print edition കണ്ണീർച്ചിരിയിൽ മെസി

ലയണൽ മെസി
അറ്റ്‌ലാന്റ : ദുരന്തനായകനായി തിരിച്ചുപോകാൻ ലയണൽ മെസി ഒരുക്കമല്ലായിരുന്നു. ഇൗജിപ്‌തിനെതിരായ പ്രീ ക്വാർട്ടറിന്റെ ആദ്യഘട്ടത്തിൽ മൂടിക്കെട്ടിയ ആകാശം പോലെയായിരുന്നു മെസിയുടെ മുഖം. ഒരു നീക്കം പോലും നിയന്ത്രിക്കാനാകാതെ നിശ്‌ചലനായി. കളി തുടങ്ങി പതിനഞ്ചാം മിനിറ്റിലാണ് അർജന്റീന ലീഡ് വഴങ്ങുന്നത്. ആറ് മിനിറ്റിനുള്ളിൽ ഒപ്പമെത്താൻ അർജന്റീനയ്‌ക്ക് അവസരം കിട്ടിയതാണ്. പക്ഷേ, മെസിയുടെ പെനൽറ്റി ഗോൾകീപ്പർ മൊസ്‌തഫ ഷൊബെയ്‌ർ തട്ടിയകറ്റി. 67–ാം മിനിറ്റിൽ ഇൗജിപ്‌ത് ഒരു ഗോൾ കൂടി നേടുന്നു.
ലോകം മെസിയെ നോക്കി.
ഇനിയെന്ത്. നിശ്‌ചിത സമയം അവസാനിക്കാൻ 23 മിനിറ്റ്. രണ്ട് ഗോളിന് പിന്നിൽ. പെനൽറ്റി പാഴാക്കിയതിന്റെ പാപഭാരമായിരുന്നു നായകന്. കണ്ണീരോടെയുള്ള മടക്കം കാഴ്‌ചക്കാർ മനസിൽ കണ്ടു. പക്ഷേ, അറ്റ്‌ലാന്റയിൽ പിന്നെ കണ്ടത് ചരിത്രത്തിലെ ഏറ്റവും മനോഹരമായ തിരിച്ചുവരവ്. 14 മിനിറ്റിൽ മൂന്ന് ഗോൾ. മുപ്പത്തൊന്പതുകാരൻ മെസിയിൽ അന്പരിപ്പിക്കുന്ന ഭാവപ്പകർച്ച. എതിർ ഗോൾമുഖത്ത് അലസമായി നടക്കുന്ന കുറിയ മനുഷ്യൻ ചാട്ടുളി വേഗത്തിലാകുന്നത് കണ്ടു. ആ മായാജാലം വിട്ടുപോയില്ല. കണ്ടു, കാത്തിരുന്നു, നിർണായക നിമിഷത്തിനായി ഉൗർജം കാത്തുവച്ചു. ശരീരം ക്ഷീണിച്ചുണ്ടാകാം. പക്ഷേ, ആ തലച്ചോറിന് ഇപ്പോഴും ചാട്ടുളിയുടെ മൂർച്ചയാണ്. പ്രതിഭ ശാശ്വതമാണ്.
കളി തീരാൻ 11 മിനിറ്റ് ബാക്കി. വലതുഭാഗത്തുനിന്നുള്ള ത്രോ. മാർക്കറെ അനായാസം വെട്ടിയൊഴിയുന്നു. പന്ത് നിയന്ത്രിച്ചു. അളന്നുമുറിച്ച ക്രോസ് ബോക്‌സിലേക്ക്. ക്രിസ്‌റ്റ്യൻ റൊമേറോയുടെ ഹെഡർ. ചാരം കനലായി. അടുത്ത നാല് മിനിറ്റ് 18 സെക്കൻഡ്. ബോക്‌സിന്റെ വലതുഭാഗത്ത് രണ്ട് ഇൗജിപ്‌ഷ്യൻ താരങ്ങളെ വെട്ടിയൊഴിഞ്ഞുള്ള മെസിയുടെ ക്രോസ്. ബോക്‌സിൽ ലൗതാരോ മാർട്ടിനെസിന്റെ തലയിൽ തട്ടിത്തെറിച്ചു. പന്ത് വീണത് ഗൊൺസാലോ മോണ്ടിയെലിന്റെ കാലിൽ.
ബോക്‌സിലേക്ക് കുതിച്ചെത്തിയ മെസിയിലേക്ക് തട്ടി. ഇൗജിപ്‌തിന്റെ മൂന്ന് പ്രതിരോധക്കാർ വട്ടംകൂടുന്നതിനിടെ ഇടംകാലിൽനിന്ന് വെടിപാഞ്ഞു. ചരിത്രത്തിലെ വലിയൊരു അട്ടിമറിയ്‌ക്ക് കോപ്പുകൂട്ടിയ ഇൗജിപ്‌തിന്റെ ഹൃദയം തകർന്നു. ഒടുവിൽ എൺസോ ഫെ-ർണാണ്ടസിന്റെ ഗോളിൽ അർജന്റീന ജയംകുറിക്കുന്പോൾ മൈതാനമധ്യത്തിൽ മെസി പൊട്ടിക്കരഞ്ഞു. സഹതാരങ്ങൾ നായകനെ വായുവിലേക്കുയർത്തി. ശേഷം ഓരോ സഹതാരങ്ങളും മെസിയെ പുണർന്നു. കണ്ണീർച്ചിരി വിടർന്നു.











0 comments