ബഹിരാകാശത്തെ ‘ഇന്ത്യൻ ടച്ച്’

x.com/NASA/status

വി പി ബാലഗംഗാധരൻ
Published on Jul 17, 2026, 09:09 AM | 3 min read
ആദ്യബഹിരാകാശ യാത്രികനായ യൂറി ഗഗാറിന്റെ ദൗത്യത്തിന് 65 വർഷം പിന്നിടുകയാണ്. ഈ കാലയളവിനുള്ളിൽ ലോകമെമ്പാടുമുള്ള എഴുന്നൂറിലധികംപേർ ബഹിരാകാശത്തിന്റെ വിസ്മയങ്ങൾ തൊട്ടറിഞ്ഞ് വിജയകരമായി തിരിച്ചെത്തിയിട്ടുണ്ട്. അവരാകട്ടെ നാൽപ്പത്തേഴോളം രാജ്യങ്ങളിൽനിന്നുള്ളവരും. ആ പട്ടികയിൽ ഇന്ത്യക്കാരനായ വിങ് കമാൻഡർ രാകേഷ് ശർമയും ശുഭാംശു ശുക്ലയുമുണ്ട്. കഴിഞ്ഞദിവസം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയ അനിൽ മേനോനും ഇന്ത്യൻ ബന്ധമുണ്ട്. ബഹിരാകാശയാത്ര നടത്തിയ ഇന്ത്യക്കാരെയും ഇന്ത്യൻ വംശജരെയും അറിയാം:
കൽപ്പന ചൗളയും സുനിത വില്യംസും ബഹിരാകാശ പര്യവേക്ഷണരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മറ്റു രണ്ട് ഇന്ത്യൻ വംശജരാണ്. മലയാളികൾക്ക് അത്ര പരിചിതരല്ലെങ്കിലും, രാജാ ചാരിയും സിരിഷ ബാൻഡ്‌ലയും ഈ നിരയിൽ എന്നും പ്രമുഖരാണ്. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള തന്റെ ആദ്യദൗത്യത്തിനായി പുറപ്പെട്ട അനിൽ മേനോൻകൂടി ഈ നിരയിൽ ചേരുന്നതോടെ, ഇന്ത്യൻ വംശജരായ ബഹിരാകാശയാത്രികരുടെ എണ്ണം ഏഴായി.

രാകേഷ് ശർമ
ഇന്ത്യൻ ബഹിരാകാശചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന പ്രതീകമാണ് വിങ് കമാൻഡർ രാകേഷ് ശർമ. 1984 ഏപ്രിലിൽ സോവിയറ്റ് യൂണിയന്റെ സൊയൂസ് ടി-11 ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിയ രാകേഷ് ശർമ, ബഹിരാകാശയാത്ര നടത്തുന്ന ആദ്യ ഇന്ത്യൻ പൗരനായി ചരിത്രംകുറിച്ചു. സാല്യൂട്ട് 7 ബഹിരാകാശനിലയത്തിൽ ഏഴുദിവസത്തോളം ചെലവഴിച്ച അദ്ദേഹം, അവിടെനിന്ന് ഇന്ത്യയെ നോക്കി "സാരേ ജഹാം സേ അച്ചാ’ എന്ന് അഭിമാനത്തോടെ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ ബഹിരാകാശസ്വപ്‌നങ്ങൾക്ക് ചിറകുനൽകിയ ധീരമായ കാൽവയ്‌പായിരുന്നു അദ്ദേഹത്തിന്റേത്.

