ഇന്ന് അധ്യാപകദിനം
അറിവിന്റെ വെളിച്ചമായി അധ്യാപക ദമ്പതികൾ

സി കെ ഉണ്ണികൃഷ്ണൻ
കൂറ്റനാട്
ഒരു ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന അധ്യാപക ദമ്പതികളാണ് ചാലിശേരി അങ്ങാടി ചെറുവത്തൂർ കൊച്ചുകുഞ്ഞനും ഭാര്യ ലില്ലിയും. 28 വർഷം നീണ്ടുനിന്നതാണ് കൊച്ചുകുഞ്ഞന്റെ അധ്യാപന ജീവിതം. പഠിച്ച ചാലിശേരി സിറിയൻ ക്രിസ്ത്യൻ യുപി സ്കൂളിൽ തന്നെയായിരുന്നു അധ്യാപകനായും സേവനം. 2004-ൽ വിരമിച്ചു. അധ്യാപനത്തിലേക്കുള്ള വഴിയിൽ കുടുംബത്തിന്റെ സ്വാധീനവും മാഷിനൊപ്പമുണ്ടായിരുന്നു. അച്ഛൻ മാത്തു എസ്‌സിയുപി സ്കൂളിലെ ആദ്യകാല അധ്യാപകരിൽ ഒരാളായിരുന്നു മാത്തു–ഇറ്റേനം ദമ്പതികളുടെ പത്തുമക്കളിൽ ഏഴാമനായ കൊച്ചുകുഞ്ഞൻ അച്ഛന്റെ പാത പിന്തുടർന്നാണ് അധ്യാപന ജീവിതത്തിലെത്തിയത്. ലില്ലിയുടെ അധ്യാപന ജീവിതത്തിനും മൂന്നുപതിറ്റാണ്ടിലേറെ ദൈർഘ്യമുണ്ട്. എസ്‌സിയുപി സ്കൂളിലും ഹൈസ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർപഠനശേഷം ആദ്യമായി രണ്ടാഴ്ച എടപ്പറമ്പ് സ്കൂളിൽ അധ്യാപികയായി. തുടർന്ന് പാലക്കാട് ബിഎംഎം സ്കൂൾ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ സേവനമന-ുഷ്‌ഠിച്ചു. 1978-ൽ പിഎസ്‌സി നിയമനത്തിലൂടെ തോളന്നൂർ സ്കൂളിൽ സർക്കാർ അധ്യാപികയായി. പിന്നീട് വട്ടേനാട്, മേഴത്തൂർ, ചാലിശേരി തുടങ്ങിയ സർക്കാർ സ്കൂളുകളിൽ ഹൈസ്കൂൾ അധ്യാപികയായി. സ്ഥാനക്കയറ്റത്തിലൂടെ 2007ൽ ചാലിശേരി ജിഎൽപി സ്കൂളിൽനിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ അധ്യാപകദമ്പതികളുടെ ശിഷ്യരാണ്. മക്കൾ: ലിമിൻ, നിമിൻ, സുമിൻ. മരുമക്കൾ: കെ ഫിലിപ്പ് കണ്ണൂർ (അധ്യാപകൻ, കടമ്പൂർ ജിഎച്ച്എസ്എസ്), റാണ (ശാസ്ത്രജ്ഞ, ഐഎസ്ആർഒ ബംഗളൂരു), കെ എം ജിമോൻ (ഐഒബി മാനേജർ).









0 comments