മലേഷ്യയിൽ യുവാവിന്റെ മരണം തട്ടിപ്പിന് ഇരയായെന്ന്; പൊലീസിൽ പരാതി

അനീഷ്
അലുവ
ആലുവ സ്വദേശിയായ യുവാവ് മലേഷ്യയിൽ മരിച്ച സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കുട്ടമശേരി കണ്ണിയാമ്പിള്ളിക്കുന്നത്ത് വീട്ടിൽ അനീഷി (32)നെയാണ് നവംബർ 10ന് മലേഷ്യയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പുത്തൻകുരിശിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ദീപക് എന്ന ഏജന്റ് മുഖേന സിംഗപ്പുരിൽ വെയർഹൗസിൽ ജോലിക്കായി എട്ട് ലക്ഷം രൂപ അനീഷ് നൽകിയിരുന്നു.
ദീപക് നിർദേശിച്ചതുപ്രകാരം ആദ്യം മലേഷ്യയിലെത്തി. മൂന്ന് ദിവസം കഴിഞ്ഞ് സിംഗപ്പുർ സ്വദേശിയായ ഏജന്റ് എത്തി റോഡ്മാർഗം സിംഗപ്പുരിലെത്തിച്ചു. 15 ദിവസം വെയർഹൗസിൽ ജോലി ചെയ്തു. വിസയുമായി ബന്ധപ്പെട്ട് സിംഗപ്പുർ കമ്പനിയിലോ അവിടത്തെ ഏജന്റിനോ വാഗ്ദാനം ചെയ്ത പണം ദീപക് നൽകിയിരുന്നില്ല. രേഖയില്ലാതെ ജോലി ചെയ്താൽ ജയിലിലാകുമെന്നതിനാൽ സംഗപ്പുരിലെ ഏജന്റ് തിരികെ മലേഷ്യയിൽ എത്തിച്ചു.
ദീപക്കുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മുപ്പത് ദിവസം കഴിഞ്ഞാൽ മലേഷ്യയിൽ തങ്ങുന്നത് അനധികൃതമാകും. നാട്ടിൽനിന്ന് പണമെത്തിച്ചാണ് ഇതുവരെ കഴിഞ്ഞിരുന്നത്. വായ്പയെടുത്തും ബന്ധുക്കളുടെ സ്വർണം പണയപ്പെടുത്തിയുമാണ് വിസയ്‌ക്കായി എട്ട് ലക്ഷം രൂപ അനീഷ് കൊടുത്തത്. ഒന്നരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ദീപക് നിരവധിപേരെ വിസയുടെ പേരിൽ കബളിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. മരണം കൊലപാതകമാണോയെന്ന സംശയവും വീട്ടുകാർക്കുണ്ട്. കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.








0 comments