തൃശൂർ മാജിക് എഫ്‌സിയെ ഫൈനലിൽ ഒരു ഗോളിന് തോൽപ്പിച്ചു
print edition ഒറ്റഗോൾ പടക്കളം ; വിജയഗോൾ പെനൽറ്റിയിൽ

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ഫെെനലിൽ തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ച് കിരീടം നേടിയ കണ്ണൂർ വാരിയേഴ്സ് കളിക്കാരുടെ ആഹ്ലാദം/ ഫോട്ടോ: പി ദിലീപ് കുമാർ
അജിൻ ജി രാജ്
Published on Dec 20, 2025, 03:00 AM | 2 min read
കണ്ണൂർ
തൃശൂരിന്റെ മായാജാലത്തിൽ കണ്ണൂരിന്റെ പോരാളികൾക്ക് അടവ് തെറ്റിയില്ല. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചേകവന്മാരെ വെല്ലാൻ വിരുന്നുകാർക്കായില്ല. അവസാന നിമിഷം വരെ ത്രസിപ്പിച്ച ഫൈനലിൽ തൃശൂർ മാജിക് എഫ്സിയെ ഒറ്റ ഗോളിന് തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ് സൂപ്പർ ലീഗ് കേരള ഫുട്ബാൾ ചാമ്പ്യൻമാരായി. പതിനെട്ടാം മിനിറ്റിൽ പെനൽറ്റിയിലൂടെ അസിയെർ ഗോമസാണ് വിജയഗോൾ കുറിച്ചത്. കണ്ണൂരിന്റെ ആദ്യ കിരീടമാണ്. ആദ്യപതിപ്പിൽ കാലിക്കറ്റ് എഫ്സിയായിരുന്നു ജേതാക്കൾ.
സെമിയിൽ ഇറങ്ങിയ സംഘത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് തൃശൂർ എത്തിയത്. മധ്യനിരയിലെ സൂപ്പർ താരം ലെനി റോഡ്രിഗസ് പരിക്കേറ്റ് പുറത്തായത് അവർക്ക് കനത്ത തിരിച്ചടിയായി. പകരം എത്തിയത് എം ഉമാശങ്കർ. മധ്യനിരയിൽ ഫ്രാൻസിസ് അഡൂവിന് പകരം പ്രതിരോധക്കാരൻ അലൻ ജോണിനെയും കോച്ച് ആന്ദ്ര ചെർണിഷോവ് രംഗത്തിറക്കി. ലെനിയുടെ അഭാവത്തിൽ ക്യാപ്റ്റൻ മെയ്ൽസൺ ആൽവസ് ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ വേഷത്തിലാണ് എത്തിയത്. ഇതോടെ തൃശൂർ 4–4–-2 ശെെലിയിലായി. ആതിഥേയരാകട്ടെ പരിക്കേറ്റ വികാസിന് പകരമായി ടി കെ അശ്വിൻ കുമാറിന് അവസരം നൽകി. 4-–3–-3 ശൈലിയാണ് അവലംബിച്ചത്.
കണ്ണൂർ ജവാഹർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ആദ്യപകുതി ആതിഥേയർ മാത്രമായിരുന്നു. സർവ നിയന്ത്രണവുമായി മുന്നേറി. തുടക്കത്തിൽ തന്നെ കണ്ണൂർ ലീഡ് പിടിച്ചു. പതിനാറാം മിനിറ്റിൽ അസിയെർ ഗോമസിന്റെ ഹെഡ്ഡർ ശ്രമം തടഞ്ഞ പ്രതിരോധക്കാരൻ തേജസ് കൃഷ്ണയുടെ ഒറ്റ നിമിഷത്തിലെ പിഴവാണ് തൃശൂരിന്റെ മോഹം തകർത്തത്. പന്ത് പുറത്തേക്ക് അടിക്കുന്നതിനിടെ കൈയിൽ തട്ടി. റഫറി ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് പെനൽറ്റി വിളിച്ചു. കിക്കെടുത്ത സ്‌പാനിഷുകാരൻ അസിയെറിന് കാര്യമായി പണിപ്പെടേണ്ടിവന്നില്ല. കണ്ണൂർ 1, തൃശൂർ 0.
