ആറ് പതിറ്റാണ്ട് മുമ്പ് ജയം അർജന്റീനയ്ക്ക്; സ്‌പെയ്‌നുമായി ഏറ്റുമുട്ടുന്നത് രണ്ടാം തവണ

FIFA World Cup | www.facebook.com/photo
ന്യൂയോർക്ക്: അർജന്റീനയും സ്‌പെയ്‌നും ലോകകപ്പിൽ മുഖാമുഖം വരുന്നത് 60 വർഷങ്ങൾക്ക് ശേഷം. 1966 ഇംഗ്ലണ്ട് ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കണ്ടുമുട്ടിയശേഷം ഇത്തവണ കലാശപ്പോരിലാണ് ഇരുവരും തമ്മിൽ മത്സരിക്കുന്നത്. ലൂയിസ് ആർട്ടിമെ നേടിയ ഇരട്ടഗോളിന്റെ കരുത്തിൽ അന്ന് 2–1ന് അർജന്റീനയ്‌ക്ക് ഒപ്പമായിരുന്നു ജയം. പിറിയുടെ വകയായിരുന്നു സ്‌പെയ്‌നിന്റെ ആശ്വാസഗോൾ.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷമാണ് അന്ന് മൂന്ന് ഗോളുകളും പിറന്നത്. 65–ാം മിനിറ്റിൽ അർജന്റീന ആദ്യം ലീഡെടുത്തു. ആറ് മിനിറ്റിനുള്ളിൽ സ്‌പെയ്‌ൻ ഗോൾ മടക്കി. 79–ാം മിനിറ്റിൽ ആർട്ടിമെ തന്റെ രണ്ടാമത്തെ ഗോളും ജയവും സമ്മാനിച്ചു. കരുത്തരായ പശ്ചിമ ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് രണ്ട് തോൽവി വഴങ്ങിയ സ്‌പെയ്‌ൻ നോക്കൗട്ടിലെത്താതെ പുറത്തായി. അർജന്റീന ക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് തോറ്റു.
ഞായറാഴ്‌ച രാത്രി ഇന്ത്യൻ സമയം 12.30ന് ന്യൂയോർക്കിലെ ന്യൂ ജേഴ്‌സി സ്‌റ്റേഡിയത്തിലാണ് സ്വപ്ന കിരീടത്തിനായുള്ള യുദ്ധം. ലാറ്റിനമേരിക്കൻ വീര്യവുമായെത്തുന്ന അർജന്റീനയും യൂറോപ്പിന്റെ അച്ചടക്കശൈലിയുമായി പന്ത് തട്ടുന്ന സ്‌പെയ്‌നുമാണ് മുഖാമുഖം. ലയണൽ മെസിയെന്ന മജീഷ്യനാണ് അർജന്റീനയെ നയിക്കുന്നത്. സ്‌പെയ്‌ൻ കൂട്ടായ്‌മയുടെ കരുത്തിൽ പന്ത് തട്ടുന്നു. ലോക ഫുട്‌ബോളിൽ മെസിയുടെ പിൻഗാമിയെന്ന് വാഴ്‌ത്തപ്പെടുന്ന പത്തൊമ്പതുകാരൻ ലമീൻ യമാലാണ് സ്‌പാനിഷ് നിരയിലെ ശ്രദ്ധാകേന്ദ്രം.
ഹാരി കെയ്‌ൻ നയിച്ച ഇംഗ്ലണ്ടിനെ 2–1ന് സെമിയിൽ തോൽപ്പിച്ചാണ് അർജന്റീന നാല് പതിപ്പിനിടെ മൂന്നാമത്തെ ഫൈനലിലേക്ക് മുന്നേറിയത്. 55–ാം മിനിറ്റിൽ പിന്നിട്ടുനിന്ന ശേഷമാണ് തിരിച്ചടിച്ചത്. എൺസോ ഫെർണാണ്ടസും പകരക്കാരനായെത്തിയ ലൗതാരോ മാർട്ടിനെസും ഗോളടിച്ചു. രണ്ട് ഗോളിനും മെസി അവസരമൊരുക്കി. ഇൗ ലോകകപ്പിൽ മുപ്പത്തൊന്പതുകാരന് എട്ട് ഗോളാണ്. നാലെണ്ണത്തിന് അവസരമൊരുക്കി. ഇംഗ്ലണ്ടിനായി ആന്തണി ഗോഡൻ ലക്ഷ്യം കണ്ടു. കെയ്‌നും ജൂഡ് ബെല്ലിങ്‌ഹാമും ഉൾപ്പെട്ട ഇംഗ്ലീഷ് നിരയ്‌ക്ക് അവസാന നിമിഷങ്ങളിൽ തെളിയാനായില്ല. ഗോൾ നേടിയശേഷം പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞത് ടീമിനെ ബാധിച്ചു. സ്‌പെയ്‌ൻ സെമിയിൽ ഫ്രാൻസിനെ കീഴടക്കി.
ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ മൂന്നാംസ്ഥാനത്തിനായി മത്സരിക്കും. ഞായർ പുലർച്ചെ 2.30നാണ് ലൂസേഴ്‌സ് ഫൈനൽ.











0 comments