ad
Deshabhimani

ജേതാക്കളാകുന്നത് മൂന്നാംതവണ , വിജയഗോൾ നേടിയത് എസ് ഗോകുൽ

മഞ്ഞിൽ വിരിഞ്ഞ പൊന്ന് ; യുവനിരയുടെ കരുത്തിൽ ജയം

kerala team

ചാമ്പ്യൻമാരായതിന് പിന്നാലെ പരിശീലകൻ എം ഷഫീഖ് ഹസനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന കേരള ടീം /ഫോട്ടോ: പി ദിലീപ്കുമാർ

avatar
പ്രദീപ്‌ ഗോപാൽ

Published on Feb 08, 2025, 03:17 AM | 2 min read




ഹൽദ്വാനി

മഞ്ഞണിഞ്ഞ മലനിരകൾ കൺനിറയെ കണ്ടു; പൊൻതിളക്കം. ദേശീയ ഗെയിംസ്‌ ഫുട്‌ബോളിൽ കേരളത്തിന്റെ കൗമാരനിര ചാമ്പ്യൻമാരായിരിക്കുന്നു. എസ്‌ ഗോകുലിന്റെ മനോഹര ഗോളിൽ കേരളം ഗെയിംസിൽ മുദ്ര ചാർത്തി. കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ പത്തുപേരായി ചുരുങ്ങിയിട്ടും കെടാത്ത പോർവീര്യത്തിനാണ്‌ കൈയടി.


സന്തോഷ്‌ ട്രോഫി ടീമിനെ അപ്പാടെ മാറ്റി യുവാക്കളായ ഒരുകൂട്ടം മിടുക്കരെ തെരഞ്ഞെടുത്താണ്‌ കോച്ച്‌ എം ഷഫീഖ്‌ ഹസൻ ദേശീയ ഗെയിംസിന് ഒരുങ്ങിയത്‌. സന്തോഷ്‌ ട്രോഫി ഫൈനലിൽ വീണതിന്റെ നിരാശ കൗമാരപ്പടയുടെ പോരാട്ടത്തിലൂടെ കേരളത്തിന്‌ മറക്കാം.


ഫൈനൽ പോരാട്ടം ആയാസകരമായിരുന്നു. പല നാടുകളിൽനിന്നുള്ള കളിക്കാരെ നിറച്ച്‌ ബലം കൂട്ടിയാണ്‌ ഉത്തരാഖണ്ഡ്‌ ഇറങ്ങിയത്‌. പതിനായിരം പേർക്ക്‌ ഇരിക്കാൻ കഴിയുന്ന ഇന്ദിരാഗാന്ധി സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. അതിലേറെപ്പേർ ഇരിപ്പിടം കിട്ടാതെ മടങ്ങി. കാണികൾ ഒരേ സ്വരത്തിൽ ഉത്തരാഖണ്ഡിനായി ആർപ്പുവിളിച്ചു. മഞ്ഞിറങ്ങിയ സന്ധ്യാസമയം. തണുപ്പിൽ മരവിക്കാതെ കേരളം പന്ത്‌ തട്ടി.


കേരളത്തിന്റെ മുന്നേറ്റമായിരുന്നു ആദ്യം. വലതുവശത്തുനിന്ന്‌ ഒന്നാന്തരമായി തൊടുത്ത ക്രോസ് ഗോൾമുഖത്ത് പി ആദിൽ പാഴാക്കിയപ്പോൾ ഒന്ന്‌ പകച്ചു. ഹെഡർ ക്രോസ് ബാറിനു മുകളിലൂടെയാണ് പറന്നത്. ഇരുവശങ്ങളിൽനിന്നും മനോഹരമായ ക്രോസുകൾ വന്നു. പക്ഷേ, പലപ്പോഴും കണ്ണിചേരാൻ മുന്നേറ്റ നിരയ്ക്കായില്ല. ഉത്തരാഖണ്ഡിന്റെ ലോങ്ബോൾ തന്ത്രത്തിന് പന്തിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു കേരളത്തിന്റെ മറുപടി.


പ്രവീഷ്‌ ബിഷ്‌ടും നിർമൽ സിങ്‌ ബിഷ്‌ടും ഉത്തരാഖണ്ഡിനായി ആഞ്ഞ്‌ ശ്രമിച്ചെങ്കിലും ക്യാപ്‌റ്റൻ അജയ്‌ അലെക്‌സിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം ഉറച്ചുനിന്നു. ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ക്യാപ്‌റ്റൻ ആയുഷിന്റെ ബോക്‌സിന്‌ പുറത്തുനിന്നുള്ള കനത്ത അടി ഗോൾ കീപ്പർ ടി വി അൽകേഷ്‌ രാജ്‌ ഒറ്റക്കൈകൊണ്ട്‌ കുത്തിയകറ്റി.


രണ്ടാംപകുതിയുടെ തുടക്കത്തിൽ ഗോളെത്തി. ഇടതുപാർശ്വത്തിൽ എസ്‌ സന്ദീപിന്റെ മു‌ന്നേറ്റം. ബോക്‌സിലേക്കൊരു ക്രോസ്‌. മുഹമ്മദ്‌ ഷാദിലും ആദിലും ബോക്‌സിൽ. പന്ത്‌ തൊട്ട്‌ ഷാദിൽ ബോക്‌സിൽ വീണു. പന്ത്‌ ആദിലിന്റെ കാലിൽ. ബോക്‌സിന്റെ വലതുഭാഗത്ത്‌ ഗോകുലിനെ കണ്ടു. അളന്നുമുറിച്ച പാസിൽ അതേ കൃത്യതയോടെ ഗോകുൽ അടിതൊടുത്തപ്പോൾ വിരേന്ദ്ര പാണ്ഡെയുടെ കാലുകൾക്കിടയിലൂടെ പന്ത്‌ വലയിൽ കയറി. സ്‌റ്റേഡിയം നിശബ്‌ദം.


