പൊരുതിക്കയറിയ കളിജീവിതം ; കെഎഫ്‌എയുടെ മികച്ച കളിക്കാരിയായി എം ആര്യശ്രീ

പി പി സതീഷ്‌കുമാർ
Published on Aug 18, 2025, 12:35 AM | 1 min read
കാസർകോട്
കളിയുടെ കരുത്തിനും കണക്കുകൂട്ടലിനുമുള്ള ആദരമാണ് എം ആര്യശ്രീയുടെ മികച്ച കളിക്കാരിക്കുള്ള പുരസ്‌കാരം. കേരളത്തിന്റെ ഉറച്ച പ്രതിരോധതാരമാണ്. ഇൗ അവാർഡ് ആത്മവിശ്വാസം ഇരട്ടിയാക്കുമെന്ന് ആര്യശ്രീ പറഞ്ഞു.
ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് നിധീഷ് ബങ്കളത്തിന്റെ നേതൃത്വത്തിലുള്ള വിമൻസ് ഫുട്‌ബോൾ ക്ലിനിക്കിലെത്തുന്നത്. കൗമാരക്കാരുടെ ബഹളമൊന്നുമില്ലാത്ത പെൺകുട്ടി കളിക്കളത്തിൽ തിളങ്ങി. എതിരാളിയെ ഗോളടിക്കാൻ അനുവദിക്കാത്ത പ്രതിരോധ മികവായിരുന്നു പ്രത്യേകത. പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ 2018ൽ അണ്ടർ 15 സാഫ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായി. ഏഴ് തവണ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കേരളത്തിനായി കളിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്‌റ്റനായി. ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ്‌സിക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്. ബംഗളൂരു, കൊൽക്കത്ത ലീഗുകളിലും കളിച്ചു. അണ്ടർ 16 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ദേശീയ കുപ്പായത്തിൽ ഇറങ്ങി.
കാസർകോട് ജില്ലയിലെ ബങ്കളം രാങ്കണ്ടത്തെ പ്ലാസ്‌റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിൽനിന്ന് പൊരുതിക്കയറിയ ജീവിതമാണ്. അച്ഛൻ എ കെ ഷാജി പക്ഷാഘാതം പിടിപെട്ട് ശരീരം തളർന്ന് കിടപ്പായിരുന്നു. സാഫ് നേട്ടത്തിനുപിന്നാലെ സിപിഐ എം നേതൃത്വത്തിൽ വീട് നിർമാണം ആരംഭിച്ചപ്പോൾ പത്തുലക്ഷം നൽകി സർക്കാർ തുണയായി. 2021ൽ അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറി.
മംഗളൂരു സർവകലാശാലയിൽനിന്ന് ബികോം പൂർത്തിയാക്കി. അമ്മ: പി വി ശാലിനി. സഹോദരൻ: അഭിനവ്.









0 comments