പുതിയ പദ്ധതികളുമില്ല, വികസനവുമില്ല
കോടികൾ കടമെടുത്തു, എങ്ങോട്ട് പോയി?

തിരുവനന്തപുരം : മൂന്ന് മാസത്തിനിടെ പതിനായിരത്തിലധികം കോടി രൂപ കടമെടുത്തിട്ടും ഈ പണം എവിടേക്ക് പോകുന്നുവെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ യുഡിഎഫ് സർക്കാർ. ഇത്രയധികം രൂപ കടമെടുത്തിട്ടും വികസനപ്രവർത്തനങ്ങൾ തുടങ്ങാതെയും ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാതെയും മുന്നോട്ടുപോകുകയാണ് സർക്കാർ. വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കെന്ന പേരിൽ തുടർച്ചയായി കടമെടുക്കുമ്പോഴും അതിന്റെ നേട്ടം ജനങ്ങളിലേക്കെത്തുന്നില്ലെന്നതാണ് വാസ്തവം.
സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ പണംകൊണ്ടു നിറയ്ക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ വാഗ്ദാനം. ഭരണത്തിലേറി മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും ഖജനാവ് നിറഞ്ഞെങ്കിലും പണമൊന്നും ചെലവഴിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ 2025–-26 സാമ്പത്തിക വർഷം മാർച്ചിൽ 6,322 കോടി രൂപ ഖജനാവിൽ മിച്ചമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വെച്ച ധവളപത്രം ചൂണ്ടിക്കാട്ടുന്നു. ചെലവുചുരുക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സർക്കാർ ആദ്യദിനം തന്നെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.96 കോടി രൂപയാണ് അനുവദിച്ചത്.
ഇതിനെല്ലാം പുറമെയായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര. വെള്ളപ്പൊക്ക ദുരിതത്തിനിടെ സഹായം കാത്ത് ജനങ്ങളിരിക്കുമ്പോഴാണ് സംസ്ഥാനത്തിൻറെ മുഖ്യമന്ത്രി കൂർഗിലെ കല്യാണത്തിന് ഹെലികോപ്റ്ററിൽ പറന്നത്. ഭാര്യാപിതാവിനെ കാണാനും മുഖ്യമന്ത്രി പോയത് ഹെലികോപ്റ്ററിലായിരുന്നു. വിമർശനങ്ങളുയർന്നപ്പോൾ ഔദ്യോഗിക ആവശ്യത്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി സമീപിച്ചപ്പോൾ ഹെലികോപ്റ്റർ യാത്ര വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്നും, വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നുമായിരുന്നു മറുപടി. മാത്രമല്ല, വിവരാവകാശ അപേക്ഷ സർക്കാർ നിരസിക്കുകയും ചെയ്തു.
മൂന്ന് മാസം കൊണ്ട് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് യുഡിഎഫ് സർക്കാർ. സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ടു കഴിഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലേറി മൂന്നാം ദിവസമാണ് ആദ്യത്തെ കടമെടുപ്പ് നടത്തിയത്. 1,800 കോടിയുടെ കടപ്പത്രമാണ് സർക്കാർ പുറപ്പെടുവിച്ചത്. അതും നിയമസഭയുടെ അനുമതി പോലുമില്ലാതെ. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് കടമെടുക്കുന്നതെന്നായിരുന്നു അന്ന് സർക്കാരിന്റെ വാദം. മെയ് 26ന് കടമെടുത്ത് മൂന്ന് മാസം പിന്നിട്ടിട്ടും വികസനപ്രവർത്തനങ്ങളൊന്നും തന്നെ കേരളത്തിൽ തുടങ്ങിയിട്ടു പോലുമില്ല.
ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ബജറ്റ് കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും ഈ ചുരുങ്ങിയ കാലയളവിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
ഓണക്കാലമെത്തിയപ്പോൾ ചെലവുകൾ നേരിടാനെന്ന പേരിൽ സർക്കാർ വീണ്ടും 2,200 കോടി രൂപ കൂടി കടമെടുത്തു. ഇതോടെ അധികാരത്തിലെത്തി 100 ദിവസം തികയുന്നതിന് മുൻപ് തന്നെ ആകെ കടമെടുപ്പ് 10,400 കോടി രൂപയായി ഉയർന്നു. കടമെടുപ്പ് പരിധി ഉയർത്താത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചെറുവിരൽ പോലും അനക്കാതെയാണ് സംസ്ഥാന സർക്കാർ ഓണത്തിന് മുൻപ് കടമെടുത്ത് കൂട്ടിയയത്.