ശുഭാംശു ശുക്ല
ഇന്ത്യയുടെ ബഹിരാകാശചരിത്രത്തിലെ മറ്റൊരു അധ്യായംകുറിച്ച വൈ മാനികനാണ് ഗ്രൂപ്പ് ക്യാപ് റ്റൻ ശുഭാംശു ശുക്ല. ഐഎസ്ആർഒയുടെ ഗഗൻയാൻ പദ്ധതിക്കുമുന്നോടിയായി, നാസയുമായി സഹകരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നടത്തിയ ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റായിരുന്നു അദ്ദേഹം. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ കുതിച്ചുയർന്ന്, ബഹിരാകാശനിലയത്തിൽ 18 ദിവസം ചെലവഴിച്ച അദ്ദേഹം, നൂറോളം ശാസ്ത്രീയപരീക്ഷണങ്ങളിലും സാങ്കേതികപഠനങ്ങളിലും സജീവമായി പങ്കെടുത്തു.

കൽപ്പന ചൗള
ഇന്ത്യൻ വംശജയായ ബഹിരാകാശസഞ്ചാരി കൽപ്പന ചൗ ള, കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്. ഹരിയാനയിലെ ക ർണാലിൽനിന്ന് ആകാശസ്വപ്‌നങ്ങളിലേക്ക് ചിറകുവിരിച്ച അവർ, നാസയുടെ ബഹിരാകാശദൗത്യങ്ങളായ എസ്ടിഎസ്-87, എസ്ടിഎസ്-107 എന്നിവയുടെ ഭാഗമായി ആകെ 31 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചു. എന്നാൽ, 2003 ഫെബ്രുവരി ഒന്നി-ന് കൊളംബിയ പേടകം ഭൂമിയിലേക്ക് മടങ്ങുന്നതിനിടയിൽ സംഭവിച്ച ദുരന്തത്തിൽ കൽപ്പന ഉൾപ്പെടെയുള്ള ഏഴ് യാത്രാസംഘാംഗങ്ങളെയും ലോകത്തിന് നഷ്ടമായി. അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടെങ്കിലും കൽപ്പന ചൗള ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നു.

സുനിത വില്യംസ്
കൽപ്പനയ്ക്കുശേഷം ബഹിരാകാശത്തേക്ക് കുതിച്ച രണ്ടാമത്തെ ഇന്ത്യൻ വംശജയായ വനിതയാണ് സുനിത വില്യംസ്. കരിയറിൽ നിരവധി റെക്കോഡുകൾ സ്വന്തമാക്കിയ അവർ, എക്സ്പെഡിഷൻ 14/15, 32/33, കൂടാതെ പരീക്ഷണാത്മക ബോയിങ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ഉൾപ്പെടെയുള്ള ഒട്ടേറെ ദൗത്യങ്ങളിലൂടെ 320-ലധികം ദിവസങ്ങൾ ബഹിരാകാശത്ത് വിജയകരമായി പൂർത്തിയാക്കിയ സഞ്ചാരിയാണ്. ദീർഘകാലത്തെ സ്പേസ് സ്റ്റേഷൻ ദൗത്യങ്ങളിലൂടെയും ഏറ്റവും കൂടുതൽ സമയം ബഹിരാകാശനടത്തം (spacewalk) നടത്തിയ വനിതകളിൽ ഒരാളെന്ന നിലയിലും അവർ തന്റേതായ ചരിത്രംകുറിച്ചു. അസാധാരണമായ ആത്മവിശ്വാസവും നേട്ടങ്ങളുംകൊണ്ട് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികൾക്ക് പ്രചോദനമാണ് സുനിത വില്യംസ്. സുനിതയുടെ പിതാവ് ഡോ. ദീപക് പണ്ഡ്യ ഗുജറാത്ത് സ്വദേശിയാണ്.

