print edition ‘നമുക്ക് തോറ്റ് പഠിക്കാം’; ഖാലിദ് ജമീൽ

ബംഗളൂരു : ഖാലിദ് ജമീലിന്റെ തലനിറയെ ഫുട്‌ബോളാണ്. ഉൗണിലും ഉറക്കത്തിലും എങ്ങനെ ഇന്ത്യൻ ടീമിനെ മെച്ചപ്പെടുത്താമെന്നാണ് പരിശീലകന്റെ ചിന്ത. പാനമ, ബ്രസീൽ, ഉറുഗ്വായ് മത്സരങ്ങൾക്കായുള്ള സംഘത്തെ ഒരുക്കുന്ന തിരക്കിനിടെ ബംഗളൂരു റേസ് കോഴ്‌സ് ഹോട്ടലിൽ ‘ദേശാഭിമാനി’ക്ക് നൽകിയ അഭിമുഖം.
ലോകോത്തര ടീമുകൾ?
ഒറ്റ ദിവസം കൊണ്ട് അത്‌ഭുതങ്ങൾ സംഭവിക്കില്ല. ഇതൊരു നിരന്തര പ്രക്രിയയാണ്. ഇന്ത്യൻ ഫുട്‌ബോളിന് നല്ല കാലമല്ലെന്നുകരുതി ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റില്ല. ലോകകപ്പ് കളിച്ച ടീമുകളാണ് ബ്രസീലും ഉറുഗ്വായ്‌യും പാനമയും. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന സൂപ്പർതാരങ്ങളുള്ള ടീമുകൾ. അവർക്കെതിരെ കളിക്കുന്നത് നമ്മുടെ നിലവാരം മെച്ചപ്പെടുത്തും. തോറ്റ് പഠിക്കാവുന്ന ചില കാര്യങ്ങളുണ്ട്.
കളിക്കാരെ ഒഴിവാക്കി?
പരിചയസമ്പന്നരായ സന്ദേശ് ജിങ്കൻ, ലല്ലിയൻസുവാല ചാങ്‌തെ, രാഹുൽ ബെക്കെ എന്നിവരെ ഒഴിവാക്കി എന്ന പ്രയോഗം ശരിയല്ല. അവരിനി ടീമിൽ ഉണ്ടാകില്ലെന്ന് അർഥമില്ല. പല മാനദണ്ഡങ്ങൾ നോക്കിയാണ് ടീം തെരഞ്ഞെടുപ്പ്. വിവിധ സ്ഥാനങ്ങളിൽ പുതുനിരയെ വളർത്തേണ്ടതുണ്ട്.
ഇന്ത്യൻ വംശജരുടെ വരവ്?
റയാൻ വില്യംസ് അങ്ങനെ വന്ന താരമാണ്. ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശത്ത് കളിക്കുന്ന ഒരുപാട് പേരുണ്ട്. അവരിൽ പലരേയും നിരീക്ഷിക്കുന്നുണ്ട്. ടീമിന് ഗുണം ചെയ്യുമെന്ന് ഉറപ്പുള്ളവരെ ഉൾപ്പെടുത്തും. സ്ലൊവാനിയയിൽ കളിക്കുന്ന ഇരുപത്തൊന്നുകാരൻ ഗോൾകീപ്പർ സോം കുമാർ ഇത്തവണ ടീമിലുണ്ട്.
പരിശീലകനായ കാലം?
ഒരുവർഷമായി ഇന്ത്യൻ ടീമിന്റെ പരിശീലകനെന്നത് അഭിമാനകരമായ കാര്യമാണ്. അതിൽ സന്തോഷമുണ്ട്. ടീമിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യം. അതിന് ആത്മാർത്ഥമായി ശ്രമിക്കുന്നു.










0 comments