അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്ന് വിരമിച്ചു; ഇനി ഗോവ എയർലൈൻസിൽ

അഭിനന്ദൻ വർദ്ധമാൻ
ന്യൂഡൽഹി: 2019-ൽ ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് വീരചക്ര പുരസ്‌കാരം നേടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ വ്യോമസേനയിൽ നിന്നും വിരമിച്ചു. വ്യോമസേനയിലെ സേവനം അവസാനിപ്പിച്ച അഭിനന്ദൻ സ്വകാര്യ വിമാനക്കമ്പനിയായ ഗോവ എയർലൈൻസിൽ പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. ആഗസ്തിലാണ് വർധമാൻ ഗോവ എയർലൈൻസിൽ ചേർന്നതെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ അഭിനന്ദൻ വർദ്ധമാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ആരാണ് അഭിനന്ദൻ വർദ്ധമാൻ
2019 ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താനിലെ ബാലാകോട്ട് ഇന്ത്യ വ്യോമാക്രമണം നടത്തി. ഇതിന്റെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 27-ന് അതിർത്തിയിൽ നിയന്ത്രണ രേഖയ്ക്ക് മുകളിൽ വച്ച് ഇരുരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങൾ തമ്മിൽ ആകാശപ്പോരാട്ടം നടത്തി. അന്ന് വിങ് കമാൻഡറായിരുന്നു അഭിനന്ദൻ വർദ്ധമാൻ.
പാക് വ്യോമസേനയെ ധീരമായി നേരിട്ടു. ഒടുവിൽ തന്റെ മിഗ്-21 ബൈസൺ (MiG-21 Bison) വിമാനം ഉപയോഗിച്ച് ശത്രുവിന്റെ അതിവേഗ പോർവിമാനമായ എഫ്-16 (F-16) അദ്ദേഹം വെടിവെച്ചിട്ടു. പോരാട്ടത്തിനൊടുവിൽ ശത്രുവിമാനത്തിൽ നിന്നേറ്റ മിസൈൽ പ്രഹരത്തെ തുടർന്ന് സ്വന്തം വിമാനം തകർന്ന അഭിനന്ദൻ പാരച്യൂട്ട് വഴി അതിർത്തിക്കപ്പുറം പാക് മണ്ണിൽ ലാൻഡ് ചെയ്യാൻ നിർബന്ധിതനായി.
അവിടെ വച്ച് പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർദ്ധമാനെ 60 മണിക്കൂറോളം തടങ്കലിൽ പാർപ്പിച്ച ശേഷം, ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ 2019 മാർച്ച് 1-നാണ് പാകിസ്താൻ ഇന്ത്യയ്ക്ക് തിരികെ കൈമാറിയത്. അതിസാഹസികമായ പോരാട്ടത്തിലൂടെ ശത്രുവിമാനങ്ങളെ തന്ത്രപരമായ ആശയക്കുഴപ്പത്തിലാക്കിയ അഭിനന്ദന്റെ ധീരതയ്ക്കുള്ള അംഗീകാരമായി രാജ്യം അദ്ദേഹത്തിന് 'വീരചക്ര' പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.









0 comments