹാലണ്ടിനൊപ്പം ആഹ്ലാദം പങ്കിടുന്നു
ലണ്ടൻ: അന്റോയ്‌ൻ സെമെന്യോയുടെ ഒരു നിമിഷത്തെ മിന്നുംനീക്കത്തിൽ മാഞ്ചസ്‌റ്റർ സിറ്റി എഫ് എ കപ്പ് ഫുട്‌ബോളിൽ മുത്തമിട്ടു. ചെൽസിയെ ഒറ്റ ഗോളിന് വീഴ്‌ത്തിയാണ് സീസണിലെ രണ്ടാം കിരീടം പെപ് ഗ്വാർഡിയോളയുടെ സംഘം സ്വന്തമാക്കിയത്. ലീഗ് കപ്പിലും ജേതാക്കളായിരുന്നു. എഫ് എ കപ്പിൽ എട്ടാം തവണയാണ് ജേതാക്കളാകുന്നത്.
കളി തീരാൻ പതിനാറ് മിനിറ്റ് ശേഷിക്കെയായിരുന്നു സെമെന്യോയുടെ ഉശിരൻ ഗോൾ. എർലിങ് ഹാലണ്ടിന്റെ ക്രോസ് ബോക്‌സിൽവച്ച് കിട്ടിയ സെമെന്യോ ഗോൾമുഖം നോക്കിയില്ല. വലംകാലിന്റെ മടന്പ്‌കൊണ്ട് ഒറ്റ തട്ടിയിടൽ. ചെൽസി ഗോൾ കീപ്പർ റോബർട്ട് സാഞ്ചെസിന്റെ നെടുങ്കൻ ചാട്ടത്തിനും അതിനെ തടയാനായില്ല. ജയം ഉറപ്പിക്കാൻ സിറ്റിക്ക് ആ ഗോൾ മതിയായിരുന്നു.
ലീഗ് കപ്പിൽ അഴ്‌സണലിനെ തോൽപ്പിച്ചായിരുന്നു സിറ്റിയുടെ കിരീടം. ലീഗിലും പ്രതീക്ഷ കൈവിട്ടിട്ടില്ല. രണ്ട് കളി ശേഷിക്കെ അഴ്‌സണലിനെക്കാൾ രണ്ട് പോയിന്റ് മാത്രം പിന്നിലാണ്. എഫ്‌എ കപ്പിൽ കഴിഞ്ഞ രണ്ട് സീസണിലും ഫൈനലിൽ തോൽക്കുകയായിരുന്നു.
അതേസമയം, തുടർച്ചയായ നാലാം തോൽവിയാണ് ചെൽസി ഏറ്റുവാങ്ങിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 19ന് ബോണിമൗത്തുമായാണ് സിറ്റിക്ക് അടുത്ത മത്സരം. ചെൽസി ടോട്ടനം ഹോട്-സ്-പറിനെ നേരിടും. അതേസമയം, ലിവർപൂളിനെ 4–2ന് തകർത്ത് ആസ്‌റ്റൺ വില്ല ചാന്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കി. അഞ്ചാമതുള്ള ലിവർപൂളിന് അടുത്ത സീസണിലെ ചാന്പ്യൻസ് ലീഗ് ഇതുവരെ ഉറപ്പാക്കാനായിട്ടില്ല.









0 comments