ad
Deshabhimani

ഇന്ന് അധ്യാപകദിനം

അട്ടപ്പാടിയുടെ അഭിമാനം
ഇത് കൊല്ലങ്കോട്ടെ എഇഒ

ഡി സൗന്ദര്യ
വെബ് ഡെസ്ക്

Published on Sep 05, 2026, 02:00 AM | 1 min read

വി പ്രശോഭ്

മണ്ണാര്‍ക്കാട്

അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും സ്ഥാനക്കയറ്റം നേടി പ്രധാന അധ്യാപിക ആകുന്നതുമാണ് പതിവ്. എന്നാൽ ഡി സൗന്ദര്യയുടെ കാര്യത്തിൽ അൽപ്പം വ്യത്യസ്‌തതയുണ്ട്. ആദ്യം തന്നെ പ്രധാനഅധ്യപികയായാണ് ഇവരുടെ തുടക്കം. ഇപ്പോൾ കൊല്ലങ്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസറാണ് ഈ അട്ടപ്പാടി സ്വദേശിനി. എൽഡിഎഫ് ഭരണകാലത്ത് പിഎസ്‍സി എസ്‍ടി വിഭാഗക്കാർക്കായി നടത്തിയ പ്രധാനാധ്യാപക തസ്തികയിലേക്ക് നേരിട്ട് നടത്തിയ പരീക്ഷയിലാണ് ഈ 28കാരി ഒന്നാംറാങ്ക് നേടിയത്. 2023 സെപ്തംബർ 18ന് വയനാട് മേപ്പാടി സർക്കാർ സ്കൂളിൽ പ്രധാനഅധ്യാപികയുമായി. അട്ടപ്പാടിയിലെ ആദിവാസി വിദ്യാർഥികൾക്ക് ട്യൂഷൻ എടുത്ത അനുഭവത്തിൽ നിന്നാണ് ഈ വളര്‍ച്ച. പൊതുസ്ഥലംമാറ്റത്തിൽ എഇഒയായി കൊല്ലങ്കോട്ടെത്തി. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട ആദ്യ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും സൗന്ദര്യയാണ്. അട്ടപ്പാടി ഷോളയൂർ മട്ടത്തുകാടിലെ പി ദുരൈരാജ്, ജ്യോതിമണി ദമ്പതികളുടെ മകളാണ് സൗന്ദര്യ. ഇരുളവിഭാഗത്തിൽപ്പെട്ട സൗന്ദര്യ ഷോളയൂർ മട്ടത്തുകാട് ജിടിഎച്ച്എസ് സ്കൂൾ, അഗളി ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ സൗന്ദര്യ തൃശൂരിലെ ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡീസ് എഡ്യൂക്കേഷനിൽനിന്ന് ബിഎഡും നേടി. ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സുരേഷാണ് ഭർത്താവ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home