ad
Deshabhimani

print edition മലയാളി ബ്ലാസ്‌റ്റ്‌

kerala blast
വെബ് ഡെസ്ക്

Published on Apr 19, 2026, 12:30 AM | 2 min read

കൊച്ചി: തട്ടകത്തിൽ തലയെടുപ്പോടെ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. രണ്ട്‌ മലയാളി യുവതാരങ്ങളുടെ ഹെഡ്ഡർ ഗോളുകളിൽ ജംഷഡ്‌പുർ എഫ്‌സിയെ 2–0ന്‌ തോൽപ്പിച്ചു. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നിഹാൽ സുധീഷും വിബിൻ മോഹനനുമാണ്‌ ലക്ഷ്യം കണ്ടത്‌. ഐഎസ്‌എൽ ഫുട്‌ബോൾ സീസണിൽ സ്വന്തംതട്ടകത്തിൽ നേടുന്ന ആദ്യജയം കൂടിയാണിത്‌. മാത്രവുമല്ല, മിന്നുംജയം തരംതാഴ്‌ത്തൽ ഭീഷണിയിൽനിന്നുള്ള താൽക്കാലിക ആശ്വാസവുമായി. പത്ത്‌ മത്സരത്തിൽ എട്ട്‌ പോയിന്റുമായി 13ൽനിന്ന്‌ രണ്ടുപടി കയറി 11–ാം സ്ഥാനത്തേക്കുയർന്നു. രണ്ട്‌ വീതം ജയവും സമനിലയും ആറ്‌ തോൽവിയുമാണ്‌.


പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന്‌ കീഴിൽ തകർപ്പൻ പ്രകടനമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ നടത്തുന്നത്‌. നാല്‌ കളിയിൽ രണ്ട്‌ ജയമായി. ഒരു സമനിലയും തോൽവിയും ഇ‍ംഗ്ലീഷുകാരന്റെ പേരിലുണ്ട്‌.


കൊച്ചിയിൽ ആത്മവിശ്വാസത്തോടെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. പ്രതിരോധത്തിൽ മൂന്ന്‌ താരങ്ങളെ മാത്രമായിരുന്നു വെസ്റ്റ്‌വുഡ്‌ നിയോഗിച്ചത്‌. ഫാലു എൻഡിയായെ, ബികാഷ്‌ യുംനം, മുഹമ്മദ്‌ സഹീഫ്‌ എന്നിവരെ അണിനിരത്തി. മധ്യനിരയ്‌ക്കായിരുന്നു അധികചുമതല. അഞ്ച്‌ പേർ കളത്തിലെത്തി. നിഹാൽ, ഫ്രെഡി ലാലംവാമ, ഡാനിഷ്‌ ഫറൂഖ്‌, ഫ്രാഞ്ചു, കരീം ബെനാരിഫ്‌ എന്നിവർ മധ്യനിരയിൽ കളിച്ചു. ഇതിൽ ഫ്രാഞ്ചുവിനും ബെനാരിഫിനും അധികചുമതല നൽകി. പ്രതിരോധിക്കാനും ആക്രമണത്തിനും കൂട്ടുകാരെ സഹായിക്കുക എന്നതായിരുന്നു ഉത്തരവാദിത്തം.


മുന്നേറ്റത്തിൽ മുഹമ്മദ്‌ അജ്‌സലിനൊപ്പം കെവിൻ യോകെയുമായിരുന്നു. ഗോൾകീപ്പറായി അർഷ്‌ അൻവർ ഷെയ്‌ഖ്‌ തുടർന്നു.

12–ാം മിനിറ്റിൽതന്നെ ബ്ലാസ്‌റ്റേഴ്‌സ്‌ ലീഡെടുത്തു. ഇടതുവിങ്ങിൽനിന്ന്‌ കരീമിന്റെ ക്രോസ്‌ നിഹാലിന്റെ തലയിലേക്കായിരുന്നു. ഒന്ന്‌ മറിച്ചിടേണ്ട കാര്യമേ മലയാളി താരത്തിനുണ്ടായിരുന്നുള്ളു. മുന്നിലെത്തിയതിന്റെ ഉ‍ൗർജം ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാരിലുണ്ടായി. അവർ ഒത്തൊരുമയോടെ പന്തുതട്ടി. പ്രതിരോധവും മധ്യനിരയും നന്നായി ഇണങ്ങി. ഇത്‌ ജംഷഡ്‌പുർ നീക്കങ്ങളുടെ മുനയൊടിച്ചു.

26–ാം മിനിറ്റിൽ കരീം പരിക്കേറ്റ്‌ മടങ്ങിയത്‌ തിരിച്ചടിയാകുമെന്ന്‌ തോന്നിച്ചെങ്കിലും പകരമെത്തിയ വിബിൻ അധ്വാനിച്ച്‌ കളിച്ചു. പകരക്കാരനായെത്തി പത്താം മിനിറ്റിൽതന്നെ ഗോളുമടിച്ചു. വലതുവശത്തുനിന്ന്‌ നിഹാലായിരുന്നു തുടക്കമിട്ടത്‌. നിഹാൽ നൽകിയ പാസ്‌ ബോക്‌സിനുള്ളിൽനിന്ന്‌ ഫ്രാഞ്ചുവിന്‌ നൽകി. ഒന്നാന്തരമൊരു ക്രോസ്‌ വിബിൻ വലയിലേക്ക്‌ ഹെഡ്ഡർ ചെയ്‌തിട്ടു.

രണ്ടാംപകുതിയിൽ ജംഷഡ്‌പുർ ഉണർന്നെങ്കിലും മതിയായില്ല. 84–ാം മിനിറ്റിൽ വിക്ടർ ബെർതെമ്യൂവിനെ വീഴ്‌ത്തിയതിന്‌ ക്യാപ്‌റ്റൻ സ്--റ്റീഫൻ ഇസെയ്‌ക്ക്‌ ചുവപ്പ്‌ കാർഡ്‌ കണ്ടതോടെ ജംഷഡ്‌പുർ പത്തുപേരായി ചുരുങ്ങി. അതോടെ തോൽവിയും സമ്മതിച്ചു. 23ന്‌ കൊച്ചിയിൽ ഒഡിഷ എഫ്‌സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.

മുംബെെ സിറ്റിയെ എഫ്സി ഗോവ 2–0ന് തോൽപ്പിച്ചു. മലയാളി താരം മുഹമ്മദ് നെമിൽ ഗോളടിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home