ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിലും കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ഐഎസ്എല്ലിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതിന് പിന്നാലെ, ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ പരസ്യ പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തി. സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ പൂർണ്ണമായും ബഹിഷ്കരിക്കാനാണ് ആരാധകരുടെ തീരുമാനം. മാനേജ്‌മെന്റിന്റെ തുടർച്ചയായ വീഴ്ചകളിലും ആരാധകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിലും പ്രതിഷേധിച്ചാണ് ഈ നീക്കം. ഇതോടെ കൊച്ചിയിലെ ഗാലറികൾ വരും മത്സരങ്ങളിൽ നിശബ്ദമാകും.
ആറ് മത്സരങ്ങളിൽ നിന്ന് വെറും ഒരു പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്താണ് ടീം ഇപ്പോൾ. കളിക്കളത്തിലെ മോശം പ്രകടനത്തിനൊപ്പം സിഇഒ അഭിക് ചാറ്റർജി, സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് എന്നിവർക്കെതിരെയും പ്രതിഷേധം ശക്തമാണ്. ദീർഘവീക്ഷണമില്ലാത്ത നിലപാടുകളും താരങ്ങളുടെ കൂട്ടത്തോടെയുള്ള പടിയിറക്കവുമാണ് ക്ലബ്ബിനെ തകർച്ചയിലേക്ക് നയിച്ചതെന്ന് ആരാധകർ ആരോപിക്കുന്നു.
സീസണിന്റെ പകുതിയിൽ പ്രമുഖ താരങ്ങളായ തിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ്, കോൾഡോ ഒബിയറ്റ തുടങ്ങിയ വിദേശ താരങ്ങൾ ജനുവരിയിൽ ടീം വിട്ടിരുന്നു. മലയാളി താരങ്ങളായ മുഹമ്മദ് ഐമൻ, മുഹമ്മദ് അസ്ഹർ എന്നിവരുടെ വിടവാങ്ങലും ആരാധകർക്ക് വലിയ ആഘാതമായി. പിന്നാലെ ദുസാൻ ലഗേറ്റർ, നോറ ഫെർണാണ്ടസ് എന്നിവരും ടീം വിട്ടതോടെ ബ്ലാസ്റ്റേഴ്‌സിന്റെ കെട്ടുറപ്പ് പൂർണമായും തകർന്നു. പുതുതായി ടീമിലെത്തിയ ഒമർ ബാ ഉൾപ്പെടെയുള്ളവർക്കും തിളങ്ങാനായില്ല. മാനേജ്‌മെന്റിൽ അഴിച്ചുപണി വേണമെന്നും കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ മാനിക്കണമെന്നുമാണ് മഞ്ഞപ്പടയുടെ ആവശ്യം.









0 comments