print edition കണക്കുതെറ്റി കറ്റാല; കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനെ പുറത്താക്കി

ഡേവിഡ് കറ്റാല
കോഴിക്കോട് : ഒടുവിൽ ഡേവിഡ് കറ്റാലയും പുറത്ത്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തുനിന്ന് നിരാശയോടെയാണ് സ്‌പാനിഷുകാരന്റെ മടക്കം. ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ ആറ് കളിയിൽ ഒരു പോയിന്റ് മാത്രമാണ്. അഞ്ച് കളിയും തോറ്റു. ഒരു സമനില. പതിമൂന്നാംസ്ഥാനത്താണ് ടീം. മൂന്ന് ഗോളടിച്ചപ്പോൾ വഴങ്ങിയത് പത്തെണ്ണം. അവസാന കളിയിൽ സ്വന്തം തട്ടകമായ കൊച്ചിയിൽ പഞ്ചാബ് എഫ്‌സിയോട് തോറ്റത് 3‐1ന്.
കൊച്ചിയിൽ നാല് കളിയും തോറ്റത് ബ്ലാസ്‌റ്റേഴ്‌സിന്റെ തകർച്ചയുടെ ആഴമാണ് വ്യക്തമാക്കുന്നത്. 2000നുശേഷം പുറത്താകുന്ന എട്ടാമത്തെ പരിശീലകനാണ് കറ്റാല. ഒരു വർഷത്തെ കരാറിൽ കഴിഞ്ഞ മാർച്ചിലാണ് നാൽപ്പത്തഞ്ചുകാരൻ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. പക്ഷേ, പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങൾ. സ്‌പോൺസർഷിപ്പ് തർക്കത്തിന്റെ പേരിൽ ഐഎസ്‌എൽ അനിശ്‌ചിതത്വത്തിലായതും പ്രധാന കളിക്കാരുടെ കൊഴിഞ്ഞുപോക്കും സാരമായി ബാധിച്ചു.
മുന്നൊരുക്കങ്ങൾ പാളി. അഡ്രിയാൻ ലൂണയും നോഹ സദൂയിയും ഹെസ്യൂസ് ഹിമിനെസും ഉൾപ്പെടെയുള്ള വിദേശ താരങ്ങൾ ലീഗ് വിട്ടു. പകരമെത്തിയ വിദേശ കളിക്കാരെവച്ച് ഭേദപ്പെട്ട പ്രകടനംപോലും നടത്താൻ കറ്റാലയ്‌ക്ക് കഴിഞ്ഞതുമില്ല. രണ്ട് ദിവസത്തിനുള്ളിൽ പുതിയ പരിശീലകനെ കൊണ്ടുവരുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പറയുന്നത്. നിലവിൽ സഹ പരിശീലകൻ ചന്ദ്രശേഖർ റാവു ചിന്റയ്‌ക്കാണ് ചുമതല. രാജ്യാന്തര ഇടവേള കഴിഞ്ഞ അടുത്ത മാസം ആദ്യമാണ് ഇനി മത്സരങ്ങൾ. ഏപ്രിൽ അഞ്ചിന് സ്‌പോർടിങ് ഡൽഹിയുമായാണ് അടുത്ത കളി. പുതിയ സീസണിലെ അനിശ്‌ചിതത്വം എല്ലാ ക്ലബുകളെയെല്ലാം ബാധിച്ചിരുന്നുവെങ്കിലും ലീഗ് പുരോഗമിക്കുംതോറും മാറ്റം വരുന്നുണ്ട്.