പതിനായിരം കോടിയോളം രൂപയാണ് ഓണക്കാലത്ത് ചെലവുണ്ടെന്ന് കണക്കാക്കിയാണ് കടമെടുത്തത്. ഓണവിപണി സജീവമാകുന്നതോടെ നികുതി വരുമാനം വർധിക്കുമെന്നും പണം ഖജനാവിലേക്ക് തിരിച്ചെത്തുമെന്നുമുള്ള കണക്കുകൂട്ടലിലാണ് സർക്കാർ പണം വിപണിയിലിറക്കിയത്. എന്നാൽ സംഭവിച്ചതോ? ഓണക്കാലത്ത് വിപണി ഇടപെടലിൽ സംസ്ഥാന സർക്കാരിന് അടിപതറി. എല്ലാ അവശ്യസാധനങ്ങൾക്കും വില കുത്തനെ കയറി. ഇതോടെ പലരുടെയും ഓണം ദുരിതത്തിലായി. പ്രളയദുരിതം നേരിട്ടവർക്ക് ഒരു മാസം പിന്നിട്ടിട്ടും പ്രഖ്യാപിച്ച അടിയന്തര സഹായധനം നൽകിയിട്ടില്ല. വീടുകളിൽ വെള്ളം കയറിയവർക്ക് 10,000 രൂപ അടിയന്തര സഹായവും, ഉപജീവനമാർഗം നഷ്ടപ്പെടുകയോ വെള്ളപ്പൊക്കം നേരിട്ടതിനാൽ മാറിത്താമസിക്കേണ്ടി വരികയോ ചെയ്തവർക്ക് ഏഴുദിവസത്തേക്ക് 300 രൂപ വീതം ഉപജീവന സഹായവും നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാലിതെല്ലാം വാഗ്ദാനം മാത്രമായി ഒതുങ്ങി.
പ്രളയകാലത്ത് കൃഷിനാശം നേരിടേണ്ടി വന്ന കർഷകർക്ക് ഓണക്കാലത്ത് പോലും നഷ്ടപരിഹാരം നൽകിയില്ല. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ല. ഓണത്തിന് മുൻപ് പഞ്ഞമാസ ആനുകൂല്യത്തിന്റെ ഒരു ഗഡു നൽകുമെന്ന ഉറപ്പും നടപ്പായില്ല. മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസത്തിൽ നൽകിയിരുന്ന 2,700 രൂപയുടെ ആനുകൂല്യം 4,500 രൂപയായി ഉയർത്തിയത് എൽഡിഎഫ് സർക്കാർ കാലത്താണ്.
കോടിക്കണക്കിന് രൂപ കടമെടുത്തിട്ടും അതിന്റെ യാതൊരു ഗുണവും ജനങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഓണം വന്നിട്ടു പോലും പ്രഖ്യാപിച്ച ക്ഷേമപെൻഷൻ വർധിപ്പിച്ചിട്ടില്ല. പുതിയ വികസന പ്രവർത്തനങ്ങളൊന്നും തന്നെ നടപ്പിലാക്കുകയോ തുടങ്ങിവെയ്ക്കുകയോ ചെയ്തിട്ടില്ല. വായ്‌പാ പരിധിയുടെ പകുതിയലധികം എടുത്തതോടെ സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വികസനാവശ്യങ്ങൾക്ക് പണം ചെലവാക്കാതെയിരിക്കുമ്പോൾ സംസ്ഥാനം വലിയ ഭരണസ്തംഭനം നേരിടേണ്ടിവരും. വികസനപദ്ധതികളൊന്നും നടപ്പാക്കിയില്ലെങ്കിലും, സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയും, കണക്ട് ടു വർക്ക് സ്കോളർഷിപ്പും കിഫ്‌ബിയും ലൈഫ് മിഷൻ ഭവന പദ്ധതിയും പെൻഷൻ വീട്ടിലെത്തിക്കൽ എന്നിവ മുടക്കാനാണ് യുഡിഎഫ് സർക്കാർ മൂന്ന് മാസം കൊണ്ട് പരിശ്രമിച്ചത്.
കടമെടുക്കാത്ത ഏതെങ്കിലും സർക്കാർ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്നാണ് കഴിഞ്ഞ ദിവസം കടമെടുപ്പിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാർ കടമെടുത്ത് കേരളത്തെ മുടിപ്പിക്കുകയാണെന്നായിരുന്നു വി ഡി സതീശന്റെ വ്യാജപ്രചാരണം. അനാവശ്യ ചെലവുകൾ ചുരുക്കുമെന്നും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്ത് ഭരണത്തിലേറിയ സർക്കാർ തുടക്കത്തിൽ തന്നെ ഭീമമായ തുക കടമെടുത്ത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.









0 comments