ad
Deshabhimani

ഇറാനിൽ യുഎസ് വ്യോമാക്രമണം ശക്തം; പ്രധാന കേന്ദ്രങ്ങൾ തകർന്നു, രണ്ട് മരണം

US Attack

യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണം| Photo: Screengrab X

വെബ് ഡെസ്ക്

Published on Jul 17, 2026, 07:49 AM | 2 min read

തെഹ്‌റാൻ : ഗൾഫ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തി ഇറാനെതിരെയുള്ള സൈനിക നടപടികൾ യുഎസ് ശക്തമാക്കി. വ്യാഴാഴ്ച തെക്കുകിഴക്കൻ ഇറാനെ ലക്ഷ്യമാക്കി യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ മൂന്ന് തന്ത്രപ്രധാന പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ, സിവിലിയൻ വിമാനത്താവളം എന്നിവ തകർന്നു. മിസൈലാക്രമണങ്ങളിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.


ബന്ദർ അബ്ബാസിനെ ലാറുമായി ബന്ധിപ്പിക്കുന്ന പ്രധാന ഓവർപാസായ ബന്ദർ ഖമിർ പാലത്തിന് നേരെ വാഹനങ്ങൾ കടന്നുപോകുന്നതിനിടെയാണ് യുഎസ് ബോംബാക്രമണം നടത്തിയത്. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗരിവെ പാലത്തിന് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടു. കോഹുറെസ്ഥാനിലെ ഷൂർ നദി പാലം കൂടി തകർന്നതോടെ ബന്ദർ അബ്ബാസ്–ലാർ ഹൈവേയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.


ബന്ദർ അബ്ബാസിന്റെ പടിഞ്ഞാറൻ മേഖലയിൽ ഷാഹിദ് രാജായി തുറമുഖത്തെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ സ്റ്റേഷനും ബോംബാക്രമണത്തിൽ തകർന്നു. ബന്ദർ അബ്ബാസിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിന് നേരെ യുഎസ് യുദ്ധവിമാനങ്ങൾ കൃത്യതയാർന്ന മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇതിന്റെ ആഘാതത്തിൽ സമീപത്തെ ജനവാസ മേഖലകളിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.


തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹർ സിവിലിയൻ വിമാനത്താവളമാണ് ആക്രമിക്കപ്പെട്ട മറ്റൊരു പ്രധാന കേന്ദ്രം. യുഎസ് മിസൈലുകൾ പതിച്ചതിനെ തുടർന്ന് വിമാനത്താവള റൺവേയ്ക്ക് സമീപം കനത്ത തീപിടിത്തമുണ്ടാവുകയും പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെടുകയും ചെയ്തു.


ഇറാന്റെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച പുതിയ സൈനിക നടപടിയുടെ ഭാഗമാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ബന്ദർ അബ്ബാസ്, ബുഷെഹർ, ഗ്രേറ്റർ ടുൻബ് ദ്വീപ് എന്നിവിടങ്ങളിലും സമാനമായ ആക്രമണങ്ങൾ യുഎസ് നടത്തിയിരുന്നു.


ഇറാനിലെ പാലങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുദ്ധക്കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സംഘർഷങ്ങളിൽ ഇതുവരെ 35ലധികം പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home