കാൽപ്പന്തുകളിയുടെ രാജാക്കന്മാർ കൊച്ചിയിൽ; ലെജൻഡ്സ് പോരാട്ടം 23ലേക്ക് മാറ്റി

കൊച്ചി: കാൽപ്പന്തുകളിയുടെ രാജാക്കന്മാരുടെ ലെജൻഡ്സ് പോരാട്ടം 23ലേക്ക് മാറ്റി. 2002-ൽ ലോകത്തെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി കിരീടം ചൂടിയ ബ്രസീലിന്റെ സുവർണ തലമുറയും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. നേരത്തെ സെപ്തംബർ 20നാണ് മത്സരം തീരുമാനിച്ചിരുന്നത്.
മൈതാനത്ത് പന്തുകൊണ്ട് കവിത രചിച്ച റൊണാൾഡീഞ്ഞോയുടെ പന്തടക്കവും മായാജാലവും നേരിട്ട് കാണാൻ കാത്തിരുന്നവർക്ക് ഇത് സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിമിഷമാണ്. കൂട്ടിന് ബ്രസീലിയൻ മുന്നേറ്റനിരയിലെ എൻജിനെന്ന് വിശേഷിപ്പിക്കാവുന്ന റിവാൾഡോയും ചേരുമ്പോൾ ഗ്യാലറി ഇളകിമറിക്കും. ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീൽ ടീം.
സാംബാ കരുത്തിനെ നേരിടാൻ നിസാരക്കാരുമായല്ല ഇന്ത്യൻ ഓൾ സ്റ്റാർസ് ടീം മൈതാനത്തിറങ്ങുക. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം ഐ എം വിജയൻ നയിക്കുന്ന ടീമിൽ ജോ പോൾ അഞ്ചേരി, സി കെ വിനീത്, കെ ടി ചാക്കോ തുടങ്ങിയവർ അണിനിരക്കുമ്പോൾ ‘ഇന്ത്യൻ ഓൾ സ്റ്റാർസ്' കാനറിപ്പടയ്ക്ക് കടുത്ത വെല്ലുവിളിയാകും ഉയർത്തുക. ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ്, ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവ ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. ഡിസ്ട്രിക്ട് ബൈ സൊമാറ്റോ ആപ് വഴി ടിക്കറ്റ് വിൽപ്പന തകൃതിയാണ്. 750 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.










0 comments