പിന്നാലെ ടി ഷിജിനിന്റെ ശ്രമം തൃശൂർ ഗോളി കെ കമാലുദീൻ തട്ടിയകറ്റി. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് പ്രായശ്‌ചിത്തം ചെയ്യാനുള്ള അവസരം തേജസിന് കിട്ടിയിരുന്നു. എന്നാൽ ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ പന്ത് ബാറിനു മുകളിലേക്ക് അടിച്ചു. ഇടവേളക്ക് പിരിയും മുമ്പ് കണ്ണൂർ പത്ത് പേരായി ചുരുങ്ങി. കെവിൻ ഹാവിയറിനെ അപകടകരമായി വീഴ്‌ത്തിയതിന് സച്ചിൻ സുനിൽ നേരിട്ട് ചുവപ്പ് കാർഡ് കണ്ട് മടങ്ങി.
രണ്ടാംപകുതിയിൽ തൃശൂർ നയം വ്യക്തമാക്കി. പ്രതിരോധക്കാരൻ അലനെ പിൻവലിച്ച് ഇവാൻ മാർക്കോവിച്ചിനെ എത്തിച്ചു. കണ്ണൂർ ഒന്നുകൂടി പ്രതിരോധത്തിലേക്ക് വലിഞ്ഞു. കീൻ ലൂയിസിന് പകരം എസ് സന്ദീപെത്തി. എഴുപതാം മിനിറ്റിൽ മെയ്ൽസൺ ഹെഡ്ഡറിലൂടെ കണ്ണൂർ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ തൃശൂർ ക്യാപ്റ്റന്റെ മറ്റൊരു ഷോട്ട് ബാറിൽ തട്ടി പുറത്തായി. അവസാനഘട്ടം ചൂട് പിടിച്ചെങ്കിലും കണ്ണൂർ പ്രതിരോധം നിയന്ത്രണം വിട്ടില്ല. അതിന്റെ ഫലം അവസാന ചിരി അവരുടേതായി.
സൂപ്പർലീഗിൽ 4.20 ലക്ഷം കാണികൾ
സൂപ്പർ ലീഗ് കേരള ഫുട്ബോൾ രണ്ടാം സീസണിൽ 33 മത്സരങ്ങൾ കാണാൻ എത്തിയത് നാല് ലക്ഷത്തിലേറെ കാണികൾ. കൃത്യം 4, 20,657. ഫൈനലിന് 25,550 പേരെത്തി.
ഗോളടിയിൽ കെന്നഡി
ഗോൾവേട്ടക്കാരനുള്ള സുവർണ പാദുകം മലപ്പുറം എഫ്‌സിയുടെ ബ്രസീൽ മുന്നേറ്റക്കാരൻ ജോൺ കെന്നഡിക്ക്. പത്ത് കളിയിൽ എട്ട് ഗോളടിച്ചു. കാലിക്കറ്റ് എഫ്‌സിയുടെ മുഹമ്മദ് അജ്‌സലാണ് (11 കളിയിൽ 7 ഗോൾ) രണ്ടാമത്.
പുരസ്‌കാരങ്ങൾ
മികച്ച ഗോൾകീപ്പർ : കെ കമാലുദീൻ (തൃശൂർ)
സുവർണ പാദുകം : ജോൺ കെന്നഡി (മലപ്പുറം)
സുവർണ പന്ത്: മുഹമ്മദ് അജ്സൽ (കാലിക്കറ്റ്)
ഭാവിവാഗ്ദാനം: മുഹമ്മദ് സിനാൻ (കണ്ണൂർ)









0 comments