print edition കളമൊരുങ്ങി ; ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈയോട്

കേരള ബ്ലാസ്--റ്റേഴ്സ് താരങ്ങളായ കെവിൻ യോക്കെയും (ഇടത്ത്) എബിൻദാസ് യേശുദാസും പരിശീലനത്തിൽ
കൊച്ചി
അഭ്യൂഹങ്ങൾക്കൊടുവിൽ ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിൽ ആദ്യ കളിക്കിറങ്ങുന്നു. രാത്രി 7.30ന് കൊച്ചിയിലെ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം. കരുത്തരായ മുംബൈ സിറ്റി എഫ-്‌സിയാണ് എതിരാളി. ഉദ്‌ഘാടന മത്സരത്തിൽ കൊൽക്കത്തയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് ബ്ലാസ്‌റ്റേഴ്‌സ് രണ്ട് ഗോളിന് തോറ്റിരുന്നു.
വാടകത്തുകയുമായി ബന്ധപ്പെട്ട് ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം അനിശ്‌ചിതത്വത്തിലായിരുന്നു. ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗം നിശ്ചയിച്ച കുറഞ്ഞ വാടകത്തുക മത്സരത്തലേന്ന് വൈകിയും ബ്ലാസ്‌റ്റേഴ്‌സ് അടയ്‌ക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. പിന്നാലെ ക്ലബ് അധികൃതരും ജിസിഡിഎയും നടത്തിയ ചർച്ചയിൽ പ്രശ്‌നത്തിന് പരിഹാരമായി. പണമടയ്‌ക്കാൻ ജിസിഡിഎ സമയം അനുവദിച്ചു.
ഒരാഴ്‌ചക്കകം കുടിശിക അടച്ചുതീർക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്. ഒന്പത് മത്സരങ്ങളാണ് കൊച്ചിയിൽ നടക്കേണ്ടത്.
സ്‌റ്റേഡിയം വാടകയിനത്തിൽ 4.20 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം ചേർന്ന ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ സീസണിൽ 8.40 ലക്ഷമായിരുന്നു വാടക. പുതിയ വാടകത്തുക യോഗത്തിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനെ കത്തിലൂടെയും ഫോൺ വിളിച്ചും ജിസിഡിഎയിൽനിന്ന് ഒൗദ്യോഗികമായി അറിയിച്ചിരുന്നു. തുക കുറയ്‌ക്കണമെന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ആവശ്യം. ഇത് അംഗീകരിച്ചില്ല. പിന്നാലെ സ്‌റ്റേഡിയത്തിൽ മത്സരത്തലേന്നുള്ള വാർത്താ സമ്മേളനവും തടസ്സപ്പെട്ടു.
സെക്യൂരിറ്റി തുകയായ ഒരു കോടി രൂപയിൽ 25 ലക്ഷം രൂപ ബ്ലാസ്‌റ്റേഴ്‌സ് ഇനിയും നൽകാനുണ്ട്. അതും നൽകേണ്ടിവരും. പ്രശ്നപരിഹാരത്തിനായി ഇടപെട്ട- മന്ത്രി പി രാജീവ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പി വി ശ്രീനിജൻ എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള എന്നിവർക്ക് ക്ലബ് ഔദ്യോഗികമായി നന്ദി അറിയിച്ചു.
സ്വന്തം തട്ടകത്തിൽ പ്രതീക്ഷയോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ആദ്യ കളിയിൽ ബഗാനെതിരെ തോറ്റെങ്കിലും അവസാന നിമിഷം പുറത്തെടുത്ത പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. വിദേശ താരങ്ങളിൽ കെവിൻ യോക്കെയുടെ നീക്കങ്ങളാണ് ശ്രദ്ധേയം. വിക്ടർ ബെർതോമ്യു പരിക്കുകാരണം ഇറങ്ങുമെന്ന് ഉറപ്പില്ല. മുംബൈ സിറ്റി ആദ്യ കളിയിൽ ചെന്നൈയിൻ എഫ്‌സിയെ ഒരു ഗോളിന് കീഴടക്കിയിരുന്നു.










0 comments