print edition അലയായ്...

അൾജീരിയ ക്കെതിരെ ഹാട്രിക് തികച്ച ലയണൽ മെസി സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
കൻസാസ് സിറ്റി: ചാന്പ്യൻമാരുടെ പകിട്ടോടെ അർജന്റീന തുടങ്ങി. അൾജീരിയയെ മൂന്ന് ഗോളിന് തകർത്തപ്പോൾ ഹാട്രിക്കുമായി ലയണൽ മെസി ഒരുപിടി റെക്കോഡുകൾ കുറിച്ചു. മുന്പ് രണ്ട് തവണയും ലോക ചാന്പ്യൻമാരായശേഷം ആദ്യ കളിയിൽ തോൽവിയായിരുന്നു. 1982ലും 1990ലും ആദ്യ കളി തോറ്റു. ഇക്കുറി ലയണൽ സ്‌കലോണിയും സംഘവും ചരിത്രം തിരുത്തി.
മെസിയെ മുൻനിർത്തിയുള്ള തന്ത്രമാണ് ആദ്യ കളിയിൽ സ്‌കലോണി പുറത്തെടുത്തത്. മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി കളിക്കുന്പോൾ പരിക്കേറ്റ മെസി ആദ്യ സന്നാഹ മത്സരം കളിച്ചിരുന്നില്ല. രണ്ടാം മത്സരത്തിൽ ഐസ്‌ലൻഡിനെതിരെ ഗോളടിച്ചു. ദേശീയ കുപ്പായത്തിൽ 200-–ാം മത്സരമായിരുന്നു. 120 ഗോളായി. കളി ജീവിതത്തിലാകെ 914.
കളി തുടങ്ങി നാലാം മിനിറ്റിൽ മുപ്പത്തെട്ടുകാരൻ പന്ത് അൾജീരിയൻ വലയിലെത്തിച്ചതാണ്. റഫറി ഓഫ് സൈഡ് വിധിച്ചു. നാല് മിനിറ്റിനുള്ളിൽ ഫാറെസ് ചയ്‌ബി അൾജീരിയക്കായി വല കുലുക്കിയപ്പോൾ അർജന്റീന ഞെട്ടി. പക്ഷേ, അതും ഓഫ് സൈഡായി.
ഏറെ കാത്തിരിക്കേണ്ടിവന്നില്ല. റോഡ്രിഗോ ഡിപോൾ നീട്ടിയടിച്ച പന്ത് കാലിലൊതുക്കിയ മെസി 25വാര അകലെനിന്നും മിന്നുന്ന അടി പായിച്ചു. ഫ്രാൻസിന്റെ ഇതിഹാസതാരം സിനദിൻ സിദാന്റെ മകൻ ലൂക്കാ സിദാനായിരുന്നു അൾജീരിയ വലയ്‌ക്കുമുന്നിലെ കാവൽക്കാരൻ. ലൂക്കായ്‌ക്കും ഒന്നും ചെയ്യാനായില്ല.
ഇടവേളയ്‌ക്കുശേഷം ലൂക്കായുടെ പിഴവിൽ രണ്ടാംഗോൾ. അലെക്‌സ് മക് അലിസ്‌റ്റർ നീട്ടിയടിച്ച പന്ത് ലൂക്കാ തടുത്തിട്ടെങ്കിലും ഗോൾമുഖത്തുണ്ടായിരുന്ന മെസിയെ തടയാനായില്ല.
നിക്കോ ഗൊൺസാലസിന്റെ നീക്കത്തിലായിരുന്നു ഹാട്രിക് പൂർത്തിയാക്കിയത്. എൺപതാം മിനിറ്റിൽ കളംവിട്ടു. 22ന് ഓസ്‌ട്രിയയുമായാണ് അടുത്ത കളി.
കാലങ്ങളെഴുതി ക്ലാസിക് മെസി
ശാന്തതയിൽനിന്ന് കൊടുങ്കാറ്റുണ്ടായി. ഇടംകാൽ ലോകത്തെ കാൽപ്പന്തിൽ കുരുക്കി. ആറ് ലോകകപ്പുകൾ. രണ്ട് ഫൈനൽ. ഒരു കിരീടം. ആറാം ലോകകപ്പിലെ ആദ്യ കളിയിൽ അൾജീരിയക്കെതിരെ ഹാട്രിക് കുറിച്ചുകൊണ്ട് മറ്റൊരു അധ്യായം. മുപ്പത്തെട്ടാം വയസിൽ. ലോകകപ്പിലെ ഏറ്റവും മികച്ച ഗോളടിക്കാരൻ.
2006ലെ നാണംകുണുങ്ങിയായ പതിനെട്ടുകാരനിൽനിന്ന് മുപ്പത്തെട്ട് വയസിലെത്തുന്പോൾ ലയണൽ മെസിയിൽ പൂർണത നിറയുന്നു.
