ad
Deshabhimani

print edition സിറ്റിക്ക്‌ ആനന്ദം; അഴ്‌സണലിനെ വീഴ്‌ത്തി ലീഗ്‌ കപ്പ്‌ ജേതാക്കൾ

manchester city.

അഴ്സണലിനെ തോൽപ്പിച്ച് ലീഗ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ടീം ട്രോഫിയുമായി ആഘോഷത്തിൽ

വെബ് ഡെസ്ക്

Published on Mar 24, 2026, 01:41 AM | 2 min read

ലണ്ടൻ : ഒടുവിൽ മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ ആനന്ദം. ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോളിൽ അഴ്‌സണലിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ സിറ്റി സീസണിലെ തിരിച്ചടികളിൽനിന്ന്‌ ആശ്വാസം കണ്ടെത്തി. മോശം പ്രകടനങ്ങൾക്കിടയിൽനിന്നാണ്‌ പെപ്‌ ഗ്വാർഡിയോളയുടെ സംഘത്തിന്റെയും ലീഗ്‌ കപ്പ്‌ നേട്ടം. അതേസമയം, സീസണിൽ നാലാം കിരീടമെന്ന ലക്ഷ്യവുമായി മുന്നേറുന്ന മൈക്കേൽ അർടേറ്റയുടെ സംഘത്തിന്‌ നിരാശയായി ഇ‍ൗ ഫലം. ഇരട്ടഗോളുമായി പ്രതിരോധക്കാരൻ നിക്കേ ഒറെയ്‌ല്ലിയാണ്‌ സിറ്റിക്ക്‌ ജയം സമ്മാനിച്ചത്‌.


സിറ്റിയുടെ എട്ടാം ലീഗ്‌ കപ്പാണിത്‌. ഗ്വാർഡിയോളയ്‌ക്കുകീഴിൽ അഞ്ചാമത്തേതും. ലീഗ്‌ കപ്പിൽ കൂടുതൽ കിരീടം നേടുന്ന ആദ്യ പരിശീലകനാണ്‌ സ്‌പാനിഷുകാരൻ. ചാന്പ്യൻസ്‌ ലീഗിൽ റയൽ മാഡ്രിഡിനോട്‌ പ്രീ ക്വാർട്ടറിൽ തോറ്റ്‌ മടങ്ങിയ സിറ്റി ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിലും കിരീട പ്രതീക്ഷ ഏറെക്കുറെ കൈവിട്ടു. നിരന്തരമുള്ള തോൽവികളും പ്രധാന കളിക്കാരുടെ മോശം പ്രകടനവും സമ്മർദത്തിലാക്കി. ഇതിനിടയിലാണ്‌ മികച്ച ഫോമിലുള്ള അഴ്‌സണലിനെ വീഴ്‌ത്തി സീസണിലെ ആദ്യ കിരീടം നേടാനായത്‌. തകർപ്പൻ പ്രകടനം തുടരുന്ന ഒറെയ്‌ല്ലി അഴ്‌സണലിനെതിരെയും മിന്നി. രണ്ടാം പകുതിയിൽ നാല്‌ മിനിറ്റിടെയായിരുന്നു ഇംഗ്ലീഷുകാരന്റെ രണ്ട്‌ ഗോളും. മറുവശത്ത്‌, അർടേറ്റയുടെ തന്ത്രങ്ങളാണ്‌ അഴ്‌സണലിന്‌ തിരിച്ചടിയായത്‌. പ്രധാന ഗോൾ കീപ്പർ ഡേവിഡ്‌ റായക്ക്‌ പകരം കെപ അരിസബലാഗയ്‌ക്കാണ്‌ ചുമതല നൽകിയത്‌. അരിസബലാഗയുടെ പിഴവിൽനിന്നായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ.


റയാൻ ചെർക്കിയുടെ ഗോൾമുഖത്തേക്കുള്ള നിരുപദ്രവകരമായ ക്രോസ്‌ കെപയുടെ കൈയിൽനിന്ന്‌ വഴുതി വീഴുകയായിരുന്നു. ഓടിയെത്തിയ ഒറെയ്‌ല്ലി കൃത്യമായി തലവച്ചു. രണ്ടാമത്തെ ഗോളും സമാന രീതിലായിരുന്നു. ഇക്കുറിയും ബോക്‌സിന്റെ വലതുഭാഗത്തുനിന്നായിരുന്നു ക്രോസ്‌. തൊടുത്തത്‌ മതിയൂസ്‌ ന്യൂനെസ്‌. കെപയ്‌ക്ക്‌ പിടിച്ചെടുക്കാനായില്ല. ഗോൾമുഖത്ത്‌ അഴ്‌സണൽ താരങ്ങൾക്കിടയിൽനിന്ന്‌ ഒറെയ്‌ല്ലി ഒരിക്കൽക്കൂടി തലവച്ചു. ഗ്വാർഡിയോള പ്രധാന ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയ്‌ക്ക്‌ പകരം ജയിംസ്‌ ട്രാഫോർഡിനെയാണ്‌ കളിപ്പിച്ചത്‌. തകർപ്പൻ പ്രകടനമാണ്‌ ഇംഗ്ലീഷുകാരൻ കളിയിൽ പുറത്തെടുത്തത്‌. കയ്‌ ഹവേർട്‌സിന്റെ ഗോളെന്നുറച്ച ശ്രമത്തെ ട്രാഫേ-ാർഡ്‌ തടുത്തിട്ടു. പിന്നാലെ ബുകായോ സാക്കയെ രണ്ട്‌ തവണ തടഞ്ഞു. 2020ലെ എഫ്‌ എ കപ്പിനുശേഷം ആദ്യ കിരീടമായിരുന്നു അഴ്‌സണൽ ലക്ഷ്യമിട്ടത്‌. ഇക്കുറി മൂന്ന്‌ കിരീടങ്ങളാണ്‌ ഇനി പ്രതീക്ഷ. പ്രീമിയർ ലീഗിൽ ഏഴ്‌ കളിശേഷിക്കെ ഒന്നാം സ്ഥാനത്ത്‌ ഒന്പത്‌ പോയിന്റ്‌ ലീഡായി. ചാന്പ്യൻസ്‌ ലീഗിൽ ക്വാർട്ടറിൽ കടന്നു. എഫ്‌ എ കപ്പിലും ക്വാർട്ടറിലേക്ക്‌ മുന്നേറിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home