Deshabhimani

പുതുമയുടെ ഈണവുമായി ‘ഡെക്കാ ട്രീ'

'Decca Tree'

‘ഡെക്കാ ട്രീ' മ്യൂസിക് ബാൻഡ് പരിപാടി അവതരിപ്പിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 21, 2026, 03:03 AM | 1 min read

കൊച്ചി


ശബ്ദതരംഗങ്ങളുടെ സാങ്കേതികതയ്ക്കൊപ്പം സംഗീതത്തിന്റെ മാന്ത്രികതയും ഒത്തുചേർന്നപ്പോൾ പിറവിയെടുക്കുന്നത്‌ പുത്തൻ ഈണങ്ങളുടെ വസന്തം. കേൾവിക്കാരുടെ മനസ്സിലേക്ക് പാശ്ചാത്യ സംഗീതത്തിന്റെ കുളിർമഴ പെയ്യിക്കുന്ന ആലുവ അൽ അമീൻ കോളേജിലെ ‘ഡെക്കാ ട്രീ' മ്യൂസിക് ബാൻഡിന്റെ വിശേഷങ്ങളിലേക്ക്.


ബിവോക്ക് സൗണ്ട് എൻജിനീയറിങ് വിഭാഗത്തിലെ വിദ്യാർഥികൾചേർന്നാണ് ബാൻഡിന് രൂപംനൽകിയത്. വെസ്റ്റേൺ ക്ലാസിക്കൽ സംഗീതത്തിന്റെ സൗന്ദര്യം അതേപടി നിലനിർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്ന ആശയമാണ് ബാൻഡിന്റെ പേരിനുപിന്നിൽ. വിദ്യാർഥികൾതന്നെ വരികളെഴുതി ഈണംപകർന്ന ഗാനങ്ങൾക്കൊപ്പം പഴയ പാട്ടുകളുടെ പുനരാവിഷ്കരണവുമുണ്ട്‌. റാപ്പും റോക്കും ഉൾപ്പെടെയുള്ള സംഗീതശാഖകളിലും ഇവർ പരീക്ഷണങ്ങൾ നടത്തുന്നു. 10 അംഗങ്ങളുള്ള ബാൻഡിൽ ഓരോ അധ്യയനവർഷവും പുതിയ വിദ്യാർഥികൾകൂടി പങ്കാളികളാകും. അവസാനവർഷ വിദ്യാർഥികളായ ആർ അഗ്രജും എൻ സുഹൈറുമാണ് ബാൻഡിന്റെ നേതൃത്വം.


റിഷഭ് മാത്യുവും ആൽറിക് നെൽസണും ഡ്രമ്മേഴ്സും ആൽവിൻ പോൾ ജോസഫും കെ എം അനുരാഗും കീബോർഡിലും വിസ്‌മയം വിളന്പുന്നു. കെ എം അർജുൻ വയലിനിലും കെ ആർ അഭിഷേകും സുബ്ഹാൻ ടി അബൂബക്കറും ഗിറ്റാറിലും മികവ് തെളിയിക്കുന്നു. സ്റ്റെറോം എ ജോണാണ് ബേസിസ്റ്റ്. അധ്യാപകരായ ആർ നന്ദു, ആകാശ് ഫിലിപ്പ്, രമ്യ കെ പ്രഭ എന്നിവരുടെ പിന്തുണയും ബാൻഡിനുണ്ട്. മ്യൂസിക് പ്രൊഡക്ഷൻ, ഡോക്യുമെന്ററി നിർമാണം, കോളേജിന്റെ സ്വന്തം ‘റേഡിയോ മുട്ടായി'യുടെ പ്രവർത്തനങ്ങൾ എന്നിവയിലും ‘ഡെക്കാ ട്രീ’ സജീവമാണ്. മിക്സിങ്, മാസ്റ്ററിങ്, ഫിലിം റീ റെക്കോഡിങ്, സൗണ്ട് ഡിസൈൻ, ഫോളി, ലൈവ് സൗണ്ട്, മ്യൂസിക് പ്രൊഡക്ഷൻ, ഡോക്യുമെന്ററി പ്രൊഡക്ഷൻ, അക്കോസ്റ്റിക്സ് ഡിസൈൻ തുടങ്ങിയ മേഖലകളിലാണ് വിദ്യാർഥികൾ പരിശീലനം നേടുന്നത്. പഠനത്തിന്റെ ഭാഗമായ സാങ്കേതിക അറിവുകൾ സംഗീതാവിഷ്കാരങ്ങളിലും പ്രായോഗികമായി ഉപയോഗിക്കുന്നു. കോളേജ് ആഘോഷങ്ങൾമുതൽ പൊതുവേദികൾവരെ സംഗീതവുമായി ഇവർ സജീവമാണ്. ബാൻഡ് മത്സരങ്ങളിലും പങ്കെടുക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home