മീൻ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി തർക്കം; തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ സഹോദരങ്ങൾക്ക് ജീവപര്യന്തം

പ്രതീകാത്മകചിത്രം
തിരുവനന്തപുരം : മീൻ പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ വലിയതുറയിൽ മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾക്ക് ജീവപര്യന്തം കഠിനതടവ്. വലിയതുറ പുന്നവിളാകം സ്വദേശികളായ ദീപു (അജിത് 37), സ്റ്റെല്ലസ് (40) എന്നിവരെയാണ് തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ സുധാകാന്ത് ശിക്ഷിച്ചത്. വലിയതുറ വേളാങ്കണ്ണി ജങ്ഷനിൽ ജോൺസനാണ് കൊലപ്പെട്ടത്. പ്രതികൾ 50,000 രൂപ വീതം പിഴ ഒടുക്കണമെന്നും ഉത്തരവിലുണ്ട്. പിഴത്തുക ജോൺസന്റെ ഭാര്യക്കും മക്കൾക്കും നഷ്ടപരിഹാരമായി നൽകും.
2013 ജനുവരി 27-ന് രാത്രി 9.30-ന് വലിയതുറ സുനാമി ജങ്ഷന് സമീപമായിരുന്നു കൊലപാതകം. ജോൺസൺ വലിയതുറയിൽനിന്ന് പിടിച്ചുകൊണ്ടുവന്ന മീൻ ദീപുവും സ്റ്റെല്ലസും എടുക്കാൻ ശ്രമിച്ചത് തടഞ്ഞതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ഇരുവരും മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി ദീപു കത്തികൊണ്ട് ജോൺസന്റെ വയറ്റിൽ കുത്തി. രണ്ടാം പ്രതിയായ സ്റ്റെല്ലസ് മൂർച്ചയുള്ള സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ജോൺസൺ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി നാലിന് മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ പ്രവീൺകുമാർ ഹാജരായി.











0 comments