Deshabhimani

'ഗുഡ് ബൈ' മെസ്സി: നാളെ വിടവാങ്ങല്‍ മത്സരം, എതിരാളികള്‍ ബെനിന്‍

Messi
വെബ് ഡെസ്ക്

Published on Oct 05, 2026, 10:49 AM | 2 min read

ബ്യൂണസ് ഐറിസ് : അർജന്റീന കുപ്പായത്തിൽ ലയണൽ മെസ്സിയുടെ അവസാന മത്സരം നാളെ. പുലർച്ചെ 4.30 ന് ബ്യൂണസ് ഐറിസിലാണ് മത്സരം. ആഫ്രിക്കൻ ടീമായ ബെനിനെതിരെയാണ് മത്സരം. ഇതോടെ അർജന്റീനയുടെ ഇതിഹാസ താരം അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറയും.


ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങൾ, ഫൈനലിസിമ എന്നിവ ഉൾപ്പെടുന്നതാണ് മെസ്സിയുടെ അന്താരാഷ്ട്ര നേട്ടങ്ങൾ. അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ടോപ് സ്കോററുമാണ് താരം. 207 മത്സരങ്ങളിൽ 125 ഗോളും 68 അസിസ്റ്റുമാണ് മെസ്സിയുടെ സമ്പാദ്യം.


നീലയും വെള്ളയും ജഴ്‌സി മെസ്സി അവസാനമായി അണിയുമ്പോള്‍ ജഴ്‌സിക്കുമുണ്ട് പ്രത്യേകത. പത്താം നമ്പറും മെസ്സിയുടെ പേരും സ്വര്‍ണം നിറത്തിലാവും ജഴ്‌സിയില്‍ ആലേഖനം ചെയ്യുക. ന്യൂജഴ്‌സിയിൽ സ്പെയിനിനെതിരായ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ട് രണ്ടര മാസത്തിന് ശേഷമാണ് താരത്തിന്റെ വിടവാങ്ങൽ മത്സരം.


മത്സരശേഷം കണ്ണീരോടെയാണ് താരം മൈതാനം വിട്ടത്. യുവതാരങ്ങൾക്ക് അവസരം നൽകേണ്ട സമയമാണെന്നും തനിക്ക് നൽകാനുള്ളതെല്ലാം നൽകിയെന്നും വിരമിക്കൽ പ്രഖ്യാപന വേളയിൽ മെസ്സി പറഞ്ഞിരുന്നു.


2022 ലോകകപ്പ് നേടിയ അർജന്റീന ടീമിലെ താരങ്ങളും കുടുംബാംഗങ്ങളും മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിന് സാക്ഷികളാകും. 2024ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച എയ്ഞ്ചൽ ഡി മരിയയും മത്സരത്തിനെത്തും.


മെസ്സിക്ക് പകരക്കാരനെ കണ്ടെത്തുക എളുപ്പമല്ലെന്ന് പരിശീലകൻ ലയണൽ സ്കലോണി വ്യക്തമാക്കി. താരത്തിന് ശേഷം ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പുതിയ തലമുറ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


38കാരനായ വൈസ് ക്യാപ്റ്റൻ നിക്കോളാസ് ഒട്ടമെൻഡിയും ബെനിനെതിരായ മത്സരത്തോടെ അർജന്റീനയോട് വിടപറയും. റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോ സെൽസോ എന്നിവരെയും ബെനിൻ മത്സരത്തിനായി മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


മെസ്സിക്ക് ശേഷം ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ ക്യാപ്റ്റനാകുമെന്നാണ് സൂചന. എമിലിയാനോ മാർട്ടിനസും ലൗതാരോ മാർട്ടിനസുമാണ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മറ്റ് പ്രധാന താരങ്ങൾ. മെസ്സിയില്ലാതെയും പുതിയ തലമുറയുടെ കരുത്ത് അർജന്റീന ഇതിനകം തെളിയിച്ചിട്ടുണ്ട്.


ബൊളീവിയയെ 4–0ന് തോൽപ്പിച്ച അർജന്റീന പിന്നാലെ ബുർക്കിന ഫാസോയെ 7–0നും തകർത്തു. ഫ്രാങ്കോ മാസ്റ്റാന്റുവോനോ, ജിയാൻലൂക്ക പ്രെസ്റ്റിയാനി തുടങ്ങിയ യുവതാരങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഗോളും നേടി.


മെസ്സിയുടെ പത്താം നമ്പർ ജഴ്സി ഇനി ആർക്കാകും ലഭിക്കുക എന്നതും ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. വിടവാങ്ങൽ മത്സരത്തിന് ശേഷം മാത്രമേ പത്താം നമ്പർ സംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് സ്കലോണി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home