ഒഴിയാതെ പകർച്ചവ്യാധി ഭീഷണി

കാസർകോട് പകർച്ചവ്യാധി പിടിച്ച് ജീവൻതന്നെ നഷ്ടമാവുമോയെന്ന ഭീതിയിലാണ് ബീരന്ത്‌ബയലിലെ സുനാമി പുനരധിവാസ ഫ്ലാറ്റുകളിലെ താമസക്കാർ. കക്കൂസ് മാലിന്യം ഉൾപ്പെടെ പരന്നൊഴുകുന്നതാണ് ഇവിടത്തുകാർ നേരിടുന്ന പ്രധാന പ്രശ്‌നം. ഫ്ലാറ്റുകൾ നഗരസഭയ്‌ക്ക് കൈമാറി നൽകുന്പോൾ എട്ട് കുടുംബത്തിന് ഒരു സെപ്‌റ്റിക് ടാങ്ക് എന്ന നിലയിലായിരുന്നു. താമസക്കാർക്ക് സ്വന്തം പേരിൽ പട്ടയവും വീടും നൽകാത്തതിനാൽ തുടർന്നുള്ള അടിസ്ഥാന സൗകര്യമൊരുക്കേണ്ടതും പരിപാലിക്കേണ്ടതും നഗരസഭയായിരുന്നു. താമസം തുടങ്ങി ഏതാനും വർഷം കഴിഞ്ഞതോടെ ഇവിടെ സെപ്‌റ്റിക് ടാങ്ക് നിറഞ്ഞു കവിയാൻ തുടങ്ങി. താമസക്കാർ പ്രതിഷേധം ശക്തമാക്കിയതോടെ ഇൗ ടാങ്കുകൾ ഒഴിവാക്കി ഫ്ലാറ്റുകൾ നിർമിച്ച ഭൂമിയുടെ താഴ്‌വാരത്തെ കെട്ടിടത്തിനോടു ചേർന്ന് വലിയ കുഴിയുണ്ടാക്കി കക്കൂസ് മാലിന്യം അതിലേക്ക് എത്തിച്ച് പരിഹാരം കണ്ടു. എന്നാൽ അന്നുതന്നെ ഇത് ശാശ്വതമായ പരിഹാരമല്ലെന്ന പരാതിയുണ്ടായപ്പോൾ ടാങ്ക് നിറയുന്ന പക്ഷം നഗരസഭാ നേതൃത്വത്തിൽ നീക്കംചെയ്യുമെന്ന മറുപടിയാണ് ചെയർമാൻ ഉൾപ്പെടെയുള്ളവർ നൽകിയത്. മഴ തുടങ്ങിയതോടെ ടാങ്ക് നിറഞ്ഞ് മലിനജലവും അവശിഷ്ടങ്ങളും പുറത്തേക്ക് ഒഴുകാൻ തുടങ്ങി. ഇതോടെ ഇവിടത്തുകാർ ഒന്നടങ്കം പ്രതിഷേധവുമായി നഗരസഭാ ഓഫീസിലെത്തിയിരുന്നു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളംപേരാണ് ഇവിടെ താമസിക്കുന്നത്. മലിനജലത്തിലൂടെ നടക്കേണ്ടിവരുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന ഭീതിയിലാണിവർ. മഞ്ഞപ്പിത്തവും വയറിളക്കവും ഇവിടെ പതിവായി. ടാങ്ക് നിറഞ്ഞ് കക്കൂസ് മാലിന്യം ഉൾപ്പെടെ പുറത്തേക്ക് ഒഴുകുന്നതിനോട് ചേർന്ന് 16 കുടുംബം താമസിക്കുന്നുണ്ട്. ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ കഴിയുന്ന വീടായതിനാൽ ഇവരും ആശങ്കയിലാണ്. ബ്ലീച്ചിങ് പൗഡറും മണ്ണുമെല്ലാം ഇട്ട് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ഫലം കാണുന്നില്ല.
ഉപയോഗ ശൂന്യമായി
"തുന്പൂർമുഴി'യും കിണറും
മറ്റ് മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇവിടെ തുന്പൂർമുഴി മാതൃകയിലുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതും പ്രവർത്തന സജ്ജമാക്കിയിട്ടില്ല. അതിനാൽ ഇൗ മാലിന്യങ്ങൾ ബന്ധുവീടുകളിലെത്തിച്ച് സംസ്‌കരിക്കേണ്ട ഗതികേടാണ്. ഇക്കാര്യങ്ങളെല്ലാം യഥാസമയം നഗരസഭാ അധികൃതരെ അറിയിക്കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ലെന്നാണ് ഇവർ പറയുന്നത്. ശുദ്ധജലം കിട്ടാത്തതിനാൽ മിക്കവരും സ്വകാര്യ ഏജൻസികളെ ആശ്രയിച്ചും വാഹനങ്ങളിലെത്തിച്ചുമാണ് ഉപയോഗിക്കുന്നത്. രണ്ട് കിണറുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് ഉപയോഗിക്കാനാവുന്നത്. കക്കൂസ് മാലിന്യം കിണറിലേക്കും കലരുമെന്ന ആശങ്കയുള്ളതിനാൽ കിണർവെള്ളവും ഉപയോഗിക്കാനാവുന്നില്ലെന്നാണ് ഇവരുടെ പരാതി.










0 comments