ലോക റെക്കോഡ് തരാം
കേറിവാ മക്കളെ


ശ്രീരാജ് ഓണക്കൂർ
Published on Jul 09, 2026, 03:05 AM | 1 min read
കൊച്ചി
‘ഫാഷൻഷോയിലോ കലാപരിപാടികളിലോ പങ്കെടുക്കാം. ഫീസടച്ചാൽ ലോക റെക്കോഡ് സ്വന്തമാക്കാം. പങ്കാളികളാവുന്നവർക്ക് ലഭിക്കുന്ന റെക്കോഡിന് ലോകത്ത് എല്ലായിടത്തും അംഗീകാരമുണ്ട്.’ ഇത്തരം മോഹനവാഗ്‌ദാനങ്ങളുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളോട് ജാഗ്രത പാലിക്കണമെന്ന് പൊലീസും സൈബർ വിദഗ്‌ധരും മുന്നറിയിപ്പ് നൽകുന്നു.
സാധാരണയായി മോഡലുകൾ, നർത്തകർ, കലാകാരന്മാർ എന്നിവരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പുകാർ സമൂഹമാധ്യമങ്ങളിൽ വ്യാജപരസ്യങ്ങൾ നൽകുന്നുണ്ട്. ഇവർ വ്യാജമായി സംഘടിപ്പിക്കുന്ന കൂട്ടായ്മകളിലോ പരിപാടികളിലോ പങ്കെടുത്താൽ ‘ലോക റെക്കോഡ്’ പദവികൾ ലഭിക്കുമെന്ന് വാഗ്‌ദാനം ചെയ്‌താണ് പണം തട്ടുന്നത്. വൻതുക രജിസ്ട്രേഷൻ ഫീസായും സർട്ടിഫിക്കറ്റ് ഫീസായും തട്ടിയെടുക്കുകയാണ് പതിവ്. 10,000 രൂപമുതൽ തുടങ്ങുന്നു രജിസ്ട്രേഷൻ ഫീസ്.
ഫാഷൻഷോകളിലോ നൃത്തപരിപാടികളിലോ പങ്കെടുത്താൽ അന്താരാഷ്ട്ര റെക്കോഡ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കും. ഇതിനായി രജിസ്ട്രേഷന്റെയും വസ്‌ത്രങ്ങളുടെയും പേരിൽ ആയിരക്കണക്കിന് രൂപ ഈടാക്കും. ലഭിച്ച സർട്ടിഫിക്കറ്റിന് അന്താരാഷ്ട്രതലത്തിൽ മൂല്യമില്ലെന്ന് ഇരകൾ തിരിച്ചറിയുന്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുക. സംഘാടകരെ വിളിച്ചാൽ നന്പർ സ്വിച്ച് ഓഫായിരിക്കും. അവർ മറ്റൊരു റെക്കോഡിന്റെ പേരിൽ പുതിയ ഇരകളെ തിരക്കി ഇറങ്ങിയിട്ടുണ്ടാകും.
ഫാഷൻഷോയിൽ പങ്കെടുത്താൽ ലോക റെക്കോഡ് നൽകാമെന്നുപറഞ്ഞ് 2022ൽ
10 മോഡലുകളിൽനിന്ന് 10,000 രൂപ വീതം തട്ടിയെടുത്ത സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് രണ്ട് കേസെടുത്തിരുന്നു. എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പാണ് പണം തട്ടിയത്. ഫാഷൻഷോയിൽ പങ്കെടുക്കാത്തവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മോഡലുകൾ പരാതിയുമായി എത്തിയത്.










0 comments