print edition ജയം വേണം ബ്ലാസ്‌റ്റേഴ്‌സിന്; ഇന്ന് ബംഗളൂരുവിനെതിരെ

ബംഗളൂരു : ഏഴ് കളിയിൽ ആറ് തോൽവി, ഒരു സമനില. ഐഎസ്‌എൽ -ഫുട്‌ബോൾ പുതിയ സീസണിൽ ആഴത്തിലുള്ള തകർച്ചയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തരംതാഴ്‌ത്തൽ മേഖലയ്‌ക്ക് ഒരുപടി മാത്രം മുകളിൽ. ആറ് കളിയും തോറ്റ മുഹമ്മദൻസ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് പിന്നിൽ. ഇന്ന് ബംഗളൂരുവിനെതിരെ ഇറങ്ങുന്പോൾ ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല. രാത്രി 7.30ന് ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിലാണ് കളി.
പുതിയ പരിശീലകൻ ആഷ്‌ലി വെസ്‌റ്റ്‌വുഡിന് കീഴിൽ രണ്ടാമത്തെ കളിയാണ് ബ്ലാസ്‌റ്റേഴ്‌സിന്. കഴിഞ്ഞ മത്സരത്തിൽ സ്‌പോർടിങ് ഡൽഹിയോട് രണ്ട് ഗോളിന് തോറ്റു. മറുവശത്ത്, സ്‌പാനിഷുകാരൻ പെപ് മ്യുനോസിന് കീഴിൽ ആദ്യ കളിക്കാണ് ബംഗളൂരു ഇറങ്ങുന്നത്. ഏഴ് കളിയിൽ 14 പോയിന്റുള്ള ബംഗളൂരുവിന് ഇന്ന് ജയിച്ചാൽ രണ്ടാംസ്ഥാനത്തേക്ക് കയറാം.
വെസ്‌റ്റ്‌വുഡ് വന്നിട്ടും കളിയിൽ മാറ്റം വരാത്തത് ബ്ലാസ്‌റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗോളടിക്കുന്നതിലും അവസരമൊരുക്കുന്നതിലും ഏറെ പിന്നിലാണ് ടീം. മൊറോക്കോക്കാരൻ കരിം ബെനാറിഫ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. മധ്യനിരയിൽ കളി മെനയാൻ വിദേശ താരമെത്തുന്നത് ഗുണം ചെയ്യുമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ. വിലക്കുകാരണം പുറത്തുണ്ടായിരുന്ന മുന്നേറ്റക്കാരൻ വിക്ടർ ബെർതെമ്യു തിരിച്ചെത്തും. മലയാളി താരങ്ങളായ മുഹമ്മദ് അജ്‌സലും വിബിൻ മോഹനനും ആദ്യ പതിനൊന്നിൽ ഉൾപ്പെടാനാണ് സാധ്യത. അതേസമയം, ഡൽഹിക്കെതിരെ ചുവപ്പുകാർഡ് കണ്ട് പുറത്തായ പ്രതിരോധക്കാരൻ ഐബൻബ ഡോഹ്‌ലിങ്ങിന് ഇന്ന് ഇറങ്ങാനാകില്ല.
സീസണിൽ ഏഴ് കളിയിൽ മൂന്ന് ഗോൾ മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. 12 എണ്ണം വഴങ്ങി. ഇന്ന് ജയിക്കാനായില്ലെങ്കിൽ തരംതാഴ്‌ത്തൽ ഭീഷണി ശക്തമാകും. മറുവശത്ത്, കരുത്തുറ്റ നിരയാണ് ബംഗളൂരുവിന്. ഒറ്റ കളി മാത്രമാണ് തോറ്റത്. നാലെണ്ണത്തിൽ ജയിച്ചു. സുനിൽ ഛേത്രി മികവ് തുടരുകയാണ്. റയൻ വില്യംസാണ് മറ്റൊരു മുന്നേറ്റക്കാരൻ. മലയാളി താരം ആഷിഖ് കുരുണിയനും ടീമിന് കരുത്ത് പകരുന്നു.










0 comments