വിദേശ വിദ്യാർഥികൾക്ക് കർശന നിയന്ത്രണം; യുഎസിൽ വിസാ നിയമങ്ങൾ കർശനമാക്കി

Photo:Getty Images
വാഷിംഗ്ടൺ : യുഎസിലെ വിദേശ വിദ്യാർഥികളുടെ വിസാ നിയമങ്ങളിൽ വൻ മാറ്റം വരുത്തി ട്രംപ് ഭരണകൂടം. പുതിയ നയപ്രകാരം, വിദേശ വിദ്യാർഥികൾക്ക് ഇനി നാല് വർഷത്തിൽ കൂടുതൽ രാജ്യത്ത് തുടരാൻ ഫെഡറൽ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമായിരിക്കും. സെപ്റ്റംബർ മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. കോഴ്സുകൾ മാറ്റുന്നതിനും സർവകലാശാലകളിൽ തമ്മിൽ ട്രാൻസ്ഫർ ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ വിദ്യാർഥികളുടെ വിസാ കാലാവധി നീട്ടാനുള്ള അധികാരം സർവകലാശാലകൾക്കുണ്ടായിരുന്നുവെങ്കിലും പുതിയ നിയമത്തോടെ അത് പിൻവലിച്ചു.
മുൻപ് F-1, J-1 വിസകളിലുള്ള വിദ്യാർത്ഥികൾക്ക് “duration of status” എന്ന വ്യവസ്ഥ പ്രകാരം പഠനം പൂർത്തിയാകുന്നതുവരെ യുഎസിൽ തുടരാൻ അനുമതിയുണ്ടായിരുന്നു. എന്നാൽ പുതിയ നിയമം ഇതിന് വ്യക്തമായ സമയപരിധി നിശ്ചയിക്കുന്നു. വിസാ ദുരുപയോഗം തടയാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും നിരന്തരം പരിശോധന ഉറപ്പാക്കാനുമാണ് നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ദീർഘകാലമായി കോഴ്സുകളിൽ ചേർന്ന് തുടരുന്നതിലൂടെ കുടിയേറ്റ നിയമങ്ങൾ മറികടക്കുന്ന പ്രവണതകൾ തടയുന്നതും ലക്ഷ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ വ്യവസ്ഥകൾ പ്രകാരം, പഠനം പൂർത്തിയാക്കിയ ശേഷം യുഎസിൽ തുടരാൻ ലഭിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പീരിയഡ് 30 ദിവസമായി ചുരുക്കി. ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക ഗവേഷണവും ഡോക്ടറേറ്റ് പഠനങ്ങളും നടത്തുന്ന അന്താരാഷ്ട്ര വിദ്യാർഥികളെയായിരിക്കും. ഇത്തരം കോഴ്സുകൾ സാധാരണയായി നാല് വർഷത്തിൽ കൂടുതൽ സമയം ആവശ്യപ്പെടുന്നതോടൊപ്പം ഗവേഷണ ഫണ്ടിംഗ് കുറവ്, വ്യക്തിഗത സാഹചര്യങ്ങൾ തുടങ്ങിയവ പഠനകാലം നീളാൻ കാരണമാകാറുണ്ട്.
അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേറ്റേഴ്സ് പുതിയ നയത്തെ ശക്തമായി വിമർശിച്ചു. നന്നായി പ്രവർത്തിച്ചിരുന്ന സംവിധാനത്തിൽ അനാവശ്യമായ ആശയക്കുഴപ്പം, ബ്യൂറോക്രസി, ഭയം എന്നിവ സൃഷ്ടിക്കുന്ന തീരുമാനമാണിത്, എന്ന് സംഘടനയുടെ മേധാവി വ്യക്തമാക്കി.
വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാനും കുടിയേറ്റ നിയന്ത്രണം ശക്തമാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനകം തന്നെ ചില പ്രമുഖ കോളേജുകളിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിന് പരിധി നിശ്ചയിക്കാനും യുഎസ് വിദേശനയത്തെ വിമർശിച്ച വിദ്യാർത്ഥികളുടെ വിസകൾ റദ്ദാക്കാനും ഭരണകൂടം നീക്കങ്ങൾ നടത്തിയിട്ടുണ്ട്.










0 comments