മിന്നൽ പെഡ്രോ ; ചെൽസി ക്ലബ് ഫുട്‌ബോൾ ലോകകപ്പ് ഫെെനലിൽ

ഫ്ലുമിനെൻസെ പ്രതിരോധക്കാരെ മറികടന്ന് ചെൽസിക്കായി ഗോൾ നേടുന്ന ജോയോ പെഡ്രോ (നടുവിൽ)

Sports Desk
Published on Jul 10, 2025, 12:13 AM | 2 min read
ന്യൂജേഴ്‌സി
രണ്ട് മിന്നൽ വെടിയുണ്ടകൾ. കരുത്തും വേഗവും സമാസമം ചേർന്ന ഉശിരൻ ഷോട്ട്. ബാല്യകാല ക്ലബ്ബിനെതിരെ ചെൽസി മുന്നേറ്റക്കാരൻ ജോയോ പെഡ്രോ കരുതിവച്ചത് ഇതായിരുന്നു. ആറ് ദിവസംമുമ്പ് കൂടാരത്തിലെത്തിയ, ടീമിനായുള്ള ആദ്യ പൂർണ മത്സരത്തിൽതന്നെ പെഡ്രോ നയം വ്യക്തമാക്കി. ബ്രൈറ്റണിൽനിന്നാണ് ഇരുപത്തിമൂന്നുകാരൻ ചെൽസിയിൽ എത്തിയത്. ബ്രസീലുകാരന്റെ കരുത്തുറ്റ ഇരട്ടഗോളിൽ ഫ്ലുമിനെൻസിനെ തോൽപ്പിച്ച് ചെൽസി ക്ലബ് ലോകകപ്പ് ഫുട്‌ബോൾ ഫൈനലിലെത്തി (2–-0).
പെഡ്രോയെ കളി പഠിപ്പിച്ചതും മികവുറ്റ ഗോളടിക്കാരനാക്കിയതും ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസെയാണ്. പത്താം വയസ്സുമുതൽ അക്കാദമിയിലുണ്ട്. 2020ൽ പടിയിറങ്ങുമ്പോൾ യൂറോപ്യൻ ക്ലബ്ബുകൾ വരിവരിയായി കാത്തിരിപ്പുണ്ടായിരുന്നു. ഇംഗ്ലണ്ടാണ് പെഡ്രോ തെരഞ്ഞെടുത്തത്. ആദ്യം വാറ്റ്‌ഫോർഡ്. പിന്നീട് രണ്ട് വർഷം ബ്രൈറ്റണിൽ. 58 കളിയിൽ 19 ഗോളടിച്ചു. ശാരീരികക്ഷമതയിലും വേഗത്തിലുമെല്ലാം ഏത് പ്രതിരോധത്തെയും വീഴ്‌ത്താൻ പ്രാപ്‌തിയുള്ള ബ്രസീലുകാരനെ ചെൽസി റാഞ്ചി.
വൈകിപ്പിക്കാതെ കളത്തിലിറക്കുകയും ചെയ്‌തു. പൽമെയ്‌റാസിനെതിരായ ക്വാർട്ടറിൽ പകരക്കാരനായി അരങ്ങേറി. ഫ്ലുമിനെൻസിനെതിരെ ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടു.
പതിനെട്ടാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. ഇടതുവശത്തുനിന്ന് പെഡ്രോ നെറ്റോയുടെ നീക്കം. പോർച്ചുഗീസുകാരൻ എതിർവല ലക്ഷ്യമാക്കി പന്ത് തൊടുത്തു. എന്നാൽ ഫ്ലുമിനെൻസിന്റെ സർവസൈന്യാധിപൻ തിയാഗോ സിൽവ അത് നിർവീര്യമാക്കി.
നാൽപ്പതുകാരൻ തടുത്തിട്ട പന്ത് കിട്ടിയത് ബോക്‌സിന് പുറത്തുനിന്ന പെഡ്രോയ്‌ക്ക്. അമാന്തിച്ചില്ല. വലതുകാൽകൊണ്ട് ആദ്യം പന്തിനെ ഒന്ന് തലോടി. പാകത്തിൽവച്ച് ഒറ്റയടി. അതിവേഗം ഊർന്നിറങ്ങിയ പന്തിനെ നോക്കി വിലപിക്കാനേ ഫ്ലുമിനെൻസ് പ്രതിരോധത്തിന് കഴിഞ്ഞുള്ളു. മുൻ ക്ലബ്ബിനെതിരെ ഗോളാഘോഷിക്കാൻ പെഡ്രോ കൂട്ടാക്കിയില്ല. കൈകൾ മുകളിലോട്ട് പൊന്തിച്ച് സഹതാരങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു.
ഇതിനിടയിൽ ഫ്ലുമിനെൻസെ ഒപ്പമെത്തിയെന്ന് തോന്നിച്ചു. ഹെർകുലെസിന്റെ ഷോട്ട് ഗോൾവരയിൽനിന്ന് ചെൽസി പ്രതിരോധക്കാരൻ മാർക് കുക്കുറെല്ലെ അകറ്റി. പിന്നാലെ ബോക്‌സിൽ ട്രെവോ ചലോബയുടെ കൈയിൽ പന്ത് തട്ടിയതിന് ഫ്ലുമിനെൻസിന് പെനൽറ്റി കിട്ടി. എന്നാൽ ‘വാർ’ പരിശോധനയിൽ ഇത് പിൻവലിച്ചു. മനപൂർവമല്ല പന്ത് തട്ടിയതെന്ന് തെളിഞ്ഞതോടെയാണിത്.
ഇടവേള കഴിഞ്ഞ് പെഡ്രോ ലീഡുയർത്തി. ക്യാപ്‌റ്റൻ എൻസോ ഫെർണാണ്ടസ് നൽകിയ പാസിൽനിന്ന് വലഭേദിച്ചു. സിൽവ ഉൾപ്പെടെ രണ്ട് പ്രതിരോധക്കാർക്കിടയിലൂടെയായിരുന്നു ഗോളിലേക്കുള്ള ഷോട്ട്. കളിയവസാനം മധ്യനിരക്കാരൻ മൊയിസസ് കൈസെദോയ്‌ക്ക് പരിക്കേറ്റത് ജയത്തിനിടയിലും ചെൽസിക്ക് തിരിച്ചടിയായി. കൈസെദോ ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിലാണ്.
സെമിയിൽ മടങ്ങിയെങ്കിലും ടൂർണമെന്റിൽ മികച്ച പ്രകടനമാണ് ഫ്ലുമിനെൻസെ നടത്തിയത്. യുവത്വവും പരിചയസമ്പത്തും അടങ്ങിയ സംഘം സെമിയിലെത്തിയ ഏക യൂറോപ്പ് ഇതര ക്ലബ്ബാണ്. വമ്പൻമാരെ വീഴ്--ത്തിയാണ് അവസാന നാലിലെത്തിയത്.









0 comments