114 റഫാൽ യുദ്ധവിമാനങ്ങൾ; 3.25 ലക്ഷം കോടിയുടെ കരാർ മാർച്ചോടെ പൂർത്തിയാക്കാൻ ഇന്ത്യ

ന്യൂഡൽഹി : ഫ്രാൻസിൽനിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള വൻ പ്രതിരോധ ഇടപാട് അടുത്ത സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാന ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 114 റഫാൽ വിമാനങ്ങൾ വാങ്ങുന്നത്. ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവിട്ടാണ് യുദ്ധവിമാനങ്ങൾ വാങ്ങുന്നത്. ഈ വൻ പദ്ധതിക്ക് 2026 ഫെബ്രുവരിയിൽ ഡിഎസി അനുമതി നൽകിയിരുന്നു.
പദ്ധതിയുടെ ഭാഗമായി ഭൂരിഭാഗം വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.ഏകദേശം 90 എണ്ണം ഫ്രഞ്ച് കമ്പനിയായ ഡസോ ഏവിയേഷനും ഇന്ത്യയിലെ പങ്കാളിയും ചേർന്ന് രാജ്യത്ത് നിർമിക്കാനാണ് നീക്കം. ബാക്കി വിമാനങ്ങൾ ഫ്രാൻസിൽനിന്ന് നേരിട്ട് എത്തിക്കും.
പുതിയ റഫാൽ വിമാനങ്ങളിൽ കൂടുതൽ ഇന്ത്യൻ നിർമിത ആയുധങ്ങളും സംവിധാനങ്ങളും ഉൾപ്പെടുത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ആയുധങ്ങൾ വിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിന് ഫ്രഞ്ച് കമ്പനി സമ്മതിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയുടെ കൈവശം നിലവിൽ 36 റഫാൽ വിമാനങ്ങളുണ്ട്. നാവികസേനയ്ക്കായി 26 റഫാൽ മറൈൻ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറും നിലവിലുണ്ട്. കഴിഞ്ഞ വർഷമാണ് ഈ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവച്ചത്.
114 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ അന്തിമഘട്ടത്തിലെത്തിയാൽ കേന്ദ്രസർക്കാർ ഒപ്പിടുന്ന ഏറ്റവും വലിയ പ്രതിരോധകരാറായി ഇത് മാറും. നേരത്തെ എഫ്–35, എസ്‌യു–57 പോലെയുള്ള അഞ്ചാംതലമുറ പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൈമാറാമെന്ന് അറിയിച്ച് റഷ്യയും അമേരിക്കയും രംഗത്തെത്തിയിരുന്നു. എന്നാൽ, 4.5 തലമുറയിലുള്ള റഫാൽതന്നെ വാങ്ങാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.








0 comments