വൈറ്റില ജങ്‌ഷൻ വികസനം
ഫണ്ട് അനുവദിച്ചത് എൽഡിഎഫ് സർക്കാർ: പി രാജീവ്

‘വൈറ്റില ജങ്‌ഷൻ വികസനം വസ്തുതയും യാഥാർഥ്യവും‘ വിഷയത്തിൽ സിപിഐ എം തൃക്കാക്കര എരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വൈറ്റില ജങ്‌ഷൻ വികസനത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി, ഗതാഗതമന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ജങ്‌ഷൻ സന്ദർശിച്ചിരുന്നു.
തുടർന്ന്, പൊലീസും ഗതാഗതവകുപ്പും ചേർന്ന് നൽകിയ നിർദേശം നടപ്പാക്കാനാണ് റോഡ് ആൻഡ് സേഫ്റ്റി ഫണ്ടിൽനിന്ന് തുക അനുവദിച്ചത്. ആ ഫണ്ട് ഉപയോഗിച്ചാണിപ്പോൾ യുഡിഎഫ് സർക്കാർ ജങ്ഷനിൽ ചില മാറ്റങ്ങൾ വരുത്തുന്നത്. അത് രാഷ്ടീയ ലാഭത്തിനായി തെറ്റായി ഉപയോഗിക്കുന്നത് ശരിയല്ല. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളടക്കം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമിച്ചതാണ്. വികസനകാര്യത്തിൽ കക്ഷിരാഷ്‌ട്രീയത്തിന്റെ അതിരുകൾ പാടില്ലെന്ന കാഴ്ചപ്പാടാണ് എൽഡിഎഫ് ഭരിക്കുമ്പോൾ സ്വീകരിച്ചിരുന്നതെന്നും രാജീവ് പറഞ്ഞു. ‘വൈറ്റില ജങ്‌ഷൻ വികസനം–വസ്തുതയും യാഥാർഥ്യവും’ വിഷയത്തിൽ സിപിഐ എം തൃക്കാക്കര എരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി രാജീവ്.
യോഗത്തിൽ ജില്ലാകമ്മിറ്റി അംഗം സി കെ മണിശങ്കർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, എരിയ സെക്രട്ടറി എ ജി ഉദയകുമാർ, വൈറ്റില ലോക്കൽ സെക്രട്ടറി പി ബി സുധീർ, വൈറ്റില വെസ്റ്റ് ലോക്കൽ സെക്രട്ടറി എ എസ് ജബ്ബാർ എന്നിവർ സംസാരിച്ചു. അഭിമന്യു ലൈബ്രറിക്കായി വൈറ്റില ലോക്കൽ കമ്മിറ്റി ശേഖരിച്ച പുസ്തകം ലോക്കൽ സെക്രട്ടറി എ ജി ഉദയകുമാറിന് കൈമാറി.









0 comments