ad
Deshabhimani

പിന്തുണയുണ്ട്, പക്ഷേ പോരാട്ടം കടുക്കും; റോബർട്ട്സന്റെ മടക്കവും സ്ലോട്ടിന്റെ വെല്ലുവിളിയും

liverpool
വെബ് ഡെസ്ക്

Published on Apr 10, 2026, 03:47 PM | 2 min read

ലിവർപൂൾ: കളിക്കളത്തിലെ തുടർച്ചയായ മോശം പ്രകടനങ്ങൾക്കിടയിലും ക്ലബ് അധികൃതരുടെയും ആരാധകരുടെയും പൂർണ്ണ പിന്തുണ തനിക്കുണ്ടെന്ന് ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ട്. ടീം നേരിടുന്ന തിരിച്ചടികളെത്തുടർന്ന് സ്ലോട്ടിന്റെ സ്ഥാനത്തെക്കുറിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.


2024 ജൂണിൽ യർഗൻ ക്ലോപ്പിന് പകരക്കാരനായി ചുമതലയേറ്റ സ്ലോട്ട്, ആദ്യ സീസണിൽ തന്നെ പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിൽ എത്തിച്ചിരുന്നു. എന്നാൽ നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ടീമിന് യൂറോപ്യൻ പോരാട്ടങ്ങളിൽ യോഗ്യത ഉറപ്പാക്കാൻ കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.


അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് വെറും ഒരു പോയിന്റ് മാത്രമാണ് ലിവർപൂളിന് നേടാനായത്. ഏറ്റവും ഒടുവിൽ ബ്രൈറ്റനോട് 2-1 ന് പരാജയപ്പെട്ട ടീം, എഫ്എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത നാല് ഗോളിന് തകർന്ന് പുറത്തായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ പിഎസ്ജിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ സ്ലോട്ടിന്റെ തന്ത്രങ്ങൾ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.


പിഎസ്ജിക്കെതിരായ മത്സരത്തിൽ വെറും 26 ശതമാനം പന്തടക്കം മാത്രമാണ് ലിവർപൂളിന് ഉണ്ടായിരുന്നത്. ടീമിന്റെ ആത്മവിശ്വാസം തകർന്നിരിക്കുകയാണെന്ന് മുൻ താരം സ്റ്റീഫൻ വാർനോക്ക് നിരീക്ഷിച്ചപ്പോൾ, അടുത്ത സീസണിൽ സ്ലോട്ട് തുടരാനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ജൂലിയൻ ലോറൻസും അഭിപ്രായപ്പെട്ടു.


എങ്കിലും 2026-27 സീസൺ വരെ കരാറുള്ള സ്ലോട്ട് തന്റെ ഭാവിയിൽ ആശങ്കപ്പെടുന്നില്ല. "ക്ലബ് ഉടമകളിൽ നിന്നും റിച്ചാർഡ് ഹ്യൂസ്, മൈക്കൽ എഡ്വേർഡ്സ് എന്നിവരിൽ നിന്നും എനിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. തോൽവികളിലും ആരാധകർ ഞങ്ങളെ ചേർത്തുപിടിക്കുന്നു.


പാരിസിൽ തോറ്റപ്പോഴും അവർ ടീമിനായി പാട്ടുകൾ പാടുകയായിരുന്നു. ആ സ്നേഹം നൽകുന്ന കരുത്ത് ചെറുതല്ല," സ്ലോട്ട് പറഞ്ഞു. ശനിയാഴ്ച ഫുൾഹാമിനെതിരെ ആൻഫീൽഡിൽ നടക്കാനിരിക്കുന്ന മത്സരം സീസണിലെ തന്നെ ഏറ്റവും നിർണ്ണായകമായ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആൻഡി റോബർട്ട്സൺ പടിയിറങ്ങുന്നു


ലിവർപൂളിന്റെ സുവർണ്ണകാലഘട്ടത്തിലെ വിശ്വസ്തനായ ഡിഫൻഡർ ആൻഡി റോബർട്ട്സൺ ഈ സീസണോടെ ക്ലബ് വിടുമെന്ന് ആർനെ സ്ലോട്ട് സ്ഥിരീകരിച്ചു. കരാർ കാലാവധി അവസാനിക്കുന്നതോടെ ഒൻപത് വർഷത്തെ സേവനത്തിന് ശേഷമാണ് താരം പടിയിറങ്ങുന്നത്.


2017-ൽ ഹൾ സിറ്റിയിൽ നിന്ന് ലിവർപൂളിലെത്തിയ സ്കോട്ട്‌ലൻഡ് താരം ക്ലബ്ബിനായി 373 മത്സരങ്ങൾ കളിച്ചു. രണ്ട് പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും അടക്കം ഒൻപത് മേജർ ട്രോഫികളിൽ പങ്കാളിയായ ശേഷമാണ് ഈ പടിയിറക്കം.


ഈ സീസണിൽ യുവതാരം മിലോസ് കെർക്കെസിന് പിന്നിലായതോടെ റോബർട്ട്സണ് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. വെറും 19 ലീഗ് മത്സരങ്ങളിൽ മാത്രമാണ് താരം പങ്കെടുത്തത്. "തീവ്രതയോടെ കളിക്കുന്ന താരമാണ് റോബോ. മികച്ചൊരു മനുഷ്യൻ കൂടിയായ അദ്ദേഹം ടീമിലെ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്.


താൻ സ്നേഹിക്കുന്ന ക്ലബ്ബിനായി എല്ലാം നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. അദ്ദേഹത്തിന്റെ അഭാവം ടീമിന് വലിയ നഷ്ടം തന്നെയാണ്," സ്ലോട്ട് സ്കോട്ടിഷ് താരത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു. കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതാണ് താരം ക്ലബ് വിടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home