പക്ഷേ, ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവാരം പിന്നോട്ടായി. എക്കാലത്തും പിന്തുണയുമായെത്തിയ കാണികളും കൈവിട്ടു. കൊച്ചിയിൽ ഒഴിഞ്ഞ ഇരിപ്പിടങ്ങൾക്ക് മുന്നിൽ പന്ത് തട്ടുന്ന അപൂർവ കാഴ്‌ചയും കണ്ടു. മുംബൈ സിറ്റിയുമായുള്ള കളി കാണാനെത്തിയത് 3567 പേരാണ്. പഞ്ചാബുമായുള്ള കളി കാണാൻ അതിലും കുറവ്–2863. കോച്ചിന്റെ പദ്ധതികൾക്കനുസരിച്ച് കളിക്കാൻ കഴിയുന്ന കളിക്കാരുടെ അഭാവവും തിരിച്ചടിയായി. പ്രത്യേകിച്ചും ബ്ലാസ്‌റ്റേഴ്‌സിൽ വർഷങ്ങളായി പന്ത് തട്ടുന്ന കളിക്കാരുടെ ഈ സീസണിലെ പ്രകടനം ദയനീയമാണ്. പ്രതിരോധത്തിൽ ഒത്തിണക്കമേയില്ല. കളിക്കുമ്പോൾ പ്രതിരോധത്തിലായിരുന്ന കറ്റാല പരിശീലകനായപ്പോൾ ആ പാഠം മറന്നു. പഞ്ചാബിനെതിരെയാണ് പ്രതിരോധത്തിന്റെ ഏറ്റവും മോശം പ്രകടനം കണ്ടത്.
കളിക്കാരുടെ തെരഞ്ഞെടുപ്പിൽ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിന് സർവതും പാളി. വിദേശ താരം ഉമർ ബായെ സീസണിന്റെ തുടക്കത്തിൽതന്നെ തിരിച്ചയക്കേണ്ടിവന്നത് ഇതിന് ഉദാഹരണമാണ്. മുന്നേറ്റത്തിലോ പ്രതിരോധത്തിലോ മികച്ചൊരു കളിക്കാരനില്ല. പ്രധാന ഗോളടിക്കാരനായി സ്‌പെയ്‌നിൽനിന്ന് കൊണ്ടുവന്ന വിക്ടർ ബെർതോമ്യൂ മൂന്ന് കളിയിൽ വിലക്കുമായി പുറത്തിരിപ്പാണ്. സഹതാരങ്ങളുമായി ഒത്തിണക്കം പുലർത്താത്ത കളിക്കാരും ടീമിന്റെ തകർച്ചയുടെ കാരണങ്ങളായി. കെവിൻ യോക്ക്, മർലോൺ റൂസ് ട്രുഹിലോ എന്നിവർക്കൊന്നും കളി മെനയാനാകുന്നില്ല. റുയ്‌വാ ഹോർമിപാം, നവോച്ച സിങ്, സന്ദീപ് സിങ്, ഐബാൻബ ഡോഹ്‌ലിങ് തുടങ്ങിയ പരിചയ സമ്പന്നരായ ഇന്ത്യൻ താരങ്ങളും മോശം പ്രകടനമാണ്. പുതിയ കോച്ച് വന്നാലും, ടീമിൽ അടിമുടി മാറ്റം വന്നാലേ ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയുള്ളൂ.
പകരക്കാരനാകാൻ വെസ്റ്റ്‌വുഡ്
ഡേവിഡ് കറ്റാലയെ പുറത്താക്കിയതിന് പിന്നാലെ പുതിയ പരിശീലകനെ തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗളൂരു എഫ്‌സിയുടെ ചുമതല വഹിച്ച ഇംഗ്ലീഷുകാരൻ ആഷ്‌ലി വെസ്റ്റ്‌വുഡിനായാണ് ശ്രമം. പഞ്ചാബ് എഫ്‌സിയുടെയും കോച്ചായിരുന്നു. ഏറ്റവും ഒടുവിൽ അഫ്‌ഗാനിസ്ഥാൻ, ഹോങ്കോങ് ദേശീയ ടീമുകളുടെ പരിശീലകനുമായി. രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയായതിനാൽ ഏപ്രിൽ മൂന്നിനാണ് ഐഎസ്‌എൽ പുനരാരംഭിക്കുന്നത്. അതിന് മുമ്പ് കോച്ചിനെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. വെസ്റ്റ്‌വുഡിനെ ലഭിച്ചില്ലെങ്കിലാകും മറ്റ് സാധ്യതകൾ പരിഗണിക്കുക.










0 comments