കരിപ്പൂർ സ്വർണക്കടത്ത്: യുവാവ് പിടിയിലായത് ആദ്യ ഭാര്യയിലെ മൂന്ന് കുട്ടികളുമായി വിമാനമിറങ്ങിയപ്പോൾ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണം ഒളിച്ച് കടത്തുന്നതിനിടെ, പിതാവിനെ പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ സംഘം. ഇയാള്‍ നേരത്തെയും കുഞ്ഞുങ്ങളെ ഉപയോഗിച്ച് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസ് വിഭാഗം (ഡിആർഐ)ക്ക് സൂചന ലഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ പിതാവിനെതിരെ ഡിആർഐ നിർണായക കണ്ടെത്തൽ നടത്തിയതായാണ് വിവരം. വിദേശത്ത് നിന്ന് സ്വർണം കടത്താൻ പൊന്നാനി സ്വദേശിയായ പിതാവ് വലിയ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. സ്വർണക്കടത്തിനായി രണ്ടാമതും വിവാഹം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ നിന്ന് 1.78 കിലോ സ്വർണവുമായി പിടിയിലായത് രണ്ടാമത്തെ ഭാര്യയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കഴിഞ്ഞ ദിവസം 1.78 കിലോ സ്വർണമാണ് യുവതി സാനിറ്ററി നാപ്കിനിൽ ഒളിപിച്ച് കടത്തിയത്. നെടുമ്പാശ്ശേരി വഴിയായിരുന്നു ഈ സ്വർണ കടത്ത്. എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ വച്ച് പിതാവും സ്വർണം കടത്തി. മൂന്ന് കോടി രൂപ വില വരുന്ന സ്വർണമാണ് ഭാര്യയും ഭർത്താവും ചേർന്ന് നെടുമ്പാശ്ശേരി കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കടത്തിയത്. ആദ്യ ഭാര്യയിലെ മൂന്ന് കുഞ്ഞുങ്ങളുമായി കരിപ്പൂരിൽ വിമാനമിറങ്ങിയപ്പോഴാണ് പിതാവ് പിടിയിലായത്. കുഞ്ഞിന്റെ ഡയപ്പറിലും പിതാവിന്റെ രഹസ്യ ഭാഗത്തും ഒളിപ്പിച്ച നിലയിലാണ് ഒരു കോടിയുടെ സ്വർണം കണ്ടെടുത്തത്.
നെടുമ്പാശ്ശേരിയിൽ പിടിയിലായ യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവ് കരിപ്പൂർ വഴി സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഡി ആർ ഐ സംഘം കരിപ്പൂരിൽ നിരീക്ഷണം ഏർപ്പെടുത്തി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് സ്വർണ കടത്തിൻ്റെ ചുരുളഴിഞ്ഞത്. സ്വർണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഡിആർഐ.









0 comments