ജില്ലാ സ്കൂൾ കലോത്സവത്തിന് 24ന് തിരിതെളിയും
കൗമാര കലാമാമാങ്കത്തിന് കോലഞ്ചേരി ഒരുങ്ങി


സ്വന്തം ലേഖകൻ
Published on Nov 21, 2026, 02:58 AM | 2 min read
കോലഞ്ചേരി
മുപ്പത്തേഴാമത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കും. 16 വേദികളിൽ 351 ഇനങ്ങളിലായാണ് മത്സരം. രജിസ്ട്രേഷൻ 23ന് പകൽ രണ്ടുമുതൽ 4.30 വരെ നടക്കും. 24ന് രാവിലെ ഒന്പതിന് രചനാമത്സരങ്ങൾ ആരംഭിക്കും. 3.30ന് വിളംബരഘോഷയാത്ര വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് മുന്നിൽനിന്ന് ആരംഭിച്ച് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിൽ സമാപിക്കും.
തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തും. ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ലോഗോ ഒരുക്കിയത് നോർത്ത് പറവൂർ ഗവ. എച്ച്എസ്എസ് വിദ്യാർഥിനി പവിത്ര എം വിമലാണ്. 28ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. മേളയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് സംഘാടകർ അറിയിച്ചു.
സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് മൈതാനത്താണ് മുഖ്യവേദി. സ്പോർട്സ് അക്കാദമി ഹാൾ, മിനി കോൺഫറൻസ് ഹാൾ, കോലഞ്ചേരി പ്രസാദം ഓഡിറ്റോറിയം, സെന്റ് പീറ്റേഴ്സ് ടിടിഐ, സെന്റ് പീറ്റേഴ്സ് ബിഎഡ് കോളേജ്, പൂതൃക്ക കോ–ഓപ്പറേറ്റീവ് സൊസൈറ്റി ഹാൾ, കോലഞ്ചേരി വൈഎംസിഎ, സെന്റ് പോൾസ് പബ്ലിക് സ്കൂൾ, വ്യാപാരഭവൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ, സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ, കടയിരിപ്പ് ഗവ. എച്ച്എസ്എസ്, കടയിരിപ്പ് കമ്യൂണിറ്റി ഹാൾ, സെന്റ് പോൾസ് സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വേദികൾ.
14 ഉപജില്ലകളിൽനിന്നായി 14,500 മത്സരാർഥികൾ പങ്കെടുക്കും. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് കലോത്സവം നടക്കുന്നത്. എല്ലാവർക്കും ഭക്ഷണം നൽകും. സ്റ്റേജ്, പന്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ഗതാഗതസൗകര്യം ഒരുക്കും. വാഹനപാർക്കിങ്ങിന് വിവിധ ഭാഗങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. വി പി സജീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം സുജിത് പോൾ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജോമോൻ ജോസ്, ആർ ആശാലത, ബിനു കുര്യാക്കോസ്, കെ എ നൗഷാദ്, ഹണി ജോൺ തേനുങ്കൽ, ജയമോൾ വി ചാക്കപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments