print edition നീയാകുന്നു നീലവാനം

അറ്റ്‌ലാന്റ
: റയൽ മാഡ്രിഡ്–ബാഴ്‌സലോണ എൽ ക്ലാസികോയ്‌ക്ക് തൊട്ടുമുന്പ് ഒരുതവണ കോച്ച് ഹൊസെ മൊറീന്യോ ഇങ്ങനെ പറഞ്ഞു. ‘ഒറ്റയാളെക്കൊണ്ടു മാത്രം മെസിയെ തടയാനാകില്ല. കൂടുണ്ടാക്കി അതിൽ തളയ്‌ക്കണം. പക്ഷേ, ഒരു തവണ പന്ത് മെസിക്ക് കിട്ടിയാൽ നിങ്ങൾ അവസാനിച്ചുവെന്ന് കരുതിയാൽ മതി’.
അറ്റ്‌ലാന്റയിലെ ഒന്നരമണിക്കൂറിനുശേഷം ഇംഗ്ലീഷ് പരിശീലകൻ തോമസ് ടുഷെലിനും മധ്യനിരക്കാരൻ എല്ലിയട്ട് ആൻഡേഴ്‌സണും മൊറീന്യോയുടെ വാക്കുകൾ കൃത്യമായി മനസിലായിട്ടുണ്ടാകും. ആൻഡേഴ്‌സണും മാർക് ഗേഹിയുമൊരുക്കിയ കൂട്ടിലായിരുന്നു മെസി മുക്കാൽ സമയവും. പക്ഷേ, കെട്ടുപൊട്ടിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ജയമെന്ന സ്വപ്‌നം തകർത്താണ് അവസാനിപ്പിച്ചത്. കളിജീവിതത്തിൽ ആദ്യമായാണ് മുപ്പത്തൊന്പതുകാരൻ ഇംഗ്ലീഷുകാർക്കെതിരെ ഇറങ്ങിയത്. അർജന്റീനയുടെ രണ്ട് ഗോളിന് അവസരമൊരുക്കി. ഒന്പത് തവണ ഡ്രിബ്‌ൾ ചെയ്‌തു. ഇംഗ്ലണ്ടിന്റെ എല്ലാ കളിക്കാരും ചേർന്ന് നടത്തിയത് ഏഴെണ്ണം മാത്രം.
ബോക്‌സിനകത്ത്‌വച്ച് മെസി ഏഴ് തവണ പന്ത്‌തൊട്ടു. നാല് അവസരങ്ങൾ സൃഷ്‌ടിച്ചു. ഒന്പത് ക്രോസുകൾ തൊടുത്തു.
അതുവരെ ബോക്‌സിന് പുറത്ത് നടന്നുനീങ്ങിയ മെസി പന്ത് കിട്ടുന്ന നിമിഷം മുതൽ അരൂപിയായി മാറും. നീക്കങ്ങളോ ഷോട്ടുകളോ അനുമാനങ്ങൾക്കപ്പുറത്തായിരിക്കും. മെക്‌സിക്കോ, നോർവെ ടീമുകൾക്കെതിരെ പുറത്തെടുത്ത പ്രതിരോധതന്ത്രം അർജന്റീനയ്‌ക്കെതിരെ ഇംഗ്ലണ്ടിന് നടപ്പാക്കാൻ കഴിയാത്തത് മെസിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്.
ലോകകപ്പിന്റെ ഇൗ പതിപ്പിൽ എട്ട് ഗോളും നാല് അവസരമൊരുക്കലുമായി അർജന്റീന ക്യാപ്‌റ്റന്. കഴിഞ്ഞ തവണ ഏഴ് ഗോളായിരുന്നു നേടിയത്.
ലോകകപ്പിലാകെ 21 ഗോൾ. 12 അവസരമൊരുക്കൽ. നേടിയ 21 ഗോളിൽ പതിനഞ്ചും 35 വയസിനുശേഷമാണ്. സ്‌പെയ്‌നുമായുള്ള ഫൈനലാണ് ശ്രദ്ധാകേന്ദ്രം. മെസിയുടെ കളിജീവിതവും സ്‌പെയ്‌നിലായിരുന്നു. ബാഴ്‌സലോണയുടെ കളിക്കുപ്പായം മെസിയുടെ ജീവിതംതന്നെയാണ്.
മാറഡോണയ്‌ക്കുള്ള സമ്മാനം
അറ്റ്‌ലാന്റ
: ഇംഗ്ലണ്ടിനെതിരായ അർജന്റീനയുടെ സെമി വിജയം ഇതിഹാസതാരം ദ്യേഗോ മാറഡോണയ്‌ക്ക് സമർപ്പിച്ച് ലയണൽ മെസി. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലാണ് അർജന്റീന ക്യാപ്‌റ്റൻ മനസ്സുതുറന്നത്. ‘ദ്യേഗോ മഹാനായ കളിക്കാരനാണ്. ഒരിക്കലും അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല. 2010ൽ പരിശീലകനായി കൂടെയുണ്ടായിരുന്നു. അർജന്റീന ടീം എത്രത്തോളം ദ്യേഗോയ്‌ക്ക് പ്രിയപ്പെട്ടതാണെന്ന് എനിക്കറിയാം. എവിടെയാണെങ്കിലും ഇപ്പോൾ ഇതെല്ലാം ആസ്വദിക്കുന്നുണ്ടാകും. ഇൗ ജയം അദ്ദേഹത്തിനുള്ളതാണ്’–മെസി പറഞ്ഞു. 2020ലാണ് മാറഡോണ മരണപ്പെട്ടത്. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ ചരിത്രപ്രസിദ്ധമായ രണ്ട് ഗോളുകൾ നേടിയ താരമാണ്.











0 comments