മന്ത്രിക്ക് എംഎൽഎയുടെ പരാതി കത്ത്; ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റി

സ്ഥലംമാറ്റിയുള്ള സര്‍ക്കാര്‍ ഉത്തരവ്
ആലപ്പുഴ: ആലപ്പുഴ എംഎല്‍എ മന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ സ്ഥലംമാറ്റി. എംഎൽഎ എ ഡി തോമസ് മന്ത്രിക്ക് നൽകിയ പരാതി കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ അസാധാരണ നടപടി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വി പ്രശാന്തനെയാണ് സ്ഥലംമാറ്റിയത്. കോട്ടയം ഡെപ്യൂട്ടി ഡയറക്‌ടർ ജോയ്‌സ് എബ്രഹാമിനെ പകരം ആലപ്പുഴയിൽ നിയമിച്ചു. എ ഡി തോമസ് എംഎൽഎ ഫിഷറീസ് മന്ത്രിക്ക് സെപ്‌തംബർ ഒന്നിന് നൽകിയ കത്തിനെത്തുടർന്നാണ് സ്ഥലം മാറ്റമെന്ന് ഇതുസംബന്ധിച്ച് ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
എംഎൽഎ കത്തുനൽകി തൊട്ടടുത്തദിവസം തന്നെ സ്ഥലംമാറ്റത്തിന്റെ ഉത്തരവും ഇറങ്ങി. കടലിൽ രക്ഷാപ്രവർത്തനം നടത്തേണ്ട സീ റസ്‌ക്യൂ ഗാർഡുമാരായി ഇഷ്‌ടക്കാരെ അനധികൃതമായി നിയമിക്കാൻ കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് മന്ത്രിക്ക് എംഎൽഎ കത്ത് നൽകിയത്. പിന്നാലെ പ്രശാന്തിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ഇറങ്ങി.
തിരുവനന്തപുരം മത്സ്യഫെഡ് ഹെഡ് ഓഫീസിലെ മാനേജരായി (കൊമേഴ്‌സ്യൽ) ഒരുവർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനിൽ സീ റെസ്‌ക്യൂ ഗാർഡുമാരെ നിയമിക്കുന്നതിൽ എംഎൽഎയുടെ വഴിവിട്ട ഇടപെടൽ അനുവദിച്ചിരുന്നില്ല. ഇതിന്റെ പ്രതികാരമാണ് മന്ത്രിക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനം. സീ റെസ്‌ക്യൂ ഗാർഡുമാരുടെ 10 ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് ഒരാഴ്‌ച മുമ്പാണ് അഭിമുഖം നടത്തിയത്. നിലവിലുള്ള ഗാർഡുമാരിൽ മിക്കവരും 12 മുതൽ 16 വർഷം വരെ പരിചയസമ്പത്തുള്ളവരാണ്.
കടലിലുണ്ടാവുന്ന അപകടങ്ങളിൽ രക്ഷാപ്രവർത്തനം കൃത്യമായി നടത്താൻ പരിചയസമ്പത്തുള്ളവർക്കേ സാധിക്കൂ. ഇവരെ പിരിച്ചുവിടണമെന്നും താൻ നിർദേശിക്കുന്നവരെ നിയമിക്കണമെന്നുമായിരുന്നു എംഎൽഎ എ ഡി തോമസിന്റെ ആവശ്യം. നിരന്തരം സമ്മർദ്ദം ചെലുത്തിയിട്ടും വഴങ്ങാതെയായതോടെയാണ് മന്ത്രിക്ക് കത്ത് നൽകി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറെ സ്ഥലംമാറ്റിയത്. നിയമവിരുദ്ധമായി കടലിൽ നിന്ന് ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കർശനമായി തടഞ്ഞതും എംഎൽഎയുടെ നീരസത്തിന് വഴിയൊരുക്കിയെന്നും റിപ്പോർട്ടുണ്ട്. ഭരണകക്ഷി നേതാക്കളുടെ താൽപ്പര്യം സംരക്ഷിച്ചില്ലെങ്കിൽ ഇങ്ങനെ സംഭവിക്കുമെന്ന ഭീഷണിയാണ് എംഎൽഎയുടെ നടപടിയെന്ന് ഉദ്യോഗസ്ഥർ പറയുന്നു.









0 comments