ടാൽറോപ് കൂട്ടപ്പിരിച്ചുവിടൽ: കമ്പനി ഉടമകൾ എത്തിയില്ല; ചർച്ചയിൽ തീരുമാനമായില്ല

കൊച്ചി : കൊച്ചിയിലെ ടാൽറോപ് കമ്പനി മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ട് പ്രവർത്തനം അവസാനിപ്പിച്ചതിനെത്തുടർന്ന് ലേബർ കമീഷണർ വിളിച്ചുചേർത്ത ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. അഡീഷണൽ ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്തെ ലേബർ കമീഷണറേറ്റിൽ നടന്ന ചർച്ചയിൽ കമ്പനി ഉടമകൾ പങ്കെടുത്തില്ല. ജീവനക്കാരനായ സിഇഒയെയാണ് പ്രതിനിധിയായി അയച്ചത്. ഉടമകളായ അഞ്ച് ഡയറക്‌ടർമാരും ജീവനക്കാരുടെ നാല് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഡയറക്‌ടർമാർ ഒരാഴ്‌ചയായി ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങിയിരിക്കുകയാണ്. യോഗത്തിൽ പങ്കെടുക്കില്ലെന്ന കാര്യം ഇവർ മുൻകൂട്ടി അറിയിച്ചിട്ടുമില്ല.
രണ്ടാഴ്‌ചയ്‌ക്കകം ജീവനക്കാരുടെ ശമ്പളക്കുടിശ്ശിക കൊടുത്തുതീർക്കണമെന്ന് അഡീഷണൽ ലേബർ കമീഷണർ യോഗത്തിൽ നിർദേശിച്ചു. കമ്പനി ചെയർമാൻ സഫീർ നജുമുദ്ദീൻ കമീഷണറേറ്റിൽ നേരിട്ട് ഹാജരാകണമെന്നും എന്ന് ഹാജരാകുമെന്ന് രണ്ടുദിവസത്തിനകം അറിയിക്കണമെന്നും നിർദേശിച്ചു. ജീവനക്കാരെ പിരിച്ചുവിട്ടതുൾപ്പെടെ കമ്പനിയുടെ നടപടി നിയമവിരുദ്ധമാണെന്നും വിലയിരുത്തി. 25ന് വീണ്ടും ചർച്ച നടത്തും. എറണാകുളം ജോയിന്റ് ലേബർ കമീഷണറോട് 20നകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.
മുമ്പും കമ്പനി ഉടമകളുടെ സമീപനം ഇതായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. ജില്ലാ ലേബർ ഓഫീസിൽ നൽകിയ പരാതികളിലും ഉടമകളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടായിരുന്നില്ല. സിഇഒയെ ബലിയാടാക്കി രക്ഷപ്പെടാനാണ് ഉടമകളുടെ ശ്രമമെന്നും ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞു. എറണാകുളം റീജണൽ ലേബർ കമീഷണർ കെ സുരേഷ് കുമാർ, ഡെപ്യൂട്ടി ലേബർ കമീഷണർ (ആസ്ഥാനം) സതീഷ് കുമാർ, എറണാകുളം ജില്ലാ ലേബർ ഓഫീസർ മിനോയ് ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.










0 comments