നാടാകെ കൊതുക്
നാട്ടുകാർക്ക് ഡെങ്കി

കൊച്ചി
ജില്ലയില്‍ മൂന്നു ദിവസത്തെ ഡ്രൈഡേയും തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യനിര്‍മാര്‍ജനവും പരാജയപ്പെട്ടതോടെ ഡെങ്കിപ്പനി പിടിമുറുക്കുന്നു. ബുധനാഴ്ച 30 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 59 പേര്‍ രോഗബാധിതരെന്ന് സംശയിക്കുന്നു. എട്ടുദിവസത്തിനുള്ളില്‍ 373 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയത്, 174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
അങ്കമാലി, ബിനാനിപുരം, ചേരാനല്ലൂര്‍, ഏലൂര്‍, കടുങ്ങല്ലൂര്‍, കാക്കനാട്, കളമശേരി, കാഞ്ഞൂര്‍, കീഴ്മാട്, കോട്ടുവള്ളി, കുമാരപുരം, കുന്നുകര, മലയാറ്റൂര്‍, മൂക്കന്നൂര്‍, നായരമ്പലം, പിറവം, തൃക്കാക്കര, തൃപ്പൂണിത്തുറ, തുറവൂര്‍ പ്രദേശത്തുള്ളവര്‍ക്കാണ് പുതുതായി രോഗബാധ.
ജില്ലയില്‍ കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നുപിടിച്ചിട്ടും നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്‌ചവരുത്തി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചപ്പോഴാണ് "കൊതുകിനെ നശിപ്പിക്കാന്‍ ആളെ അന്വേഷിച്ച്' ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്. മഴക്കാലമെത്തി ഒന്നരമാസമായിട്ടും ജില്ലയിലെ നഗരപ്രദേശങ്ങളിൽ കൊതുകുജന്യരോഗനിയന്ത്രണത്തിനും ഉറവിട നശീകരണത്തിനും ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ഒടുവില്‍ കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. 13, 14 തീയതികളില്‍ ഈ തസ്തികയിലേക്ക് അഭിമുഖം നടത്തുമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചിരിക്കുന്നത്.
കൊതുകുജന്യരോഗങ്ങളായ വെസ്റ്റ്നൈല്‍ പനി, ഡെങ്കി എന്നിവ ബാധിച്ച് ജൂണില്‍മാത്രം നാലുപേര്‍ മരിച്ചിരുന്നു. ബുധനാഴ്ച ജില്ലയില്‍ 862 പേര്‍ക്ക് പനിയും 192 പേര്‍ക്ക് വയറിളക്കരോഗങ്ങളും 41 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും ബാധിച്ചു.









0 comments