തുടർന്നുള്ള ഉത്തരാഖണ്ഡിന്റെ നീക്കങ്ങളെയെല്ലാം അജയും സച്ചിൻ സുനിലും ചേർന്ന് തടഞ്ഞു. 75–-ാംമിനിറ്റിൽ അഭിഷേക്‌ റാവത്തിനെ ബോക്‌സിനുമുന്നിൽ വീഴ്‌ത്തിയതിനായിരുന്നു പ്രതിരോധക്കാരൻ എം സഫ്‌വാന്‌ ചുവപ്പുകാർഡ്‌ കിട്ടിയത്‌. പത്തുപേരായിട്ടും പൊരുതി. ഇതിനിടെ മുന്നേറ്റക്കാരൻ ശൈലേന്ദ്ര സിങ്‌ നേഗിയും ചുവപ്പുകാർഡ്‌ കണ്ടതോടെ ഉത്തരാഖണ്ഡും പത്തുപേരായി ചുരുങ്ങി. അസമിനെ തോൽപ്പിച്ച് ഡൽഹി വെങ്കലം നേടി.


ഷഫീഖിന്‌ മധുരജയം
കളിക്കാരിൽ അമിതസമ്മർദം നൽകാത്ത ശൈലി. വരയ്‌ക്കരികിൽപോലും നിയന്ത്രണം വിട്ടുപോകില്ല. കളിക്കാരിൽ വിശ്വസിച്ചു. പരസ്‌പരവിശ്വാസം കാത്തു. കേരളം ചാമ്പ്യൻമാരായപ്പോൾ എം ഷഫീഖ്‌ ഹസൻ എന്ന കോച്ചിന്റെ ജയം കൂടിയാണിത്‌. ‘നിറഞ്ഞ സന്തോഷം. കാണികൾ ആർപ്പുവിളിച്ചത്‌ ഞങ്ങൾക്കുംകൂടിയാണ്‌’–- മത്സരശേഷം ഷഫീഖ്‌ പറഞ്ഞു.


സൂപ്പർ ലീഗ്‌ കേരള ടീം കണ്ണൂർ വാരിയേഴ്‌സിന്റെ സഹപരിശീലകനാണ്‌ വയനാട്‌ മേപ്പാടി സ്വദേശി. കളത്തിൽ ജില്ലാ ടീമിന്റെ പ്രതിരോധക്കാരനായിരുന്നു. വയനാട്‌ ടീമിന്റെ പരിശീലകനായാണ്‌ മുപ്പത്തൊമ്പതുകാരന്റെ തുടക്കം.


പ്രതിരോധ പാഠം
പ്രതിരോധമായിരുന്നു കേരളത്തിന്റെ കരുത്ത്‌. ഗോൾകീപ്പർ ടി വി അൽകേഷ്‌ രാജാണ്‌ അതിൽ പ്രധാനി. പരിചയസമ്പന്നനായ ക്യാപ്‌റ്റൻ അജയ്‌ അലക്‌സ്‌ പ്രതിരോധം നയിച്ചു. സച്ചിൻ സുനിൽ ഒത്ത പങ്കാളിയായി. ഫൈനലിൽ ചുവപ്പുകാർഡ്‌ കണ്ടെങ്കിലും എം സഫ്‌വാന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഫൈനലിൽ ഗോളിലേക്കുള്ള നീക്കം തുടങ്ങിയത്‌ മറ്റൊരു പ്രതിരോധക്കാരൻ എസ്‌ സന്ദീപ്‌.


കേരള ടീം
അജയ്‌ അലക്‌സ്‌ (ക്യാപ്റ്റൻ), ടി എൻ അഫ്‌നാസ്‌, എസ്‌ ഷിനു, സച്ചിൻ സുനിൽ, സി ജേക്കബ്‌, കെ മഹേഷ്‌, ബിബിൻ ബോബൻ, എസ്‌ ഗോകുൽ, യു ജോതിഷ്‌, എം സഫ്‌വാൻ, സി സൽമാൻ ഫാരിസ്‌, ജിത്തു കെ റോബി, ബേബിൾ സിവേറി, പി ആദിൽ, ബിജേഷ്‌ ബാലൻ, യാഷിം മാലിക്‌, ടി വി അൽഷേ്‌ രാജ്‌, എസ്‌ സെബാസ്‌റ്റ്യൻ, പി പി മുഹമ്മദ്‌ ഷാദിൽ, സി മുഹമ്മദ്‌ ഇക്‌ബാൽ, എസ്‌ സന്ദീപ്‌.

കോച്ച്‌‌: എം ഷഫീഖ്‌ ഹസൻ. സഹപരിശീലകൻ: ഷസിൽ ചന്ദ്രൻ. മാനേജർ: ബി എച്ച്‌ രാജീവ്‌. ഫിസിയോ: യു മുഹമ്മദ്‌ അദീബ്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home