ആദ്യ രണ്ട് കളിയും തോറ്റു , ഗോൾകീപ്പർ സച്ചിൻ സുരേഷ് ഉറപ്പില്ല
print edition ജയം വരുമോ ; ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയിൽ ഇന്ന് ഇന്റർ കാശിയോട്

കേരള ബ്ലാസ്--റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
കൊച്ചി
ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്ന ചൊല്ല് വിശ്വസിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് കളത്തിലേക്ക്. ആദ്യ രണ്ട് മത്സരങ്ങളിലെയും തോൽവിക്കുശേഷം ഐഎസ്‌എൽ ഫുട്‌ബോളിൽ ഇന്ന് ഇന്റർ കാശിയെ നേരിടും. വൈകിട്ട് അഞ്ചിന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയത്തിലാണ് പോരാട്ടം. പിഴവുകള്‍ തിരുത്തി വിജയവഴിയിലെത്തുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകൻ ഡേവിറ്റ് കറ്റാല പറഞ്ഞു.
ആദ്യ കളിയിൽ മോഹൻ ബഗാനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തംതട്ടകത്തിൽ മുംബൈ സിറ്റിയോട് ഒറ്റ ഗോളിന് അടിയറവ് പറഞ്ഞിരുന്നു. വൈകി പരിശീലനം ആരംഭിച്ച സംഘത്തിന് ഇതുവരെയും ഒത്തിണക്കം കണ്ടെത്താനായിട്ടില്ല. വിദേശ താരങ്ങൾക്കും സ്വാഭാവിക മികവിലേക്കുയരാനാവുന്നില്ല. ഇത്തവണ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നാണ് പരിശീലകന്റെ വാഗ്‌ദാനം. ‘മുംബൈക്കെതിരെ തുടരെ ആക്രമണങ്ങള്‍ നടത്തി. ഗോള്‍ നേടാനാകാത്തത് പോരായ്‌മയായി. ആദ്യ 30 മിനിറ്റിലെ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ഇത് മുഴുവന്‍ സമയവും നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ്’’–കറ്റാല അറിയിച്ചു.
പരിക്കിന്റെ പിടിയിലുള്ള ഗോൾകീപ്പർ സച്ചിൻ സുരേഷ് ഇന്ന് കളിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പുതുതായി ടീമിലെത്തിച്ച സ്‌കോടിഷ് മുന്നേറ്റക്കാരൻ ജെയ് ക്വിറ്റേൻഗോ അരങ്ങേറും. രണ്ട് കളിയും തോറ്റ് പട്ടികയിൽ 11–ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.
ലീഗിൽ നവാഗതരായ ഇന്റർ കാശി രണ്ട് സമനിലയുമായാണ് എത്തുന്നത്. കരുത്തരായ എഫ്‌സി ഗോവയെയും ഒഡിഷ എഫ്‌സിയെയും തളച്ചാണ് വരവ്. അന്റോണിയോ ഹബാസ് പരിശീലിപ്പിക്കുന്ന ടീമിൽ മലയാളിയായ കെ പ്രശാന്ത് പ്രധാന താരമാണ്.










0 comments