ad
Deshabhimani

ഐഎസ്‌എൽ 
ആദ്യ കളിയിൽ ബഗാനോട്‌ , കളി 14ന്‌ കൊൽക്കത്തയിൽ , കൊച്ചിയിൽ ഒന്പത്‌ കളി , ടീമിൽ ഒന്പത്‌ മലയാളികൾ

print edition പുതിയ സീസൺ 
പുതിയ തുടക്കം ; കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒരുങ്ങുന്നു

kerala blasters

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ

avatar
പ്രദീപ്‌ ഗോപാൽ

Published on Feb 10, 2026, 03:58 AM | 2 min read


കോഴിക്കോട്‌

അടവുകൾ മാറ്റി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പുതിയ സീസണിന്‌ ഒരുങ്ങുന്നു. വൈകിയാരംഭിക്കുന്ന ഐഎസ്‌എൽ ഫ-ുട്‌ബോളിൽ ഇക്കുറി പ്രതീക്ഷയോടെയാണ്‌ പന്ത്‌ തട്ടാനൊരുങ്ങുന്നത്‌. 14ന്‌ നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും. കൊൽക്കത്തയാണ്‌ വേദി. സ്വന്തം തട്ടകത്തിലെ മത്സരങ്ങൾ ഇ‍ൗ സീസണിലും കൊച്ചിയിൽതന്നെ നടക്കും. കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ 22ന്‌ മുംബൈ സിറ്റി എഫ്‌സിയുമായാണ്‌ ആദ്യ കളി.


സെപ്‌തംബറിൽ തുടങ്ങേണ്ട ഐഎസ്‌എൽ മത്സരങ്ങൾ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും നടത്തിപ്പുകാരുമായുള്ള കരാർ അവസാനിച്ചതുകാരണം വൈകിയത്‌ ബ്ലാസ്‌റ്റേഴ്‌സിനെയും സാരമായി ബാധിച്ചിരുന്നു. ടീമിലെ ഏറ്റവും മികച്ച മധ്യനിര താരമായിരുന്ന ഉറുഗ്വേക്കാരൻ അഡ്രിയാൻ ലൂണവരെ ക്ലബ്‌ വിട്ടു. പുതിയ സീസണിന്റെ കാര്യത്തിൽ വ്യക്തത വന്നതോടെ ബ്ലാസ്‌റ്റേഴ്‌സ്‌ കരുത്തോടെ കളത്തിലേക്കിറങ്ങി. അഞ്ച്‌ വിദേശ താരങ്ങളെ കൂടാരത്തിലെത്തിച്ചു. സ്‌പെയിനിലേക്ക്‌ മടങ്ങിയ പരിശീലകൻ ഡേവിഡ്‌ കറ്റാല തിരിച്ചെത്തിയതോടെ കൃത്യമായ പരിശീലനം ആരംഭിച്ചു. സീസണിൽ ഒന്പത്‌ കളിക്കാരാണ്‌ പുതുതായെത്തിയത്‌. പതിനെട്ട്‌ വയസ്സുള്ള ഗോളടിക്കാരൻ മകാക്‌മയൂം ഡാനിയേലിനെ വായ്‌പാടിസ്ഥാനത്തിൽ കൊണ്ടുവരും.


പുതിയ സീസണിൽ ടീമിന്‌ ആകെ 13 മത്സരങ്ങളാണ്‌. അതിൽ ഒന്പത്‌ കളികൾ കൊച്ചിയിലാണ്‌. സ്വന്തം തട്ടകത്തിലെ ആനുകൂല്യം മുതലാക്കി മുന്നേറാനാണ്‌ കറ്റാലയുടെ ലക്ഷ്യം. പ്ലേ ഓഫ്‌, ഫൈനൽ മത്സരങ്ങളില്ലാത്തതിനാൽ കൂടുതൽ പോയിന്റ്‌ നേടുന്ന ടീമാണ്‌ ജേതാക്കളാകുക.


ഒ‍ൗമർ ബാ (സെന്റർ ബാക്ക്‌, സെനെഗൽ), വിക്ടർ ബെർതോമ്യു (സ്‌ട്രൈക്കർ, സ്‌പെയ്‌ൻ), മാർലോൺ റൂസ്‌ ത്രുഹിലോ (വിങ്ങർ, ജർമനി), കെവിൻ യോകെ (സ്‌ട്രൈക്കർ, ഫ്രാൻസ്‌), മതിയാസ്‌ ഹെർണാണ്ടസ്‌ (മധ്യനിരക്കാരൻ, സ്‌പെയ്‌ൻ) എന്നിവരാണ്‌ ഇക്കുറി ടീമിലെത്തിയ വിദേശ താരങ്ങൾ. മലയാളി വിങ്ങർ സലാഹുദീൻ അദ്‌നാനെ മോഹൻ ബഗാനിൽനിന്ന്‌ സ്വന്തമാക്കി. റ‍ൗളിൻ ബോർജസ്‌ (മധ്യനിരക്കാരൻ), സുമിത്‌ ശർമ (സെന്റർ ബാക്ക്‌), അർഷ്‌ അൻവർ ഷെയ്‌ഖ്‌ (ഗോൾ കീപ്പർ) എന്നിവരാണ്‌ ടീമിലെത്തിയ മറ്റ്‌ ഇന്ത്യൻ താരങ്ങൾ.


അദ്‌നാൻ ഉൾപ്പെടെ ആകെ ഒന്പത്‌ മലയാളി താരങ്ങളാണ്‌. അസമിൽ നടന്ന സന്തോഷ്‌ ട്രോഫി ഫുട്‌ബോളിൽ കേരളത്തിനായി കൂടുതൽ ഗോളടിച്ച മുഹമ്മദ്‌ അജ്‌സൽ, സൂപ്പർ ലീഗ്‌ കേരളയിൽ മിന്നിയ ജഗനാഥ്‌ ജയൻ, എബിൻദാസ്‌ യേശുദാസൻ എന്നീ അക്കാദമി താരങ്ങൾ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനായി പന്ത്‌ തട്ടും. ഗോൾ കീപ്പർ സച്ചിൻ സുരേഷ്‌, പ്രതിരോധ താരം മുഹമ്മദ്‌ സഹീഫ്‌, മധ്യനിര താരം വിബിൻ മോഹനൻ, മുന്നേറ്റക്കാരായ നിഹാൽ സുധീഷ്‌, എം എസ്‌ ശ്രീകുട്ടൻ എന്നിവരാണ്‌ മറ്റ്‌ മലയാളികൾ.


ലൂണയുടെയും സദൂയിയുടെയും അഭാവം എങ്ങനെ മറികടക്കും എന്നതിന് അനുസരിച്ചാകും സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നോട്ടുപോക്ക്‌. പുതിയ താരങ്ങളിൽ ബെർതോമ്യുവും ജർമൻ യുവ താരം മാർലോസൺ റോസ്‌ ത്രുഹിലോയും മികവുകാട്ടുമെന്നാണ്‌ പ്രതീക്ഷ. പ്രതിരോധത്തിൽ ഒ‍ൗമറാണ്‌ ശ്രദ്ധാകേന്ദ്രം. കോഴിക്കോട്‌ കോർപറേഷൻ ഇ‍എംഎസ്‌ സ്‌റ്റേഡിയത്തിൽ മത്സരങ്ങളുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം കൊച്ചിതന്നെ വേദിയായി മാറുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home