റഷ്യൻ അതിർത്തികൾക്ക് നേരെ യുക്രെയ്ൻ വ്യോമാക്രമണം; ശക്തമായി തിരിച്ചടിച്ച് റഷ്യ

Photo:Reuters
മോസ്കോ/കീവ് : റഷ്യൻ അതിർത്തികൾ ലക്ഷ്യമിട്ടുള്ള യുക്രെയ്ന്റെ നിരന്തര പ്രകോപനങ്ങൾക്ക് വ്യോമാക്രമണങ്ങളിലൂടെ ശക്തമായ തിരിച്ചടി നൽകി റഷ്യ. കഴിഞ്ഞ നാല് വർഷത്തിലേറെയായി യുക്രെയ്ൻ തുടരുന്ന യുദ്ധത്തിൽ, യുക്രെയ്ൻ പ്രതിരോധ നിരകളെയും സൈനിക-സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വ്യാഴാഴ്ച റഷ്യ നടത്തിയ പ്രത്യാക്രമണങ്ങളിൽ യുക്രെയ്നിൽ കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തു.
യുക്രെയ്ന്റെ തെക്കുകിഴക്കൻ നഗരമായ സാപ്പോറീഷ്യയിൽ റഷ്യൻ സൈന്യം നടത്തിയ ഗൈഡഡ് ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റഷ്യൻ സൈന്യം ആക്രമണം കടുപ്പിച്ചതോടെ സാപ്പോറീഷ്യയിലെ യുക്രെയ്ൻ കേന്ദ്രങ്ങൾ പൂർണമായും തകർന്ന നിലയിലാണ്. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ യുക്രെയ്ൻ രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
യുക്രെയ്ന്റെ തന്ത്രപ്രധാനമായ കരിങ്കടൽ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന്റെ സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കാണ് റഷ്യൻ ആക്രമണത്തിൽ നാശനഷ്ടമുണ്ടായത്. കിഴക്കൻ മേഖലയായ കുപിയാൻസ്‌കിന് സമീപവും ഹർകീവ് അതിർത്തിക്ക് പുറത്തും റഷ്യ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാല് പേർ കൊല്ലപ്പെട്ടു.
ഡൊനെറ്റ്സ്ക് മേഖലയിലെ ക്രാമറ്റോർസ്കിന് സമീപം ഉണ്ടായ റഷ്യൻ സൈനിക നടപടിയിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ സൈന്യം വലിയ പ്രതിരോധ കോട്ട തീർത്ത ക്രാമറ്റോർസ്കിൽ റഷ്യൻ സേന തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. റഷ്യൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറാൻ യുക്രെയ്ൻ സൈന്യം ഇപ്പോഴും ശ്രമങ്ങൾ നടത്തുന്നുണ്ട്. റഷ്യൻ അതിർത്തിയോട് ചേർന്നുള്ള ബെൽഗൊറോഡ് മേഖലയിലെ ജനവാസ കേന്ദ്രത്തിന് നേരെ യുക്രെയ്ൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു റഷ്യൻ പൗരൻ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി.
ഡൊനെറ്റ്സ്ക് മേഖലയിൽ റഷ്യ സ്വതന്ത്രമാക്കിയ പ്രദേശങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണത്തലവനായ ഡെനിസ് പുഷിലിൻ അറിയിച്ചു. അതിർത്തി കടന്നുള്ള ഇത്തരം യുക്രെയ്ൻ ആക്രമണങ്ങളെ റഷ്യൻ പ്രതിരോധ സേന വിജയകരമായി പ്രതിരോധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.











0 comments