ad
Deshabhimani

'കഴുത്തൊപ്പം വെള്ളം ഇരച്ചുകയറി, മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങി'; തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളിയുടെ അനുഭവം

nepal

തുരങ്കത്തിൽ നിന്നും രക്ഷപ്പെട്ട വിഷ്ണു ബഹാദൂർ താപ്പ

വെബ് ഡെസ്ക്

Published on Sep 03, 2026, 06:58 PM | 2 min read

കാഠ്മണ്ഡു: ഒന്നും മനസിലായില്ല, പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം തിരിച്ചറിയാൻപോലും പറ്റിയിരുന്നില്ല. ആദ്യം ഒരു ഭയാനകമായ ശബ്ദത്തോടെ ശക്തമായൊരു കാറ്റ് ഇരച്ചെത്തി. കൊടുങ്കാറ്റാണോ അതോ ഭൂകമ്പമാണോ എന്ന് ചിലർ സംശയിച്ചതിന് തൊട്ടുപിന്നാലെ തുരങ്കത്തിനുള്ളിലെ വെളിച്ചം അണഞ്ഞു. അതിനുശേഷമാണ് വെള്ളം ഇരച്ചുകയറുകയായിരുന്നു.ദുരന്തമുഖത്തുനിന്ന് രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയ 35 തൊഴിലാളികളിൽ ഒരാളായ വിഷ്ണു ബഹാദൂർ താപ്പയാണ് ഭയാനക നിമിഷങ്ങൾ പങ്കുവെച്ചത്.


വെളിച്ചം അണഞ്ഞതോടെ ഞങ്ങൾ പൂർണമായും കുടുങ്ങിയെന്ന് മനസിലായി. അപ്പോഴും തുരങ്കത്തിന് പുറത്തുണ്ടാകുന്ന ഭയാനകമായ നിമിഷങ്ങളെ കുറിച്ച് മനസിലാകുന്നില്ലായിരുന്നു. എല്ലാവരിലും പേടിയായിരുന്നു ആ നിമിഷം. എങ്ങനെയെങ്കിലും പുറത്തേക്കോടി രക്ഷപ്പെടണമെന്നായിരുന്നു മനസിൽ. പുറത്തേക്ക് ഓടാൻ ശ്രമിക്കുന്നതിനിടെ ഞാൻ താഴെ വീണു- അദ്ദേഹം പറഞ്ഞു.


ഞാൻ പുറത്തിറങ്ങാൻ ശ്രമിച്ച സ്ഥലത്തിന് തൊട്ടടുത്തായി ഒരു തുരങ്ക കവാടം ഉണ്ടായിരുന്നു. അപ്പോഴേക്കും വെള്ളം ഇരച്ചെത്തി.കഴുത്തൊപ്പം വെള്ളത്തിലാണ് പിന്നീട് തങ്ങൾ നീന്തിയത്. ഏകദേശം 3 കിലോമീറ്ററോളം ദൂരം ശരീരം വലിച്ച് ഇഴഞ്ഞുനീങ്ങേണ്ടി വന്നു. പ്രളയജലത്തിൽ ചെളിയും അഴുക്കും കുറവായിരുന്നു എന്നത് മാത്രമാണ് തങ്ങൾക്ക് തുരങ്കത്തിനുള്ളിൽ ആശ്വാസമായത്. ഇനി പുറംലോകം കാണാനാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ലായിരുന്നു. എന്നാലും തോറ്റുകൊടുക്കാൻ മനസ് അനുവദിച്ചതുമില്ല.


തുടർന്ന് ഇരുളും വെള്ളവും നിറഞ്ഞ തുരങ്കത്തിലൂടെ രണ്ടു മണിക്കൂർ, ഒടുവിൽ വെളിച്ചംകണ്ടു. പുറത്തുവരിക എന്നത് വളരെ പ്രയാസകരമാണ്. വളരെ വളരെ പ്രയാസകരം, കണ്ണീരോടെ വാക്കു കിട്ടാതെ ഇടറിനിന്ന് അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തന്റെ മനസ്സിൽ പല ചിന്തകളുമായിരുന്നു. എനിക്ക് ഇനി പുറത്തുകടക്കാൻ കഴിയില്ലെന്നാണ് ഞാൻ കരുതിയത്. എന്റെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല, ഞാൻ ഒറ്റയ്ക്കായിരുന്നു. എന്റെ കുടുംബം എവിടെയായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്.


താൻ രക്ഷപ്പെട്ടാലും കുടുംബം ജീവനോടെയുണ്ടാകുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാൽ പിന്നീട് അവരെ ഞാൻ കണ്ടെത്തി. എന്റെ മകനും മകളും സുരക്ഷിതരാണ്. ഭാര്യയും സുരക്ഷിതയാണ്. ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിച്ചാൽ വീണ്ടും ജോലിയിൽ പ്രവേശിക്കുമോ എന്ന ചോദ്യത്തിന് ആദ്യം ഉറപ്പില്ലായിരുന്നുവെങ്കിലും, ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു, തീർച്ചയായും, എനിക്ക് പണം സമ്പാദിക്കണം. എന്റെ കുടുംബത്തെ നോക്കണം. ഞാൻ വീണ്ടും ഈ പദ്ധതിയിൽ ജോലി ചെയ്യും. എനിക്ക് പ്രശ്നമൊന്നുമില്ല- വിഷ്ണു പറഞ്ഞു.


ആഗസ്റ്റ് 26നുണ്ടായ നേപ്പാൾ പ്രളയത്തിൽ, ഭോട്ടെ കോസി നദിക്കരയിലുള്ള ജലവൈദ്യുത നിലയത്തിൽ ജോലിയെടുക്കുകയായിരുന്ന നിരവധി തൊഴിലാളികളാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. മേഖലയിലുടനീളം നൂറുകണക്കിന് ജീവനുകളാണ് ഈ ദുരന്തം കവർന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home