അർജന്റീനയിൽ അവസാന മത്സരം കളിച്ചു, വെനസ്വേലയ്‌ക്കെതിരെ ഇരട്ടഗോൾ

വികാരപ്പന്തുമായി മെസി

Lionel Messi

ലയണൽ മെസി മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവർക്കൊപ്പം

avatar
Sports Desk

Published on Sep 07, 2025, 02:15 AM | 1 min read


ബ്യൂണസ്‌ ഐറിസ്‌

വിരമിക്കൽ പ്രഖ്യാപിച്ചില്ലെങ്കിലും സ്വന്തം മണ്ണിൽ വിടവാങ്ങൽ മത്സരം കളിച്ച്‌ ലയണൽ മെസി. ലാറ്റിനമേരിക്കൻ ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ റ‍ൗണ്ടിൽ വെനസ്വേലയ്‌ക്കെതിരെ മുപ്പത്തെട്ടുകാരന്റെ അർജന്റീനയിലെ അവസാന മത്സരമായാണ്‌ കണക്കാക്കപ്പെടുന്നത്‌. വിടവാങ്ങൽ മത്സരത്തിന്‌ സമാനമായ സാഹചര്യമായിരുന്നു ബ്യൂണസ്‌ ഐറിസിലെ മൊണുമെന്റൽ സ്‌റ്റേഡിയത്തിൽ. 80,000 കാണികളാണ്‌ കളി കാണാനെത്തിയത്‌. ‘നന്ദി ക്യാപ്‌റ്റൻ’ എന്ന ബാനറുമായി മെസിക്ക്‌ ആർപ്പുവിളിയുമായി ഗ്യാലറി ആദരവുകാട്ടി. താരത്തിന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം മത്സരം കാണാനെത്തിയിരുന്നു. ഇരട്ടഗോളുമായി മെസി മിന്നിയപ്പോൾ കളി 3–0ന്‌ അർജന്റീന നേടി. ല‍ൗതാരോ മാർട്ടിനെസ്‌ പട്ടിക പൂർത്തിയാക്കി.


മൊണുമെന്റൽ സ്‌റ്റേഡിയത്തിൽ വൈകാരികമായിരുന്നു കാര്യങ്ങൾ. മത്സരത്തിനുമുമ്പ്‌ പരിശീലനത്തിനായെത്തിയ മെസി ആരാധകസ്‌നേഹത്തിൽ വിതുമ്പി. തുടർന്ന്‌ സഹതാരങ്ങളോട്‌ കുശലംപറഞ്ഞും പന്തുതട്ടിയും അൽപ്പസമയം ചെലവഴിച്ചു. മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവർക്കൊപ്പമാണ്‌ മത്സരത്തിനായി ഇറങ്ങിയത്‌. മൂന്ന്‌ മക്കളുടെ കൈപിടിച്ച്‌ ദേശീയ ഗാനത്തിനായി അണിനിരന്നപ്പോഴും കരയാതിരിക്കാൻ പ്രയാസപ്പെട്ടു. മക്കളെ കെട്ടിപ്പിടിച്ചശേഷം കളത്തിലേക്ക്‌.


വിസിൽ മുഴങ്ങിയപ്പോൾ മറ്റൊരു മെസിയെ കാണാനായി. പതിവുശൈലിയിൽ തകർത്തുകളിച്ചു. സുന്ദരമായ പാസുകളിലൂടെയും മുന്നേറ്റങ്ങളിലൂടെയും എതിരാളികളെ വെള്ളംകുടിപ്പിച്ചു. ഇടവേളക്കുമുമ്പായിരുന്നു ആദ്യ ഗോൾ. 80–ാം മിനിറ്റിൽ രണ്ടാമത്തേതും. മത്സരശേഷം ഇനിയൊരു വരവുണ്ടാകില്ലെന്ന സൂചന നൽകി. പരിശീലകരെയും സഹതാരങ്ങളെയും പുണർന്നാണ്‌ മുന്നേറ്റക്കാരൻ കളംവിട്ടത്‌.

ലോകകപ്പിന്‌ ഇനിയും 
സമയമുണ്ട്‌: മെസി

അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പിന്‌ കളിക്കുന്ന കാര്യം പിന്നീട്‌ തീരുമാനിക്കുമെന്ന്‌ ലയണൽ മെസി. ‘കഴിഞ്ഞ ലോകകപ്പിനുശേഷം ഇനിയൊരു പതിപ്പിന്‌ ഉണ്ടാകില്ലെന്നാണ്‌ പറഞ്ഞത്‌. 39 വയസ്സാകുമെനിക്ക്‌. ഇപ്പോൾ ഒമ്പതുമാസം അകലെയാണ്‌ ലോകകപ്പ്‌. കളി തുടരാനാണെനിക്കിഷ്ടം. പക്ഷേ, അവസാനിക്കുന്ന ഒരു സമയം വരും. ആരോഗ്യം അനുവദിക്കേണ്ടതുണ്ട്‌. അതിനാൽ ലോകകപ്പിനെക്കുറിച്ച്‌ ഇപ്പോൾ ഒന്നും പറയാനാകില്ല’– മെസി വെനസ്വേലയ്‌ക്കെതിരായ മത്സരശേഷം പറഞ്ഞു.


പരിക്കില്ലാതെ നീങ്ങുകയാണെങ്കിൽ കളിക്കാനാകുമെന്ന സൂചനയും മെസി നൽകുന്നുണ്ട്‌. നന്നായി ഇരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇ‍ൗ സീസൺ കഴിയട്ടെ. എല്ലാം പിന്നീട്‌ തീരുമാനിക്കാം–അർജന്റീന ക്യാപ്‌റ്റൻ കൂട്ടിചേർത്തു. 10ന്‌ ഇക്വഡോറുമായുള്ള കളിയിലുണ്ടാകില്ലെന്നും മെസി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home