print edition പടവെട്ടി കണ്ണൂർ

സൂപ്പർ ലീഗ് കേരള ഫെെനലിൽ തൃശൂരിനെ കീഴടക്കിയപ്പോൾ കണ്ണൂർ വാരിയേഴ്സ് താരങ്ങളുടെ ആഘോഷം / ഫോട്ടോ: സുമേഷ് കോടിയത്ത്
കണ്ണൂർ
പതിനെട്ടടവും പയറ്റിയാണ് കണ്ണൂരിന്റെ പോരാളികൾ ജയിച്ചുകയറിയത്. കിരീടത്തിലേക്കുള്ള വഴി കഠിനമായിരുന്നു. പരീക്ഷണങ്ങളും വെല്ലുവിളിയും അതിജീവിച്ചാണ് കണ്ണൂർ വാരിയേഴ്‌സ് സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ജേതാക്കളായത്. വീണുപോയാലും തോൽക്കാൻ മനസ്സില്ലെന്ന ദൃഢനിശ്ചയമാണ് അവർക്ക് താങ്ങായത്.
സ്‌പാനിഷ് കോച്ച് മാനുവൽ സാഞ്ചസിനെ നിലനിർത്തി ഇത്തവണ ഒരുങ്ങി തന്നെയാണെന്ന് കണ്ണൂർ ആദ്യമേ വ്യക്തമാക്കിയിരുന്നു. മറ്റൊരു ടീമും കഴിഞ്ഞ സീസണിലെ പരിശീലകനെ നിലനിർത്തിയിരുന്നില്ല. സഹപരിശീലകൻ എം ഷഫീഖ് ഹസനും തുടർന്നു. ഇൗ പരിശീലക ജോഡി കണ്ണൂരിന്റെ കുതിപ്പിൽ നിർണായകമായി.
തുടക്കം പരിക്കായിരുന്നു പ്രതിസന്ധി. മുന്നേറ്റത്തിലെ കുന്തമുനയും ക്യാപ്‌റ്റനുമായ സ്‌പാനിഷുകാരൻ അഡ്രിയാൻ സർഡിനെറോയെ ഭാഗികമായി നഷ്ടമായി. സ്വന്തംതട്ടകത്തിൽ ഒറ്റ കളിയും ജയിക്കാനായില്ല. അഞ്ച് കളിയിൽ മൂന്നിലും തോറ്റു. രണ്ട് സമനിലയും. പ്രതിരോധത്തിലെ വിള്ളലുകളും വിനയായി. ആദ്യ ഒമ്പത് കളിയിൽ 15 ഗോളാണ് വഴങ്ങിയത്. അവസാന റൗണ്ടിലാണ് സെമി ഉറപ്പിച്ചത്. അതും കാലിക്കറ്റ് എഫ്‌സി ജയിച്ചതിന്റെ ആനുകൂല്യത്തിൽ.
തുടർത്തോൽവികളിൽ തളരാതിരുന്ന കണ്ണൂർ ആക്രമണ ഫുട്‌ബോളെന്ന ശൈലി മാറ്റിയില്ല. പതിയെ താളം വീണ്ടെടുത്തു. കളിക്കാർ രീതിയോട് ഇണങ്ങി. ഇൗ സീസണിലെ കണ്ടെത്തലായ ഇരുപത്തൊന്നുകാരൻ വിങ്ങർ മുഹമ്മദ് സിനാൻ രക്ഷകനായി അവതരിച്ചു. പ്രതിരോധത്തിൽ അർജന്റീനക്കാരൻ നികോളാസ് ഡെൽമൊന്റെയുടെയും മനോജിന്റെയും പ്രകടനം നിർണായകമായി. മധ്യനിരയിൽ എം എം അർജുനും കഴിവ് തെളിയിച്ചു. വിദേശികളിൽ അസിയെർ ഗോമസും എർണെസ്‌റ്റെൻ ലാവ്‌സാംബയും കളി നിയന്ത്രിച്ചു.









0 comments