മതചടങ്ങുകളിൽ പൊലീസ് യൂണിഫോം വിലക്ക്; സർക്കുലറിന് സ്റ്റേ

കൊച്ചി : മതപരമായ ചടങ്ങുകളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിയ സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ ഹെെക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. ക്ഷേത്രോത്സവങ്ങൾ, മതപരമായ ചടങ്ങുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് പോകരുതെന്നായിരുന്നു സർക്കുലറിലെ നിർദേശം. സാധാരണ വസ്ത്രം ധരിച്ച്, പേര് വെളിപ്പെടുത്താതെ ഡ്യൂട്ടി ചെയ്യണമെന്നും സർക്കുലറിലുണ്ടായിരുന്നു. ഇത് ചോദ്യംചെയ്ത് നെയ്യാറ്റിൻകര സ്വദേശി ഡോ. പി എസ് മഹേന്ദ്രകുമാർ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ.
തിരുവിതാംകൂർ, കൊച്ചി രാജഭരണകാലം മുതൽ ക്ഷേത്ര ചടങ്ങുകളിലും ഉത്സവങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആചാരപരമായ ചുമതലകൾ ഉണ്ടായിരുന്നുവെന്നും ഇവ പെട്ടെന്ന് ഒരു ദിവസം നിർത്തലാക്കാൻ കഴിയുന്നതല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സർക്കുലറിൽ പരിശോധിക്കേണ്ട വിഷയങ്ങൾ ഉണ്ടെന്ന് ജസ്റ്റിസ് വി രാജവിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു. കേസ് വീണ്ടും ആഗസ്‌ത് 17-ന് പരിഗണിക്കും.











0 comments