ad
Deshabhimani

മഴയിൽ മരം വീണ്‌ നാശനഷ്ടം

heavy rain

തൃക്കാക്കര ഗവ.മോഡൽ എൻജിനിയറിങ് കോളേജിനുസമീപം റോഡിലേക്ക് കൂറ്റൻ മരം വീണപ്പോൾ​

വെബ് ഡെസ്ക്

Published on Jul 09, 2026, 03:24 AM | 1 min read

കൊച്ചി


ശക്തമായ കാറ്റിലും മഴയിലും മരംവീണ്‌ ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടം. വെങ്ങോല വലിയകുളം ഉന്നതിക്കുസമീപം മരം വൈദ്യുതി ലൈനിലേക്ക് വീണ്‌ ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. പട്ടിമറ്റത്തുനിന്ന്‌ അഗ്നിരക്ഷാസേന എത്തിയാണ്‌ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം മുറിക്കുന്നതിനിടെ ചെയിൻസോയിൽ തട്ടി അതിഥിത്തൊഴിലാളി ഷിബുവിന് (36) പരിക്കേറ്റു. കാലിന് മുറിവേറ്റ ഇദ്ദേഹത്തെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആലുവ കീഴ്‌മാട് വീടിനുമുകളിൽ തെങ്ങ് ഒടിഞ്ഞുവീണ് റൂഫ് പൂർണമായി തകർന്നു. എടയപ്പുറം ഗുരുതേജസ് കവലയ്‌ക്കുസമീപം കണ്ണിപ്പറമ്പത്ത് കെ കെ രാജന്റെ വീടിനാണ്‌ കേടുപാടുണ്ടായത്‌. ചൊവ്വ രാത്രി 12ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. കേടുപാടുകളില്ലാത്ത തെങ്ങാണ് വട്ടം ഒടിഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. പഞ്ചായത്ത്, റവന്യു അധികൃതരെ വിവരം അറിയിച്ചു.


കാക്കനാട് തൃക്കാക്കര ഗവ. മോഡൽ എൻജിനീയറിങ് കോളജിനുസമീപം ബുധൻ രാവിലെ റോഡിലേക്ക് കൂറ്റൻ മരം മറിഞ്ഞു. തൃക്കാക്കരയിൽനിന്ന്‌ അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി. ടിവി സെന്റർ മസ്‌ജിദ് റോഡിനുസമീപം പുരയിടത്തിലെ തെങ്ങ് വീണ് വൈദ്യുതിലൈനുകൾ പൊട്ടി. ചൊവ്വ രാത്രി തെങ്ങോട് തെങ്ങുംതുരുത്ത് റോഡിൽ തേക്ക് വീണ്‌ മൂന്ന് വൈദ്യുതി തൂണുകൾ തകർന്നു. വായനശാല ജങ്ഷൻ, ഓൾഡ് കുന്നുംപുറം റോഡ്‌ എന്നിവിടങ്ങളിലും മരക്കന്പുകൾ വീണ്‌ വൈദ്യുതി മുടങ്ങി. ബുധനാഴ്‌ച വൈകിട്ട്‌ കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി പുനഃസ്ഥാപിച്ചു. സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിന് എതിർവശം യുടേൺ ഭാഗത്ത് അടിഭാഗത്തെ മണ്ണൊലിച്ചുപോയ നിലയിൽ നിൽക്കുന്ന കൂറ്റൻ മരം യാത്രക്കാർക്ക്‌ ഭീഷണിയാകുന്നുണ്ട്‌. അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home