2006, വേദി ജർമനി
സംഘർഷം നിറഞ്ഞൊരു കാലഘട്ടത്തിലായിരുന്നു അർജന്റീനയുടെ ലോകകപ്പ് സംഘത്തിൽ ആദ്യമായി ഇടംപിടിക്കുന്നത്. ഹോസെ പെക്കെർമാൻ പരിശീലകൻ. ജൂൺ 16ന് ജർമനിയിലെ ഗെൽസൺകിർചെൺ സ്‌റ്റേഡിയത്തിൽ സെർബിയയുമായുള്ള മത്സരം.
കളിയുടെ 75–ാം മിനിറ്റിൽ മാക്‌സി റോഡ്രിഗസിനെ പെക്കെർമാൻ പിൻവലിച്ചു. മെസി ആദ്യമായി ലോകകപ്പിന്റെ കളംതൊട്ടു. ആദ്യം ക്രെസ്‌പോയുടെ ഗോളിന് അവസരമൊരുക്കി. 88–ാം മിനിറ്റിൽ അർജന്റീനയുടെ ആറാംഗോൾ ആ ഇടംകാലിൽനിന്ന് പിറന്നു.
2010, വേദി ദക്ഷിണാഫ്രിക്ക
മെസി കളിക്കുന്നത് മെസിക്കുവേണ്ടി മാത്രമാണ്. ടീമിനുവേണ്ടിയല്ല – ദ്യേഗോ മാറഡോണ ഒരിക്കൽപ്പറഞ്ഞു. അതേ മാറഡോണയെ 2010 ലോകകപ്പിനുള്ള പരിശീലകനാക്കി അർജന്റീന. ലോകകപ്പിൽ ജർമനിയോട് അനിവാര്യമായ പതനം ഏറ്റ് മടങ്ങുന്പോൾ മെസിയുടെ കളിജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായി അത് വിലയിരുത്തപ്പെട്ടു. അഞ്ച് കളിയിൽ ഒറ്റഗോളില്ല.
2014, വേദി ബ്രസീൽ
അന്പത്താറുകാരൻ അലയാൻഡ്രോ സബെല്ല ദേശീയ ടീമിന്റെ സ്ഥാനം ഏറ്റെടുത്തു. ആദ്യം പോയത് ബാഴ്‌സലോണ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അടുത്തേക്കായിരുന്നു. ‘അയാളുടെ ജോലി എളുപ്പമാക്കുന്ന കളിക്കാരെ കൊണ്ട് അയാളെ സംരക്ഷിക്കുക. അയാളിൽ സ്‌നേഹം നിറയ്‌ക്കുക’.
ഗ്വാർഡിയോളയുടെ ഉപദേശം അതു മാത്രമായിരുന്നു. ബോസ്‌നിയക്കെതിരെയും ഇറാനെതിരെയും തൊടുത്ത മനോഹര ഗോളുകൾ. ഫൈനലിൽ ജർമനിയോട് ഒറ്റ ഗോളിന് തോറ്റപ്പോഴും മെസിയായി ലോകകപ്പിന്റെ താരം.
2018, വേദി റഷ്യ
രണ്ട് കോപ ഫൈനലുകളിൽ കൂടി തോറ്റപ്പോൾ സ്വയം മടുത്തു. വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു ദിവസം ഫേസ്‌ബുക്കിൽ ഒരു പതിനഞ്ചുകാരൻ മെസിക്ക് ഒരു സന്ദേശമയച്ചു. ‘നിങ്ങൾ തുടരണം. നിങ്ങൾ സ്വയം ആസ്വദിക്കൂ, ആഘോഷിക്കൂ. ആ ആനന്ദമാണ് ഞങ്ങൾക്ക് വേണ്ടത്. അതിന് വേണ്ടി നിങ്ങൾ കളിക്കൂ’.
ആ സന്ദേശമയച്ച പതിനഞ്ചുകാരൻ പിൽക്കാലത്ത് മെസിക്കൊപ്പം പന്ത് തട്ടി. 2022 ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ മുഖ്യ പങ്കുവഹിച്ച എൺസോ ഫെർണാണ്ടസ്.
ഹൊസെ സന്പവോളിക്ക് കീഴിൽ 2018 ലോകകപ്പ് ദുരന്തമായി.
2022, വേദി ഖത്തർ
ലയണൽ സ്‌കലോണിക്ക് കീഴിലെ അപരാജിത സംഘം. ആദ്യ കളിയിൽ സൗദി അറേബ്യയോട് തോറ്റപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല. ‘നമ്മൾ അടുത്ത കളിയിൽ മെക്‌സിക്കോയെ കൊല്ലും’ എന്നായിരുന്നു സഹതാരങ്ങളോട് മെസി പറഞ്ഞത്.
നെതർലൻഡ്‌സിനെതിരെ കലഹിക്കുന്ന ഒരു കുട്ടിയെ കണ്ടു. റൊസാരിയോയിലെ പന്ത്രണ്ടുകാരൻ അവിടെ പുനർജനിച്ചു. ഫൈനലിൽ ഫ്രാൻസിനെ കീഴടക്കി ലോക കിരീടം നെഞ്ചോട് ചേർത്തു.അമേരിക്കയിൽ മറ്റൊരു അധ്യായം ആരംഭിക്കുന്നു.










0 comments