ടെക്സസിൽ കനത്ത പ്രളയം; രണ്ട് പേർ മരിച്ചു, കനത്ത മഴ തുടരുന്നു

ടെക്സസിലെ പ്രളയക്കെടുതി| Photo: Reuters
ഹൂസ്റ്റൺ : അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി. പ്രളയജലത്തിൽ വാഹനങ്ങൾ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചതായി ടെക്സസ് ഗവർണർ അറിയിച്ചു. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് റെക്കോഡുകൾ ഭേദിക്കുന്ന കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രളയക്കെടുതി കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ആർവി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഒരു പുരുഷനും, പ്രളയജലത്തിൽ മുങ്ങിപ്പോയ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന സ്ത്രീയുമാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കനത്ത പ്രളയത്തിൽ കുടുങ്ങിയ 230ലധികം പേരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഹെലികോപ്റ്ററിന്റെയും റെസ്ക്യൂ നീന്തൽക്കാരുടെയും സഹായത്തോടെ ഒരു ട്രക്കിൽ കുടുങ്ങിക്കിടന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ വളർത്തുനായയെയും എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.
ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ ബോട്ടുകളും ഉൾപ്പെടെ 1400 ഓളം അത്യാധുനിക ഉപകരണങ്ങളും 2,350 അടിയന്തര രക്ഷാപ്രവർത്തകരെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മേഖലയിലുണ്ടായ പ്രളയത്തിൽ കുട്ടികളടക്കം 135 പേർ മരണപ്പെട്ടിരുന്നു. സമാനമായ ഒരു മനുഷ്യവിപത്ത് ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള അതീവ ജാഗ്രതയിലാണ് അധികൃതർ.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ടെക്സസിന്റെ പല ഭാഗങ്ങളിലും പത്ത് മുതൽ ഇരുപത് സെന്റിമീറ്റർ വരെ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളിലെ പ്രളയ സാഹചര്യം കുറയുന്നത് വരെ ജനങ്ങൾ യാത്രകൾ ഒഴിവാക്കണമെന്ന് ഗവർണർ അഭ്യർഥിച്ചു. സംസ്ഥാനത്തെ 120ഓളം റോഡ് പാതകളെ പ്രളയം ബാധിച്ചു; ഇതിൽ പാലം തകർന്നതുൾപ്പെടെയുള്ള 87 പ്രധാന റോഡുകൾ ഇതിനോടകം അടച്ചുപൂട്ടി. യുവാൽഡെ, ജോൺസൺ സിറ്റി എന്നീ മേഖലകളാണ് നിലവിൽ ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്നത്. പ്രദേശത്തെ പ്രധാന നദികളെല്ലാം തന്നെ മുൻ റെക്കോഡുകൾ ഭേദിച്ച് കരകവിഞ്ഞൊഴുകുകയാണ്.










0 comments