വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിങ് റോഡ് വൈകിപ്പിച്ച് കേന്ദ്രം; അനങ്ങാതെ യുഡിഎഫ് സർക്കാർ


സ്വന്തം ലേഖകൻ
Published on Jul 17, 2026, 08:40 AM | 1 min read
തിരുവനന്തപുരം : വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് പദ്ധതിയെ പാരിസ്ഥിതികാനുമതിയുടെ പേരിൽ കേന്ദ്ര സർക്കാർ അനാവശ്യമായി വൈകിപ്പിക്കുമ്പോഴും അനങ്ങാതെ യുഡിഎഫ് സർക്കാർ. വീണ്ടും പഠനം വേണമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം. എന്നാൽ, പദ്ധതി നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻപോലും സർക്കാർ തയ്യാറാകുന്നില്ല. കേന്ദ്ര സർക്കാരിന്റെ അനാസ്ഥ കണ്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രി വി ഡി സതീശനും. പദ്ധതിക്കായി 1629.24 കോടി രൂപയുടെ ബാധ്യത എൽഡിഎഫ് സർക്കാർ ഏറ്റെടുത്തിരുന്നു. പദ്ധതി വൈകിപ്പിച്ചാൽ അലൈൻമെന്റ് നിശ്ചയിച്ച് സ്ഥാപിച്ച കല്ലുകൾ പിഴുതെറിയുമെന്ന് ഭൂഉടമകളുടെ ആക്ഷൻ കൗൺസിൽ പറയുന്നു.
ദേശീയപാത നിർമാണത്തിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങൾ കാരണമാണ് പുതിയ പാതകളുടെ നിർമാണത്തിൽ കൂടുതൽ പഠനമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഇവിടെ വിദഗ്‌ധ സമിതി പഠനം നടന്നതാണ്. കുന്നിടിച്ച് റോഡ് നിർമിക്കേണ്ട സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഒഴിവാക്കാൻ ടണൽ പാതകൾ നിർമിക്കാനും ശുപാർശ ചെയ്തിരുന്നു. പ്രധാനമായും പുല്ലമ്പാറ, മാണിക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളിലാണ് കുന്നിടിച്ച് റോഡ് നിർമിക്കേണ്ടത്. ഇങ്ങനെ ഒമ്പതിടങ്ങളിൽ ടണലുകൾ പരിഗണനയിലുണ്ട്. 24 വില്ലേജുകളിൽക്കൂടിയാണ് ഔട്ടർ റിങ് റോഡ് കടന്നുപോകുന്നത്.
കഴിഞ്ഞവർഷം ഔട്ടർ റിങ് റോഡിന് പ്രാഥമിക വിജ്ഞാപനം (3എ) പ്രസിദ്ധീകരിച്ചെങ്കിലും സംസ്ഥാനവിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർബന്ധംപിടിച്ചതോടെ പദ്ധതി നീണ്ടു. ഇതോടെയാണ് 1629.24 കോടി രൂപയുടെ അധികബാധ്യത എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്. പദ്ധതി നീണ്ടതോടെ ആദ്യഘട്ട വിജ്ഞാപനം റദ്ദായി. ഇതിന്റെ സാമ്പത്തികപങ്കാളിത്ത കരാറിന് മന്ത്രിസഭ ആഗസ്തിൽ അംഗീകാരം നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം സംസ്ഥാനമാണ് നൽകുക. പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നുതവണ കേന്ദ്രമന്ത്രിയെ കണ്ടിരുന്നു. പലതവണ കത്തുകളും അയച്ചു. കേന്ദ്രനടപടി വൈകുന്നതിനാൽ ഭൂഉടമകൾക്ക് വസ്‌തു പണയപ്പെടുത്തി വായ്‌പ എടുക്കാനോ കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല. ഇതോടെ ചിലർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരം വൈകുന്നതിൽ കോടതി അതൃപ്തിയും അറിയിച്ചു. 62.70 കിലോമീറ്റർ റിങ് റോഡിനായി 291.8 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്.











0 comments