രാജാ ചാരി
ഇന്ത്യൻ വംശജനായ യുഎസ് എയർഫോഴ്സ് ബ്രിഗേഡിയർ ജനറൽ രാജാ ചാരി, നാസയുടെയും സ്പേസ് എക്സിന്റെയും സംയുക്തസംരംഭമായ ‘ക്രൂ-3' ദൗത്യത്തിന്റെ കമാൻഡറായാണ് 2021ൽ ചരിത്രംകുറിച്ചത്. ഹൈദരാബാദിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശ്രീനിവാസ് ചാരിയുടെ മകനായ രാജാ ചാരി, തന്റെ ബഹിരാകാശയാത്രയിൽ ഇന്ത്യയോടുള്ള ആദരസൂചകമായി ചില ഇന്ത്യൻ അടയാളങ്ങളും പേടകത്തിൽ കരുതിയിരുന്നു. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എക്സ്പെഡിഷൻ 66/67-ന്റെ ഭാഗമായി 176 ദിവസത്തിലധികം വിജയകരമായി ചെലവഴിച്ച അദ്ദേഹം, അറ്റകുറ്റപ്പണികൾക്കായി രണ്ടുതവണ കഠിനമായ ബഹിരാകാശനടത്തവും പൂർത്തിയാക്കി. നാസയുടെ വരാനിരിക്കുന്ന ചരിത്രപ്രധാനമായ ചന്ദ്രദൗത്യമായ ‘ആർട്ടെമിസ്' സംഘത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഭാവിയിൽ ചന്ദ്രനിൽ കാലുകുത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള തയ്യാറെടുപ്പിലാണ്.

സിരിഷ ബാൻഡ്‌ല
ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ചുവളർന്ന സിരിഷ ബാൻഡ്‌ല, ബഹിരാകാശത്തിന്റെ അതിരുകൾവരെ പോയിവന്ന, ഇന്ത്യൻ വംശജയാണ്. 2021 ജൂലൈയിൽ സ്വകാര്യ ബഹിരാകാശ വിനോദസഞ്ചാര ക മ്പനിയായ വിർജിൻ ഗാലക്റ്റിക്കിന്റെ യൂണിറ്റി 22 ദൗത്യത്തിലൂടെ ഭൗമോപരിതലത്തിൽനിന്ന് ഏകദേശം 85 കിലോമീറ്റർ ഉയരത്തിലുള്ള സബ്‌ഓർബിറ്റൽ പാതയിലേക്ക് അവർ യാത്ര നടത്തിയിരുന്നു. പരമ്പരാഗതമായ ബഹിരാകാശദൗത്യങ്ങളിൽ പങ്കെടുത്തിട്ടില്ലെങ്കിലും, ആ യാത്രയിലെ ഗവേഷണമികവിനും പങ്കാളിത്തത്തിനും ആദരവായി ഫെഡറൽ ഏവിയേഷൻ അതോറിറ്റിയുടെ കൊമേഴ്‌സ്യൽ ആസ്ട്രോനട്ട് വിങ്സ് ബഹുമതി അവർക്ക് ലഭിച്ചു.

അനിൽ മേനോൻ
മലയാളി പശ്ചാത്തലമുള്ള ആദ്യ നാസ ബഹിരാകാശയാത്രികനാണ് ഡോ. അനിൽ മേനോൻ. പാലക്കാട് ഒറ്റപ്പാലത്ത് വേരുള്ള മലയാളിയുടെയും ഉക്രയ്‌ൻ സ്വദേശിനിയുടെയും മകനായി മിനിയാപൊളിസിൽ ജനിച്ച അദ്ദേഹം, മുന്പ് ഇന്ത്യയിലെ പോളിയോ നിർമാർജന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സ്പേസ് എക്സിന്റെ ആദ്യത്തെ ചീഫ് ഫ്ലൈറ്റ് സർജൻകൂടിയായ അനിൽ മേനോൻ, റഷ്യയുടെ സൊയൂസ് പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലിരിക്കുകയാണ്. എട്ടുമാസത്തോളം ബഹിരാകാശത്ത് തുടരും. എമർജൻസി വിഭാഗം ഡോക്ടറായും യുഎസ് സ്പേസ് ഫോഴ്സിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദൗത്യത്തിനിടയിൽ ഭൗമശാസ്ത്രപരീക്ഷണങ്ങൾക്കൊപ്പം മനുഷ്യശരീരത്തിൽ ദീർഘകാല ബഹിരാകാശ താമസം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അത്യാധുനിക മെഡിക്കൽ ഗവേഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.










0 comments